വേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ്മാനന്തവാടി: സംസ്ഥാനത്ത് വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നു നിര്‍ദേശിച്ചുകൊണ്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉത്തരവിറക്കി. മുന്‍വര്‍ഷത്തെ ഉത്തരവ് മറികടന്ന് പല സ്‌കൂളുകളും ക്ലാസ് നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇന്നലെ പുറത്തിറക്കിയത്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയ് മാസം സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതിനു പുറമെ ഈ വര്‍ഷം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വേനലവധി ക്ലാസുകള്‍ നടത്തരുതെന്നു നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ മാസം തന്നെ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സര്‍ക്കുലറുണ്ടായിരുന്നില്ല. നേരത്തെയുള്ള ഉത്തരവ് മറികടന്ന് പല വിദ്യാലയങ്ങളിലും ക്ലാസുകള്‍ നടത്തുന്നതായി തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാലയങ്ങളില്‍ യാതൊരു വിധ ക്ലാസുകളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അതാതു ആര്‍ഡിഡിമാര്‍ പരിശോധന നടത്തണമെന്നും ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികാരികള്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

RELATED STORIES

Share it
Top