വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഏഴു ഷട്ടറുകള്‍ ഉയര്‍ത്തിയില്ല

പട്ടാമ്പി: വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ താഴ്ന്നു കിടക്കുന്ന ഏഴു ഷട്ടറുകള്‍ ഇതുവരെയും പൊക്കിയില്ല. തൃത്താല ഭാഗത്തെ ഒന്നും മധ്യഭാഗത്തെ നാലും പരുതൂര്‍ ഭാഗത്തെ രണ്ടും ഷട്ടറുകളാണ് ഇപ്പോഴും താഴ്ന്നു കിടക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ റഗുലേറ്റര്‍ ഷട്ടര്‍ മുഴുവനും പൊക്കാത്തതിനെച്ചൊല്ലി ആക്ഷേപമുയര്‍ന്നിരുന്നു.
ഇതു കാരണമാണു മുകള്‍ ഭാഗത്തു വെള്ളം കരകവിയുന്നതെന്നായിരുന്നു ഭീതി. റഗുലേറ്ററിന് 27 ഷട്ടറുകളാണുള്ളത്. കനത്ത മഴയില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു രണ്ടാഴ്ച മുന്‍പു മോട്ടോര്‍ ഉപയോഗിച്ചും നാട്ടുകാരുടെയും സഹായത്തോടെ 20 ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ തകരാറിലായ താഴ്ന്നു കിടക്കുന്ന ഏഴ് ഷട്ടറുകള്‍ പൊക്കാനായില്ല.
വര്‍ഷാ വര്‍ഷം റഗുലേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ വേണ്ട രീതിയില്‍ നടത്താത്തതാണു ഷട്ടറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 40 കോടിയിലേറെ ചെലവിട്ടു നിര്‍മിച്ച വെള്ളിയാങ്കല്ല് പദ്ധതിയുടെ ഷട്ടര്‍ പൊക്കാന്‍ ഇപ്പോള്‍ ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മലമ്പുഴ ഡാം വെള്ളം തുറന്നു വിടുന്നതിനു മുന്‍പ് ഷട്ടറുകളുടെ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വെള്ളം കരകവിയുമെന്ന ഭീതി തീരവാസികളില്‍ ഉയര്‍ന്നിട്ടുണ്ട്.
വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടെ സ്ഥിരം ജീവനക്കാരില്ലാത്തതു പ്രധാന പ്രശ്‌നമാണ്. ഒരു താല്‍കാലിക ജീവനക്കാരന്‍ മാത്രമാണ് ഇവിടെയുള്ളത്.
വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതു മലപ്പുറം ജില്ലയിലെ ചമ്രവട്ടത്താണ്. റഗുലേറ്ററുമായി ബന്ധപ്പെട്ട അത്യാവശ്യകാര്യങ്ങള്‍ക്കു ചമ്രവട്ടത്തു നിന്ന് ഉദ്യോഗസ്ഥരും ജീവനക്കാരും വരേണ്ട സ്ഥിതിയാണ്.
നേരത്തെ തൃത്താലയില്‍ ഒരു സെക്ഷന്‍ ഓഫിസ് ഉണ്ടായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അത് ഇവിടെ നിന്നു മാറ്റുകയായിരുന്നു. വെള്ളിയാങ്കല്ല്് റഗുലേറ്റര്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ തൃത്താലയില്‍ ഒരു സെക്ഷന്‍ ഓഫിസ് വീണ്ടും അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top