വേതന വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത്അരൂര്‍: സമുദ്രോല്‍പ്പന്ന സംസ്‌കരണ രംഗത്തെ തൊഴിലാളികള്‍ക്ക് വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് അരൂര്‍ മണ്ഡലത്തിലാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഉള്ളത്. ഈ ഇനത്തില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്നതും അരൂര്‍ മണ്ഡലമാണ്.അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍, അരൂക്കുറ്റി തുടങ്ങിയ പഞ്ചായത്തുകളില്‍ നൂറുകണക്കിന് സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളുള്‍പ്പടെ ആയിരക്കണക്കിന് തൊഴിലളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. സംസ്ഥാനത്ത് കൊല്ലത്തും ആലപ്പുഴയിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം 450 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ അരൂര്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 300 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് നല്‍കിയ നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ അവഗണിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്ക് സമരം നടത്തുകയും വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളെത്തുടര്‍ന്ന് ഉടമകള്‍ കൂലി വര്‍ധനവിന് മൗനാനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ വേതനം വര്‍ധിപ്പിക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. സാധാരണ മറ്റ് തൊഴില്‍ രംഗങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം വിവിധ തൊഴില്‍ രംഗങ്ങളിലായി ആയിരവും അതിനടുത്ത തുകയും ലഭിക്കുമ്പോള്‍ തണുത്ത അന്തരീക്ഷത്തിലും വൃത്തിഹീനമായ ചുറ്റുപാടിലും തൊഴിലെടുക്കുന്ന തങ്ങള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നും രോഗിയായി മാറുന്ന തങ്ങളെ ഉടമകള്‍ തിരിഞ്ഞുനോക്കാറില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.സീഫുഡ് വര്‍ക്കേഴ്‌സിന് ആരോഗ്യ സംരക്ഷണ പദ്ധതിയും ഇഎസ്‌ഐ ആനുകൂല്യങ്ങളും നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും അത് ലഭ്യമാക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. തൊഴില്‍ രംഗത്തെ അതി രൂക്ഷമായ ചൂഷണത്തെത്തുടര്‍ന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വദേശികളായ തൊഴിലാളികളില്‍ ഭൂരിഭാഗവും തൊഴില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ ഈ രംഗത്ത് കടന്നുകയറ്റം നടത്തുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതിന് തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും തയ്യാറാവുമ്പോള്‍ സ്വദേശികളായ തൊഴിലാളികളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാവുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തൊഴിലാളികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിയിച്ച് സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കയറ്റുമതി മേഖല സ്തംഭികുകയും സര്‍ക്കാര്‍ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായില്ല. അധികൃതരുടെ ഇത്തരം നിഷേധാത്മകമായ നിലപാടുകള്‍ തൊഴിലാളികളെ വീണ്ടും വലിയ സമരങ്ങളിലേക്ക് തള്ളിവിടുവാനേ ഉപകരിക്കൂവെന്നും അതൊഴിവാക്കാനും കേരളത്തിനു വന്‍ വിദേശ നാണ്യം നേടിത്തരുന്ന സമുദ്രോല്‍പ്പന്ന സംസ്‌കരണ മേഖലയെ സംരക്ഷിക്കാനുമുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും തൊഴിലാളി നേതൃത്വം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top