വെള്ളാപ്പള്ളിക്കെതിരേ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. യോഗം പ്രസിഡന്റ് എം എന്‍ സോമന്‍, കെ കെ മഹേഷ്, ഡോ. ദിലീപ് എന്നിവര്‍ക്കുമെതിരേ എസ്പി റാങ്കില്‍ കുറയാത്ത തസ്തികയിലുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് വിധി.
കേരളത്തിനകത്ത് നടന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നടത്തേണ്ട അന്വേഷണത്തില്‍ വിജിലന്‍സിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സേവനവും ആവശ്യമെങ്കില്‍ തേടണം. എട്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.
അതേസമയം,  കേരള പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡിയായിരുന്ന നജീബിനെ കോടതി കേസില്‍ നിന്ന് ഒഴിവാക്കി. വെള്ളാപ്പള്ളി നടേശനും നജീബും ഗൂഢാലോചന നടത്തിയെന്ന ബിജു രമേശിന്റെ മൊഴി മാത്രമാണ് വിജിലന്‍സിന്റെ കൈവശമുള്ളത്. നജീബും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത ബോര്‍ഡാണ് എസ്എന്‍ഡിപിക്ക് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നതിന് തെളിവില്ല.  വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നജീബാണ് കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top