വേണം വീണ്ടും ജനകീയാസൂത്രണം

മാധവ് ഗാഡ്ഗില്‍

കേരളത്തിനു വെള്ളപ്പൊക്കം കൊണ്ടുണ്ടായ നഷ്ടം 26,000 കോടി രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍, അതിനു പുറമേ കണക്കില്‍ പെടാത്ത വളരെയധികം നഷ്ടം പ്രകൃതിക്കും മനുഷ്യര്‍ക്കും സമൂഹത്തിനും സംഭവിച്ചിട്ടുണ്ട്. പ്രകൃതിയുടെയും സമൂഹത്തിന്റെയും മനുഷ്യരുടെയും സ്വാഭാവിക മൂലധനം നഷ്ടപ്പെട്ടുപോവുന്നതിനെ അവഗണിച്ചുകൊണ്ട് വനമേഖലയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കിയും തണ്ണീര്‍ത്തടങ്ങളും പുഴകളും കൈയേറിയും കരിങ്കല്‍ മടകള്‍ പണിതും മറ്റും യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ പുതുതായി മനുഷ്യ നിര്‍മിത മൂലധന നിക്ഷേപം ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശ്‌നം ഗുരുതരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യം ദുരിതാശ്വാസവും പുനരധിവാസവുമാണ്. അതോടൊപ്പം തന്നെ ദുരന്തത്തിന്റെ മൂലകാരണങ്ങള്‍ തിരിച്ചറിയുക എന്നതും നിര്‍ണായകമാണ്. ദുരന്തത്തിന്റെ മൂലകാരണങ്ങള്‍ കുടികൊള്ളുന്നത് പശ്ചിമഘട്ടത്തിലാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അവ നിലനില്‍ക്കുന്നു. പ്രകൃതിയുടെ മൂലധനം സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ലംഘിക്കുന്നു എന്നതാണ് ഒന്നാമത്തെ കാരണം. അനുവദനീയമായതിലേറെയുള്ള ഖനനം ജലവിഭവങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും ഗുരുതരമായി പരിക്കേല്‍പിച്ചു എന്നതായിരുന്നു ഗോവയിലെ നിയമവിരുദ്ധമായ ഖനനത്തെപ്പറ്റി അന്വേഷിച്ച കമ്മീഷന്റെ നിഗമനം.
ആരോഗ്യം, തൊഴില്‍ എന്നീ കാര്യങ്ങളിലുള്ള മനുഷ്യമൂലധനത്തില്‍ ഉണ്ടാവുന്ന ഗുരുതരമായ ചോര്‍ച്ചയെ നാം അവഗണിക്കുന്നു എന്നത് രണ്ടാമത്തെ കാരണമാണ്. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോല ഫാക്ടറി വരുത്തിവച്ച ജലവിഭവത്തിന്റെ അമിതോപയോഗവും മലിനീകരണവും 160 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ശാസ്ത്രീയമായ അറിവുകളും ഉപദേശങ്ങളും നിരന്തരം അവഗണിക്കപ്പെട്ടു എന്നത് മൂന്നാമത്തെ കാര്യം. ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെപ്പറ്റി പറയുന്നേടത്തെല്ലാം ജലലഭ്യത പെരുപ്പിച്ചുകാട്ടിയതായാണ് വിശകലനങ്ങള്‍ കാണിച്ചുതരുന്നത്. നിര്‍മാണപ്രവൃത്തികള്‍ക്കും പദ്ധതിയുടെ നടത്തിപ്പിനും വേണ്ടി ചെലവാക്കുന്ന പണം ഒരുനിലയ്ക്കും വൈദ്യുതി ഉല്‍പാദനത്തില്‍ നിന്നു തിരിച്ചുകിട്ടുന്നില്ല.
നാലാമത്തേത്, സമൂഹത്തിന്റെ മൂലധനം ഗുരുതരമാംവണ്ണം ചോര്‍ന്നുപോകുന്നു എന്നതാണ്. ഒരുദാഹരണം പറയാം: ക്വാറിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി സമാധാനപരമായി നടന്ന ഒരു പ്രകടനത്തില്‍ ഏര്‍പ്പെട്ട അനൂപ് എന്ന ആക്ടിവിസ്റ്റിനെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കൈവേലിയില്‍ വച്ച് 2014 ഡിസംബര്‍ 16നു ക്വാറിയുടമകളുടെ ആളുകള്‍ എറിഞ്ഞുകൊന്നു. അത് സമൂഹ മൂലധനത്തില്‍ ഉണ്ടായ നഷ്ടമാണ്.
