വേഗതയുടെ പേരില്‍ നടപടി എടുക്കരുതെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍കാഞ്ഞങ്ങാട്: വേഗതയുടെ പേരില്‍ തങ്ങള്‍ക്കെതിരേ നടപടി പാടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആംബുലന്‍സിലുള്ള രോഗിയുടെ ജീവന്‍ മുന്‍ നിര്‍ത്തിയാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത്. മറ്റു വാഹനങ്ങളുടെ ഓട്ടത്തെ തടസപ്പെടുത്താത്ത തരത്തിലാണ് ആംബുലന്‍സ് ഓടിക്കുന്നത്. ആംബുലന്‍സ് ഓടുമ്പോള്‍ സാധാരണയായി മറ്റു വാഹനങ്ങള്‍ വഴിമാറിത്തരേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ആംബുലന്‍സ് ഏതെങ്കിലും വാഹനത്തില്‍ തട്ടുകയോ മറ്റോ ചെയ്തല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയുമാണ്. മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് തന്നെ സസ്‌പെന്റ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തിന്റെ പേരില്‍ ഡ്രൈവര്‍ ബങ്കളം സ്വദേശി രതീഷിന്റെ ലൈസന്‍സും മറ്റൊരു സംഭവത്തില്‍ സേവാഭാരതി ഡ്രൈവര്‍ കെ മധുവിന്റ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്യുകയുണ്ടായി. ഇത്തരത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ പോലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായാല്‍ ഓട്ടം നിര്‍ത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ലൈസന്‍സ് റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ബില്‍ടെക് അബ്ദുല്ല, ഗോകുലാനന്ദന്‍ മോനാച, സനീഷ് നെല്ലിക്കാട്ട്, പി വി ശരത് കുമാര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top