വേങ്ങരയില്‍ പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ മാര്‍ക്കറ്റ്‌

വേങ്ങര: ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റിന് താഴിടാന്‍ നീക്കം.നിലവിലെ മാര്‍ക്കറ്റിന് അരകിലോമീറ്റര്‍ അകലെ ഗ്രാമപ്പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ മാര്‍ക്കറ്റ് തയ്യാറായി.  ഗാന്ധിദാസ് പടിയിലാണ് സ്വകാര്യ മാര്‍ക്കറ്റ് തയ്യാറാക്കിയത്. പഴയകാലം മുതലെ നടന്ന് വന്ന മല്‍സ്യ മാംസ മാര്‍ക്കറ്റ് 2003ല്‍  31  മുറികളോടെ കെട്ടിടം പുതുക്കി പണിതിരുന്നു.കൂടിയ വാടകയിലാണ് കച്ചവടക്കാര്‍ മുറികള്‍ വാടകക്കെടുത്തത്. ഓരോ വര്‍ഷവും അഞ്ച് ശതമാനം വാടക വര്‍ധനവും ഗ്രാമപ്പഞ്ചായത്ത് ഈടാക്കുന്നുണ്ട്.പുതിയ ജിഎസ്ടി അടക്കം വലിയ തുകതന്നെ കച്ചവടക്കാര്‍ നല്‍കേണ്ട ബാധ്യതയും സാമ്പത്തിക മാന്ദ്യവും നില നില്‍ക്കെയാണ് നിലവിലുള്ള കച്ചവടക്കാരെ പൂട്ടിടിയിക്കാന്‍ കാരണമാക്കുന്ന സ്വകാര്യ മാര്‍ക്കറ്റ് വരുന്നത്.ദിവസ വാടക ഈടാക്കുന്ന തരത്തിലാണ് സ്വകാര്യ  മാര്‍ക്കറ്റ് വരുന്നത്, നിലവിലെ മാര്‍ക്കറ്റിലെ ഏതാനും മുറികള്‍ വാടക താങ്ങാനാവാതെ പൂട്ടിയിട്ടുണ്ട്. പൂട്ടിയ കടകള്‍ പുനര്‍ലേലം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇവിടെ കച്ചവടം ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന നിലയില്‍ വാടക പരിമിതപ്പെടുത്തി പുതുക്കി നിശ്ചയിച്ച് കച്ചവടക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിനു പകരം സ്വകാര്യ വ്യക്തിക്ക് ടൗണില്‍ തന്നെ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയ നടപടിയാണ് ഇപ്പോള്‍ വിവാദമാകുന്നത്. അമ്പതിലധികം കച്ചവടക്കാര്‍ക്ക് കച്ചവടം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ മല്‍സ്യ, മാംസ്യ കച്ചവട മടക്കം നടത്താന്‍ കഴിയുന്ന തരത്തിലാണ് സ്വകാര്യ വ്യക്തിയുടെമാര്‍ക്കറ്റ് ഒരുങ്ങിയത്.നിലവിലുള്ള നിയമമനുസരിച്ച് തുഛമായ വരുമാനം മാത്രം ഇവിടെ നിന്നും പഞ്ചായത്തിനു ലഭിക്കുകയുള്ളുവെന്നും ആക്ഷേപമുണ്ട്.അതെ സമയം പുതിയ സ്വകാര്യ മാര്‍ക്കറ്റ് സജീവമായാല്‍ നിലവിലെ മാര്‍ക്കറ്റിലെ കച്ചവടം കുറയുമ്പോള്‍ കച്ചവടക്കാര്‍ സ്വയംഒഴിഞ്ഞ് പോയാല്‍ ഈ സ്ഥലം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ തന്ത്രമെന്ന് കച്ചവടക്കാര്‍ തന്നെ ആരോപിക്കുന്നു.

RELATED STORIES

Share it
Top