വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: നൗഷാദിനെതിരേ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് വിഭാഗീയത സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കാര്യങ്ങളെ സങ്കുചിതമായി കാണാതെ സാമൂഹിക പ്രതിബദ്ധതയോടുകൂടി പ്രവര്‍ത്തിക്കണമെന്നും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വെള്ളാപ്പള്ളി ഇങ്ങനെ വിളിച്ചുപറയരുതെന്നും വിമര്‍ശിച്ചു.
ദുരന്തത്തില്‍ മരണമടഞ്ഞ ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജീവന്‍ പണയം വച്ച് അപകടത്തില്‍പ്പെട്ട രണ്ടു പേരെ രക്ഷിക്കുന്നതിനിടെ തികച്ചും ദുഃഖകരമായ സാഹചര്യത്തിലായിരുന്നു നൗഷാദിന്റെ മരണം. സ്വന്തം കാര്യം ചിന്തിക്കാതെ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ഇറങ്ങുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ഏറ്റെടുക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്.
ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ വീട്ടില്‍ പോയതും നാട്ടുകാരും കുടുംബാംഗങ്ങളും ഉന്നയിച്ചതുപോലെ അദ്ദേഹത്തിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുന്നത് പരിഗണിക്കാമെന്നു പറയുകയും ചെയ്തത്. 1998ല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കു മുന്നില്‍ നിന്ന് കൂട്ടുകാരികളെ രക്ഷിക്കുന്നതിനിടെ കാലുകള്‍ നഷ്ടമായ ലാവണ്യ എന്ന വിദ്യാര്‍ഥിനിക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എല്‍ഡി കംപയ്‌ലര്‍ തസ്തികയില്‍ സ്ഥിരനിയമനം നല്‍കാന്‍ 2006ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ കൈ നഷ്ടമായ പൂര്‍ണചന്ദ്രന്റെ കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ സഹായം നല്‍കുന്നത് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എടപ്പാളില്‍ മരണമടഞ്ഞവരുടെ എറണാകുളത്തെ വീടുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ എംഎല്‍എമാരോട് നിര്‍ദേശിച്ചിരുന്നു. അതു പ്രകാരം നാളെ ചേരുന്ന കാബിനറ്റില്‍ തീരുമാനമെടുക്കാന്‍ കഴിയത്തക്കവിധം സഹായം നല്‍കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എംഎല്‍എമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top