വേണം, ഉചിതമായ വികസന സങ്കല്‍പങ്ങള്‍

അവകാശങ്ങള്‍  നിഷേധങ്ങള്‍

ബി എസ് ബാബുരാജ്
എഴുപതവസാനം ഗള്‍ഫിലേക്കു പോയ ആളാണ് അശോകേട്ടന്‍. പോളിടെക്‌നിക് വിദ്യാഭ്യാസം നേടിയ അശോകേട്ടന് ഗള്‍ഫ് വലിയ അവസരമാണു തുറന്നുകൊടുത്തത്. വര്‍ഷങ്ങളോളം ജോലി ചെയ്തു. അത്യാവശ്യം പൈസ സമ്പാദിച്ചു. ഇനി ഗള്‍ഫ് മതിയാക്കാമെന്നു തോന്നിയപ്പോള്‍ ദേശീയപാതയ്ക്കരികെ ഒരു വീടു പണിതു, കൊള്ളാവുന്നിടത്ത് ഒരു ഇരുമ്പുകടയും തുടങ്ങി. വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ ഗള്‍ഫ് വലിയ പങ്കുവഹിച്ചു. നാട് വികസിക്കണമെന്ന് അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചു.
മകന്റെ വിവാഹത്തിനു മുമ്പ് വീട് പുതുക്കിയാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി. ഗൃഹനിര്‍മാണത്തെക്കുറിച്ച് വ്യക്തമായ സങ്കല്‍പമുണ്ട് അദ്ദേഹത്തിന്. പഴയ വാസ്തുവിദ്യയുടെ സങ്കേതങ്ങള്‍ പുതിയവയുമായി സമ്മേളിപ്പിച്ചുകൊണ്ടായിരിക്കണം നിര്‍മാണം. അതനുസരിച്ച് പ്ലാന്‍ തയ്യാറാക്കി. മലപ്പുറത്തു നിന്ന് വെട്ടുകല്ല് വരുത്തി. തമിഴ്‌നാട്ടില്‍ നിന്ന് ടൈലും. കാര്യങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ദേശീയപാതാ വികസനം പ്രഖ്യാപിച്ചതും അധികൃതര്‍ സര്‍വേ നടപടികള്‍ തുടങ്ങിയതും. സര്‍വേ വകുപ്പിന്റെ അളവുചങ്ങല അശോകേട്ടന്റെ നടുമുറ്റവും കൊണ്ടാണു പോയത്.
അശോകേട്ടന്‍ വികാരാധീനനായി. സങ്കല്‍പങ്ങള്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനപ്പരിശോധിക്കപ്പെട്ടു. തന്റെ സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞതിനെ കുറിച്ചും സ്വന്തം അനുഭവങ്ങളുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ദേശീയപാതയ്ക്കു വേണ്ടി കുടിയിറക്കപ്പെടുന്നവരുടെ യോഗങ്ങളില്‍ വിശദീകരിച്ചു. ആത്മാര്‍ഥതയുടെ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്, അതു സ്വീകരിക്കപ്പെട്ടു.
വികസനം പൊതുവിഷയമെന്നതിനേക്കാള്‍ വ്യക്തിപരമായ വിഷയമായി മാറുമ്പോള്‍ ഒരാളുടെ ചിന്ത എങ്ങനെയാണു പരിവര്‍ത്തിക്കപ്പെട്ടതെന്നതിന് ഉദാഹരണമാണ് അശോകേട്ടന്‍. ഇത്തരം നിരവധിപേര്‍ ഇന്നു കേരളത്തിലുണ്ട്. ബൈപാസിന് വേണ്ടി വയല്‍ നികത്തുന്നതിനെതിരേ സമരം നടത്തുന്ന കീഴാറ്റൂരിലും അങ്ങനെയുള്ളവരുണ്ട്.
വികസനം ഒരു ഞാണിന്‍മേല്‍കളിയാണ്. ഒരു ഭാഗത്ത് അതു പ്രദേശത്തിന്റെ വികസനസാധ്യതകളെ തുറന്നിടുമ്പോള്‍ മറുഭാഗത്ത് നിരവധി പേരുടെ സാധ്യതകള്‍ അടച്ചുകളയുന്നു. ഭൂമി അവരെ സംബന്ധിച്ചിടത്തോളം സമ്പത്തു തന്നെയാണ്. ദുരിതകാലങ്ങളില്‍ അതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല. അങ്ങനെയുള്ളവരുടെ അടുത്തേക്കാണ് മതിയായ സാമ്പത്തിക പാക്കേജുകളില്ലാതെ വികസനത്തിന്റെ മാന്ത്രികവടിയുമായി സര്‍ക്കാര്‍ വരുന്നത്. കീഴാറ്റൂരുകാരുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ.
