വേണം, സമൂലമായ മാറ്റം

ടികെ ആറ്റക്കോയ/ഹൃദയതേജസ്‌

ജാതി, മത, ലിംഗ വിവേചനങ്ങള്‍ക്കതീതമായി എല്ലാ വിഭാഗങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പുനല്‍കുന്നുണ്ട് ജനായത്ത വ്യവസ്ഥ. ഇന്ത്യയില്‍, ജനാധിപത്യത്തിനു നിരക്കാത്ത രീതിയില്‍ ചെറിയ ഒരു വരേണ്യവര്‍ഗം അധികാരം തങ്ങളുടെ കൈകളിലൊതുക്കുന്നു എന്ന ആക്ഷേപം സ്വാതന്ത്ര്യാനന്തരം ഉന്നയിച്ചിരുന്നു. സമ്മതിദായകരുടെ എണ്ണം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പദവി ഇന്ത്യ നിലനിര്‍ത്തിയപ്പോഴും ഗുണപരമായി അത്തരമൊരവസ്ഥ നേടാന്‍ ഇന്ത്യക്ക് കാലങ്ങളോളം കഴിഞ്ഞില്ല. ബ്രിട്ടന്റെ കോളനിയായിരുന്നപ്പോള്‍ ഇന്ത്യയില്‍ വരുമാനത്തെയും വിദ്യാഭ്യാസത്തെയും മാനദണ്ഡമാക്കി ചെറിയ അധികാരങ്ങളോടുകൂടിയ ഭരണസഭകള്‍ നിലനിന്നിരുന്നു.

സമ്പന്നവിഭാഗത്തിനും ജാതിവ്യവസ്ഥയില്‍ മേല്‍തട്ടില്‍ കഴിയുന്നവര്‍ക്കും മാത്രം പങ്കാളിത്തമുള്ള സഭകള്‍. സ്വാതന്ത്ര്യത്തെ തുടര്‍ന്നുള്ള ദശകങ്ങളില്‍ അതുതന്നെ നിലനിന്നു. പൊതുതിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലുള്ള ഇന്ത്യയുടെ ശേഷിയും കഴിവും പ്രശംസിക്കപ്പെട്ടപ്പോഴും അതുകൊണ്ടുദ്ദേശിക്കപ്പെട്ട നേട്ടങ്ങളുടെ അഭാവത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടു. ജനങ്ങളുടെ വോട്ട് വേണമായിരുന്നെങ്കിലും രാജ്യത്തിന്റെ ഭാഗധേയത്തില്‍, തീരുമാനം കൈകൊള്ളുന്നതില്‍ അവരുടെ പങ്കില്ലായിരുന്നു. പ്രജായത്തത്തില്‍ വോട്ടര്‍മാരാണ് യജമാനന്മാര്‍. ജനഹിതം മാനിക്കുന്നവര്‍ക്കേ ജനവിധി അവകാശപ്പെടാനര്‍ഹതയുള്ളൂ. ബഹുജനകക്ഷികള്‍ സമ്മതിദായകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ പൊതുവെ നിസ്സംഗത പുലര്‍ത്തി.

ആരു ജയിച്ചാലും തോല്‍ക്കുന്നത് തങ്ങളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. വോട്ട് ചെയ്ത് വോട്ട് ചെയ്ത് ഓട്ടക്കലമായി നമ്മള്‍ എന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ വരികള്‍ ജനങ്ങളുടെ ഈ നിസ്സഹായതയെയാണ് പ്രതിഫലിപ്പിച്ചത്.ഓരോ ഗ്രാമവും സമ്പല്‍സമൃദ്ധമാവണം. കൃഷി വേണം. ജലസേചനസൗകര്യങ്ങള്‍ വേണം. ഗതാഗതസംവിധാനങ്ങള്‍ വേണം. ചെറുകിട വ്യവസായങ്ങള്‍ വേണം. ആരോഗ്യസ്ഥാപനങ്ങള്‍ വേണം-ഇങ്ങനെ ഓരോ ഗ്രാമവും ശ്രേയസ്‌കരമാവണമെങ്കില്‍ അവയ്ക്കധികാരവും വേണം. അങ്ങനെയാണ് ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയാത്ത അതിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താനും തിരഞ്ഞെടുക്കാനും അധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങളുണ്ടായത്. അതിന്റെ ഫലമായി പഞ്ചായത്തീരാജ് സംവിധാനം രൂപം കൊണ്ടു.

