വെള്ളാപ്പള്ളി കോളജ് : പോലിസിനെതിരേ എസ്എഫ്‌ഐആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ കോളജ് ചെയര്‍മാനും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവിനെ സംരക്ഷിക്കുന്നത് പോലിസിലെ ഉന്നതന്മാരണെന്ന ആരോപണവുമായി എസ് എഫ് ഐ ജില്ലാ കമ്മിറ്റി രംഗത്ത്. നിരന്തരം വിദ്യാര്‍ഥി പീഡനങ്ങള്‍ നടത്തുന്ന സുഭാഷ് വാസുവിനെ സംരക്ഷിക്കുന്ന പോലിസിലെ ഉന്നത അധികാരികള്‍ തങ്ങളുടെ നിലപാട് തിരുത്തണമെന്നും ഇനിയും ഇത്തരത്തില്‍ വിദ്യാര്‍ഥി പീഡനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേലും പ്രസിഡന്റ് എം എസ് അരുണ്‍കുമാറുമാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.  എസ്എഫ്‌ഐ കോളജിലേക്ക് സമാധാനപരമായി നടത്തിയ മാര്‍ച്ചിനുനേരെ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തു. കല്ലേറില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനു മുമ്പും മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരേ പലതവണ നൂറുകണക്കിനു വിദ്യാര്‍ഥികളെ അണിനിരത്തി എസ്എഫ്‌ഐ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളെ ഇടിമുറികളില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പെണ്‍കുട്ടികളെ അടക്കം അസഭ്യം പറയുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും അനധികൃതമായി ഫൈന്‍ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥി പീഡനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രിന്‍സിപ്പലിനെയും ഹോസ്റ്റല്‍ വാര്‍ഡനെയും പുറത്താക്കണമെന്നും ഗുണ്ടാ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓച്ചിറ ബിനു എന്ന ഗുണ്ടയെ അറസ്റ്റു ചെയ്യണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. കോളജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്തതാണ്. എന്നാല്‍ പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രതിമകളും ചിത്രങ്ങളും നശിപ്പിച്ചതിനു ശേഷം സമരത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാനേജ്‌മെന്റിന്റെ നീക്കം പൊതുജനം മനസ്സിലാക്കണമെന്നും ശ്രീനാരായണ ആശയങ്ങളെ വിലമതിക്കുന്നവരാണ് എസ്എഫ്‌ഐ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ മാനേജ്‌മെന്റുകളെ നിലക്കുനിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികളെ വകവയ്ക്കാത്ത പോലിസ് ഉദ്യോഗസ്ഥരാണ് സുഭാഷ് വാസുവിനെ സംരക്ഷിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top