സര്‍വേക്കെതിരേ സമരം ചെയ്തവരെ പോലിസ് അറസ്റ്റ് ചെയ്തു എന്നു മാത്രമല്ല, അവരുടെ സമരപ്പന്തല്‍ സമരവിരോധികള്‍ കത്തിച്ചുകളയുകയും ചെയ്തിരിക്കുന്നു. സമരക്കാര്‍ പുറത്തുനിന്നു വന്ന തീവ്രവാദികളാണെന്നാണു സര്‍ക്കാരിന്റെ വ്യാഖ്യാനം. വര്‍ഗീയത പരത്താനാണെന്നും ആരോപണമുണ്ട്. മഹാരാഷ്ട്രയിലെ കര്‍ഷകസമരക്കാരെ കാല്‍പനികവല്‍ക്കരിക്കുന്നവരാണ് ഇവിടെ കീഴാറ്റൂരിലെ സമരക്കാരെ തീവ്രവാദികളാക്കുന്നത്. പ്രദേശത്തെ കര്‍ഷകരില്‍ 60 പേരില്‍ 54 പേര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന വിശദീകരണം ദേശാഭിമാനി നല്‍കുന്നുണ്ട്, അതു സത്യമായിരിക്കാം.
എങ്കില്‍ ചോദ്യം ഇങ്ങനെയാണ്. ആറുപേര്‍ക്കു വേണ്ടിയുള്ള സമരം ന്യായമാണോ? വികസനത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ സങ്കല്‍പങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചോദ്യം. തീര്‍ച്ചയായും റോഡുകള്‍ നമുക്കാവശ്യമാണ്, പാലങ്ങളും. പക്ഷേ, വികസനത്തിന്റെ ആധുനികമായ സങ്കല്‍പം അനുസരിച്ച് പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം നാലു തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. അല്ലാതെ സമ്പത്തിന്റെയും ഭൂരിപക്ഷത്തിന്റെയും മാത്രം പ്രശ്‌നമായി കാണാനാവില്ല. തൃശൂര്‍, ഇന്ത്യയിലെ നാലാമത്തെ ഏറ്റവും ചൂടുള്ള പ്രദേശമായി മാറിയിരിക്കുന്നുവെന്ന ഒരു വാര്‍ത്ത ഇതെഴുതുമ്പോള്‍ എനിക്കു മുന്നിലുണ്ട്. ഇതിനു പുതുതായി പണിതീര്‍ത്ത റോഡിനും മണ്ണിട്ടു മൂടിയ തണ്ണീര്‍ത്തടങ്ങള്‍ക്കും വെട്ടിമുറിക്കപ്പെട്ട വന്‍മരങ്ങള്‍ക്കും പങ്കുണ്ടെന്നു പറയപ്പെടുന്നു.
കീഴാറ്റൂര്‍ സമരക്കാരോടുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഒട്ടും ജനാധിപത്യപരമായിരുന്നില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇത് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ അല്ലെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനുള്ള തെളിവാണ് തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ചുള്ള പുതിയ ഓര്‍ഡിനന്‍സ്.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി നികത്തുന്നതിനെതിരേ 2008ല്‍ സംസ്ഥാനം ഒരു നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമത്തിന് ഭേദഗതി വരുത്താനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍. ഈ പുതിയ നീക്കത്തിനെതിരേ പൊതുപ്രവര്‍ത്തകര്‍ രംഗത്തുവന്നുകഴിഞ്ഞു. നെല്‍വയല്‍ 'നികത്തല്‍' ഓര്‍ഡിനന്‍സ് ആണിതെന്നാണ് ആരോപണം. വയലുകളോടും തണ്ണീര്‍ത്തടങ്ങളോടുമുള്ള ഈ കാഴ്ചപ്പാടാണ് കീഴാറ്റൂരിലെ സമരക്കാരോടും സര്‍ക്കാര്‍ പുലര്‍ത്തുന്നത്. വികസനവും പരിസ്ഥിതിയും തമ്മിലുള്ള ഉചിതമായ അനുപാതം കണ്ടെത്തണമെന്നു മാത്രമേ പറയാനുള്ളൂ.                    ി

RELATED STORIES

Share it
Top