പഞ്ചായത്തീരാജ് ജനാധിപത്യത്തിന്റെ ഉള്‍ക്കരുത്തിനെയും ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും സ്വയംഭരണത്തെയും പ്രഖ്യാപിക്കുന്നു. രാഷ്ട്രീയമായ ഇച്ഛാശക്തിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ പിന്തുണയും ഗ്രാമസഭകളുടെ വിജയകരമായ നടത്തിപ്പില്‍ പ്രധാന പങ്കു വഹിക്കുന്നു. ഫണ്ടിന്റെ അഭാവം, ഫണ്ടുകളുടെ തിരിമറി, അഴിമതി, ഉദ്യോഗസ്ഥവിഭാഗത്തിന്റെ അലംഭാവം എന്നിവ പഞ്ചായത്തീരാജിന് വെല്ലുവിളിയുയര്‍ത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റിയിലെ പ്രഭാത് ദത്ത പറഞ്ഞു: ''പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓടുന്ന ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ യന്ത്രം തകരാറിലായിരിക്കുന്നു. പുതിയൊരു രാഷ്ട്രീയ നിരയാണ് അനിവാര്യമായിട്ടുള്ളത്. ചില നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും പഞ്ചായത്തീരാജിന് വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. രാഷ്ട്രീയമായ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം പ്രാദേശികതലത്തില്‍നിന്നുയര്‍ന്നു വരുന്നില്ല. പഞ്ചായത്തീരാജിനെകുറിച്ച ഭരണഘടനയുടെ സങ്കല്‍പത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ധാരണയില്ല. ഈ പ്രക്രിയയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പക്ഷേ, അധികാരമോഹികളായ രാഷ്ട്രീയക്കാര്‍ എന്തെങ്കിലും ചെയ്യുന്നതായി കാണുന്നില്ല.'''

പുതിയ നേതൃത്വം ഉയര്‍ന്നുവരണം. ഭരണനേതൃത്വം അഴിമതിയിലകപ്പെടുമ്പോള്‍ ഭരണഘടന എത്ര മേന്മയുള്ളതാവട്ടെ അത് പ്രയോജനരഹിതമാവും. എസ് രാധാകൃഷ്ണന്‍ പറഞ്ഞതിങ്ങനെ: ''ജനങ്ങളുടെ വിശ്വാസത്തിനും താല്‍പര്യത്തിനുമനുസരിച്ച് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കഴിവില്ലാതെ പൊതുജനങ്ങള്‍ ചട്ടുകങ്ങളായിത്തീരുമ്പോള്‍ ഭരണഘടന ചക്രശ്വാസം വലിക്കുന്നു.' വിമര്‍ശകരായും നിരീക്ഷകരായും കാലം കഴിക്കാതെ ദുരാഗ്രഹികളും അധികാരമോഹികളുമായവരെ ഭരണകേന്ദ്രങ്ങളില്‍നിന്ന് താഴെയിറക്കുകയും കാപട്യമില്ലാത്ത, കള്ളത്തരങ്ങളില്ലാത്ത നല്ല മനുഷ്യന്മാരെ തദ്സ്ഥാനങ്ങളില്‍ സ്ഥാപിക്കുകയുമാണ് രാഷ്ട്രീയപ്രബുദ്ധതയുള്ളവരുടെ ദൗത്യം. അടിത്തട്ടില്‍നിന്നു തുടങ്ങുന്ന സമൂലമായ രാഷ്ട്രീയമാറ്റത്തിന് വേണ്ടിയാവട്ടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നമ്മുടെ ശ്രമങ്ങള്‍.''

RELATED STORIES

Share it
Top