വെഴുപ്പൂര്‍ റോഡില്‍ ഗതാഗത തടസ്സം രൂക്ഷം

താമരശ്ശേരി: തലങ്ങും വിലങ്ങും അനധികൃത പാര്‍ക്കിങ് നടത്തുന്നതുമൂലം താമരശ്ശേരി വെഴുപ്പൂര്‍ റോഡില്‍ ഗതാഗത തടസ്സം പതിവാകുന്നു . കച്ചവടക്കാരടക്കമുള്ളവര്‍ക്ക് ഇത് ഏറെ ദുരിതവുമാവുന്നു. പൊട്ടിപ്പൊളിഞ്ഞു വാഹന ഗതാഗതം പോലും നടത്താന്‍ സാധിക്കാതിരുന്ന റോഡ് നവീകരണം നടത്തി വീതി കൂട്ടിയതോടെയാണ് വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയ ആക്കി മാറ്റിയത്. ദേശീയപാതയില്‍ നിന്നും മുക്കം സംസ്ഥാനപാതയില്‍ കുടുക്കിലുമ്മാരത്തേക്ക് എളുപ്പത്തിലെത്താനുപകരിക്കുന്ന ഈ റോഡിനു ഇരുവശവുമാണ് ഇപ്പോള്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത്.
ഇതുമൂലം ഈ റോഡിലൂടെ സഞ്ചരിക്കാന്‍ മറ്റ് വാഹനങ്ങള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരുന്നു. മറുഭാഗത്തു നിന്നും വാഹനം വരുന്നതോടെ കടന്നുപോവാനാവാതെ തടസ്സം നേരിടുന്നു. ഈ ഭാഗത്തെ കച്ചവടക്കാര്‍ക്കും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്കും എത്തുന്നവര്‍ക്ക് ഇത് മൂലം ഏറെ ക്ലേശം അനുഭവിക്കേണ്ടിവരുന്നു. പലരും ദൂരെ ദിക്കുകളിലേക്ക് പോവാനെത്തുന്ന വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്താണ് ബസ്സില്‍ യാത്ര ചെയ്യുന്നത്. ഇവര്‍ പലപ്പോഴും രാത്രി ഏറെ വൈകിയെത്തുന്നത് വരെ ഈ ഭാഗത്ത് ഇവരുടെ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് ദുരിതമായി നിലകൊള്ളുകയും ചെയ്യുന്നു. ഇവരുടെ അനധികൃത പാര്‍ക്കിങ് പോലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അനധികൃത പാര്‍ക്കിങ്ങിനെതിരേ  പോലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികളും കച്ചവടക്കാരും.

RELATED STORIES

Share it
Top