മനുഷ്യനിര്‍മിത മൂലധനത്തില്‍ മാത്രം ശ്രദ്ധയൂന്നിയാല്‍ പോരാ നാം. മനുഷ്യനിര്‍മിതവും പ്രകൃതിയിലുള്ളതും മാനവികവും സാമൂഹികവുമായ മൂലധനം നാം വര്‍ധിപ്പിക്കണം. പ്രാദേശിക സമൂഹങ്ങള്‍ക്ക് ആവാസവ്യവസ്ഥയുടെ ആരോഗ്യനില സംരക്ഷിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിലും തികഞ്ഞ ഉത്തവാദിത്തമുണ്ട്. അത് അവരെയാണ് ബാധിക്കുക.
അഴിമതി നിറഞ്ഞ ബ്യൂറോക്രസി നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കുന്ന നടപടികള്‍ വഴി പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്ന നിഷേധാത്മക രീതിയാണ് ഇപ്പോഴുള്ളത്. അതു മാറി എല്ലാ പൗരന്‍മാരും ക്രിയാത്മകമായി ഇടപെടുന്ന രീതിയിലാവണം പ്രകൃതി സംരക്ഷണം. ഇങ്ങനെ ഇടപെടുന്ന വ്യക്തികള്‍ക്ക് അതുമൂലം നേട്ടങ്ങള്‍ കിട്ടുകയും വേണം. പശ്ചിമഘട്ട പാനല്‍ അത്തരം ചില നേട്ടങ്ങളും നിര്‍ദേശിക്കുന്നു. ഉദാഹരണത്തിന്, സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിലൂടെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നവര്‍ക്ക് പ്രസ്തുത സേവനത്തിന് പണം നല്‍കുന്നു. ജൈവകൃഷി വഴി മണ്ണിനു ഫലപുഷ്ടി വര്‍ധിപ്പിക്കുന്നവര്‍ക്കും ആനുകൂല്യങ്ങളുണ്ട്.
ജനങ്ങളെ പുറന്തള്ളിക്കൊണ്ടുള്ള വികസന നയങ്ങള്‍ മേലാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിക്കൊണ്ടുള്ള പുതിയൊരു അധ്യായം കേരള സര്‍ക്കാര്‍ തുടങ്ങിവയ്ക്കണം. അതായത്, ഏതു തരം വികസനവും പ്രകൃതി സംരക്ഷണ നടപടികളുമാണ് തങ്ങള്‍ക്ക് ആവശ്യമെന്നു നിശ്ചയിക്കാനുള്ള പ്രാദേശിക സമൂഹങ്ങളുടെ അവകാശത്തെ ഗവണ്‍മെന്റ് ആദരിക്കണം. ഇതു സാധിക്കുന്നതിനു ഗവണ്‍മെന്റ് ചെയ്യേണ്ടത് ഭരണഘടനയുടെ 73ഉം 74ഉം ഭേദഗതികള്‍ നടപ്പില്‍വരുത്തുകയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വാര്‍ഡ്-ഗ്രാമപഞ്ചായത്ത്-നഗരതലങ്ങളില്‍ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ചുള്ള റിപോര്‍ട്ട് തയ്യാറാക്കുന്നതിനു വേണ്ടി ശാക്തീകരിക്കുകയും ഈ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം എങ്ങനെ ചെലവഴിക്കണമെന്നു തീരുമാനിക്കുകയും വേണം. ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൈവവൈവിധ്യ കൈകാര്യകര്‍തൃ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഓരോ പ്രദേശത്തെയും പാരിസ്ഥിതിക വ്യവസ്ഥയുടെയും ജൈവവൈവിധ്യ വിഭവങ്ങളുടെയും അവസ്ഥയെപ്പറ്റിയുള്ള രേഖാ നിര്‍മാണത്തിനു വേണ്ടി അവയെ ശാക്തീകരിക്കുകയും ഈ വിഭവങ്ങളുടെ ഉപയോഗം ക്രമീകരിക്കുകയും വേണം. ജൈവവൈവിധ്യ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് അതിനുള്ള ചാര്‍ജ് വസൂലാക്കാനും നാട്ടറിവുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ബൗദ്ധിക സ്വത്തവകാശം നിര്‍ണയിക്കാനും ഈ കമ്മിറ്റികള്‍ക്ക് അധികാരം നല്‍കണം. ഈ ജൈവവൈവിധ്യ കൈകാര്യ സമിതികള്‍ക്ക് പാരിസ്ഥിതിക ആഘാതങ്ങള്‍ വിലയിരുത്തുന്നതില്‍ കേന്ദ്രസ്ഥാനം നല്‍കുകയാണ് പ്രത്യേകമായി വേണ്ടത്.
