വെള്ളാപ്പള്ളി, ശോഭന ജോര്‍ജ് പിന്തുണ ഇടതുപക്ഷത്തിന് തലവേദനയായേക്കും

എ ജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മറികടന്ന് പ്രമുഖ സമുദായ നേതാവുമായും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായും കൂട്ടുകൂടാനുള്ള ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്റെ ശ്രമം ഇടതുപക്ഷത്തിന് തലവേദനയായേക്കും. ഇരുകൂട്ടരുമായുള്ള ബന്ധം ഫലത്തില്‍ വിപരീത അനുഭവം സമ്മാനിക്കുമെന്നാണ്  മുന്‍ അനുഭവങ്ങളും തിരഞ്ഞെടുപ്പുകളും ചൂണ്ടിക്കാട്ടുന്നത്.
ബിഡിജെഎസ്, എന്‍ഡിഎ- ബിജെപി ബന്ധം ഉപേക്ഷിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അന്തിമ പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവരുടെ വോട്ട് ഏതു പക്ഷത്തേക്ക് എന്ന് തീരുമാനവും ആയിട്ടില്ല. എന്നാല്‍, ബിഡിജെഎസിനെ നിയന്ത്രിക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സജി ചെറിയാന് പിന്‍തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. മുമ്പും  സജി ചെറിയാന്‍ മല്‍സരിച്ചപ്പോള്‍ വെള്ളാപ്പള്ളി ഈ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, വോട്ടര്‍മാര്‍ വെള്ളാപ്പള്ളിയുടെ ആഹ്വാനം തള്ളുകയായിരുന്നു. ക്രിസ്ത്യന്‍, മുസ്്‌ലിം സമുദായത്തിന് ഗണ്യമായ സ്വാധീനമുള്ള ചെങ്ങന്നൂരില്‍ ഇടതുപക്ഷം വിജയിച്ചാല്‍ വെള്ളാപ്പള്ളിയുടെ സ്വാധീനം വര്‍ധിക്കും എന്ന തിരിച്ചറിവില്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ പാര്‍ട്ടി അനുഭാവം പോലും മറന്ന് വോട്ടുചെയ്യാന്‍ സാധ്യതയേറെയാണ്.
2006ല്‍ സജി ചെറിയാന്‍ മല്‍സരിച്ചപ്പോള്‍ ഇതര ജില്ലക്കാരനും കന്നി അങ്കക്കാരനുമായ പി സി വിഷ്ണുനാഥായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വിഷ്ണുനാഥ് വിജയിച്ചാല്‍ താന്‍ പാതി മീശ വടിക്കുമെന്ന് വെള്ളാപ്പള്ളി അന്നു പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പി സി വിഷ്ണുനാഥിനെ അനുകൂലിക്കുന്നവര്‍ വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചിട്ടും അത് ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. വെള്ളാപ്പള്ളിയുടെ പിന്തുണയില്‍ ഇടതുപക്ഷം വിജയിച്ചാല്‍ തങ്ങളുടെ സമുദായങ്ങള്‍ക്ക് അത് മാനക്കേട് ആവുമെന്ന തിരിച്ചറിവ് വിവിധ സമുദായ സംഘടനകളെ രാഷ്ട്രീയം മറന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് സൂചന.
അതേസമയം, പുത്തന്‍കൂട്ടുകാരിയായി രംഗത്തെത്തിയ ശോഭന ജോര്‍ജിന്റെ സാന്നിധ്യവും ഇടതുപക്ഷത്തെ ബുദ്ധിമുട്ടിലാക്കും. മൂന്നു തവണ ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന ശോഭന ജോര്‍ജ് സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞതവണ ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മല്‍സരിച്ചിരുന്നു. അന്ന് 3460 വോട്ടുകള്‍ മാത്രമാണ് ഇവര്‍ക്കു ലഭിച്ചത്. ഇതോടെ ചെങ്ങന്നൂരില്‍ തനിക്കുണ്ടെന്ന് ശോഭന പ്രചരിപ്പിച്ചിരുന്ന ജനപിന്തുണ ചെറുതാണെന്ന് ബോധ്യപ്പെട്ടു. കഴിഞ്ഞതവണ ശോഭനയെ സ്ഥാനാര്‍ഥിയാക്കിയ ശേഷം ക്രൈസ്തവ സഭയുടെ ഒരു പ്രമുഖനടക്കം ഇവര്‍ക്ക് പിന്തുണ അഭ്യര്‍ഥിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍, ഇത് വിശ്വാസികളില്‍ കടുത്ത വിയോജിപ്പ് ഉണ്ടാക്കുകയും അവര്‍ ധിക്കരിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക് മാറിയത് പരമ്പരാഗത ഇടതുപക്ഷക്കാരില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി, ശോഭന ജോര്‍ജ് ബന്ധം ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന് തലവേദനയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

RELATED STORIES

Share it
Top