വേദിയില്‍ തിളങ്ങി റോജര്‍ എ ഡീക്കിന്‍സ്‌

ലോസ് ആഞ്ചലസ്: ചലച്ചിത്രലോകം കാത്തിരുന്ന  ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍  തിളങ്ങി മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടിയ റോജര്‍ എ ഡീക്കിന്‍സ്. 14 തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയ അദ്ദേഹത്തെ ബ്ലേഡ് റണ്ണര്‍ 2049 എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരദാനം നടന്നത്. 24 വിഭാഗങ്ങളിലായിരുന്നു മല്‍സരം. അതിനിടെ, മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടിന് എന്ന പ്രഖ്യാപനം മുഴങ്ങിയ വേളയില്‍ മെറില്‍ സ്ട്രീപ്പടക്കമുള്ള നാല്‍വര്‍സംഘം ആലിംഗനബദ്ധരായി ആഹ്ലാദം പങ്കിടുന്ന  കാഴ്ചയും ഇത്തവണ വേദിയിലുണ്ടായി
മികച്ച സഹനടനുള്ള പുരസ്‌കാരം സാം റോക്ക്‌വെല്‍ നേടി. ത്രീ ബില്‍ബോര്‍ഡ്‌സ് എന്ന സിനിമയിലെ അഭിനയമാണ് റോക്ക്‌വെല്ലിനെ ഓസ്‌കറിന് അര്‍ഹനാക്കിയത്. മികച്ച ശബ്ദമിശ്രണത്തിനും ശബ്ദവിന്യാസത്തിനുമുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഡണ്‍കിര്‍ക്ക് സ്വന്തമാക്കി. റിച്ചാര്‍ഡ് കിങ്, അലക്‌സ് ഗിബ്‌സണ്‍ എന്നിവരാണ് ശബ്ദവിന്യാസം ചെയ്തിരിക്കുന്നത്. ഗ്രെഗ് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വൈന്‍ഗാര്‍ട്ടന്‍ എന്നിവരാണ് ഡണ്‍കിര്‍ക്കിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരം ഡണ്‍കിര്‍ക്കിലൂടെ ലീ സ്മിത്ത് സ്വന്തമാക്കി.
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ആയി ഇക്കാരസ് തിരഞ്ഞെടുത്തു. മികച്ച വസ്ത്രാലങ്കാരം മാര്‍ക്ക് ബ്രിഡ്ജസ്- ചിത്രം ഫാന്റം ത്രെഡ്. മികച്ച ചമയം, കേശാലങ്കാരം ഡാര്‍ക്കസ്റ്റ് അവര്‍. സെബാസ്റ്റ്യന്‍ ലെലിയോ സംവിധാനം ചെയ്ത എ ഫന്റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശഭാഷാ ചിത്രം. കാമുകന്റെ മരണശേഷം സമൂഹത്തില്‍ വിവേചനം നേരിടേണ്ടിവരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഗായികയുടെ കഥയാണ് ചിത്രം പറയുന്നത്.
മികച്ച സഹനടിയായി ആലിസണ്‍ ജാന്നിയെ തിരഞ്ഞെടുത്തു- ചിത്രം ഐ ടോണിയ. മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ് ബ്ലേഡ് റണ്ണര്‍ 2049. ജോണ്‍ നെല്‍സണ്‍, ഗെര്‍ഡ് നെഫ്‌സര്‍, പോ ള്‍ ലാംബര്‍ട്ട്, റിച്ചാര്‍ഡ് ആ ര്‍ ഹൂവര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലൂ ഉന്‍ക്രിച്ച് സംവിധാനം ചെയ്ത കോക്കോ എന്ന ചിത്രമാണ് മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
ചെറുവിഷയത്തിലെ മികച്ച ഡോക്യുമെന്ററി ആയി ഹെവണ്‍ ഈസ് എ ട്രാഫിക് ജാം ഓണ്‍ ദി 405 തിരഞ്ഞെടുത്തു. ഫ്രാങ്ക് സ്റ്റീഫന്‍ ആണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. മികച്ച ഹ്രസ്വചിത്രം ദ സൈലന്റ്, ഒരുക്കിയത് ക്രിസ് ഓവര്‍ടണ്‍, റേച്ചല്‍ ഷെന്റോണ്‍ എന്നിവര്‍. മികച്ച തിരക്കഥ ഗെറ്റ് ഔട്ട് (ജോര്‍ദന്‍ പീലെ). മികച്ച അവലംബിത തിരക്കഥ ജെയിംസ് ഐവറി- ചിത്രം കോള്‍ മി ബൈ മൈ നെയിം.ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്റ്റയിലും തിളങ്ങിയ ത്രീ ബി ല്‍ബോര്‍ഡ്‌സ്, ഔട്ട്‌സൈഡ് എബ്ബിങ്, മിസൂറി, ഷെയ്പ് ഓ ഫ് വാട്ടര്‍, ലേഡി ബേഡ്, ഡാര്‍ക്കസ്റ്റ് അവര്‍ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു പ്രേക്ഷകപ്രതീക്ഷ.
കഴിഞ്ഞ തവണത്തെപ്പോലെ അവതാരകരില്‍ സൂപ്പര്‍താരമായ ജിമ്മി കിമ്മല്‍ ഇക്കുറിയും ഓസ്‌കര്‍ നിശയുടെ അവതാരകനായിരുന്നു. ഇക്കുറി മികച്ച നടിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ തവണത്തെ മികച്ച നടനായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ കാസെ അഫ്‌ലെക്ക് ലൈംഗികാരോപണത്തില്‍ കുടുങ്ങിയതിനാലാണിത്.
ഓസ്‌കറിന്റെ ചരിത്രത്തി ല്‍ ആദ്യമായി  ട്രാന്‍സ്‌ജെന്‍ഡര്‍ സമ്മാനദാനം നിര്‍വഹിച്ചു. ചിലിയന്‍ ചിത്രം ഫന്റാസ്റ്റിക് വുമണിലെ താരമായിരുന്ന ഡാനിയേല വേഗയായിരുന്നു പുരസ്‌കാരം സമ്മാനിക്കാനെത്തിയത്.

RELATED STORIES

Share it
Top