വനാവകാശ നിയമം സമ്പൂര്‍ണമായി നടപ്പില്‍ വരുത്തണം. ആദിവാസികള്‍ക്കു മാത്രമല്ല, കാട്ടില്‍ പരമ്പരാഗതമായി താമസിക്കുന്ന എല്ലാവര്‍ക്കും മരത്തടി ഒഴികെയുള്ള എല്ലാ വനവിഭവങ്ങളുടെ വിനിയോഗത്തിനും വിപണനത്തിനും നിയന്ത്രണത്തിനും അവകാശം ഉറപ്പാക്കണം. പരിസ്ഥിതിയുമായും വികസനവുമായും ബന്ധപ്പെട്ട ഒരു വിവരവും മറച്ചുവയ്ക്കുകയോ തെറ്റായ രീതിയില്‍ നല്‍കുകയോ ചെയ്യരുത്.
വിവരാവകാശ നിയമത്തില്‍ പറയുന്ന തരത്തില്‍ വിവരങ്ങള്‍ സ്വയം വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടുത്തണം. പാരിസ്ഥിതിക നിലയെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍, ജൈവവൈവിധ്യ ജനകീയ രജിസ്റ്ററുകള്‍, നാട്ടുകാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വനപരിപാലന പദ്ധതികള്‍, വിദ്യാര്‍ഥികളുടെ പാരിസ്ഥിതിക വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയെക്കുറിച്ചെല്ലാം സുതാര്യവും ജനകീയവുമായ വിവരാടിത്തറ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കേണ്ടതുണ്ട്.
ഈ വിവരങ്ങള്‍ക്കൊപ്പം ഗാഡ്ഗില്‍ കമ്മീഷന്‍, കസ്തൂരി രംഗന്‍ കമ്മിറ്റി, ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി എന്നിവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കാര്യങ്ങള്‍ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പാരിസ്ഥിതിക ഭീഷണികള്‍ എത്രത്തോളമുണ്ട് എന്നതിനെപ്പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ഗവണ്‍മെന്റ് ചോദിക്കുകയും വേണം. സ്ഥലത്തിന്റെ കിടപ്പ്, ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍, ഭൂമിയുടെ ഉപയോഗവും പച്ചപ്പും എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം പാരിസ്ഥിതിക ആഘാതങ്ങള്‍ വിലയിരുത്തേണ്ടത്.
ഓരോ പ്രദേശത്തിന്റെയും പാരിസ്ഥിതിക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയായിരിക്കണം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്നതിനെപ്പറ്റി തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും സുതാര്യമാംവണ്ണം ലഭ്യമാവണം. ഈ വിവരങ്ങള്‍ കൂട്ടിയിണക്കി കാലികവും ഓരോ ദേശത്തിന്റെയും പാരിസ്ഥിതികാവസ്ഥയ്ക്ക് അനുയോജ്യവുമായ നിലയില്‍ വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഏകോപിപ്പിക്കുന്ന കാര്യത്തില്‍ അതുവഴി പൗരസമൂഹത്തിനു സഹായിക്കാനാവും.
ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും വിശാല സമീപനമാണിത്. 1990ല്‍ കേരളത്തില്‍ ഉണ്ടായ ജനകീയ ആസൂത്രണത്തിന്റെ മാതൃകയിലായിരിക്കണം കാര്യങ്ങള്‍ നടപ്പാക്കേണ്ടത്. അന്ന് അതിനു നേതൃത്വം വഹിച്ച മന്ത്രി തോമസ് ഐസകിനോടുള്ള എന്റെ അഭ്യര്‍ഥന, ജനകീയ ആസൂത്രണ പദ്ധതിയെ കുഴിച്ചുമൂടാതെ അതിന്റെ ചൈതന്യം പുതുക്കിയെടുക്കണം എന്നാണ്. എങ്കില്‍ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രകൃതിയെയും സമൂഹത്തെയും പുനര്‍നിര്‍മിക്കാനും സുസ്ഥിരവും സുഭദ്രവുമായ ഭാവി ഉറപ്പുവരുത്താനും സാധിക്കുകയുള്ളൂ. ി

(കടപ്പാട്: പാഠഭേദം, സപ്തംബര്‍ 2018)

RELATED STORIES

Share it
Top