വെള്ളാട്ടി മസ്അലയുടെ കഥ

ഡോ.  പി  സക്കീര്‍  ഹുസൈന്‍

മലബാറിലേക്കുളള ഡച്ച് അധിനിവേശക്കാലത്ത് (1650-1795) കോഴിക്കോട്ടെ ഖാളിപട്ടം സാമൂതിരിപ്പാടിന്റെയും മുസ്‌ലിംനേതാക്കളുടെയും അഭ്യര്‍ഥനപ്രകാരം ഏറ്റെടുത്തയാളാണ് ഖാളി മുഹിയിദ്ദീന്‍. മാപ്പിള സാഹിത്യചരിത്രത്തിന്റെ ഉദ്ഘാതാവ് എന്ന നിലയില്‍ പ്രഖ്യാതനായ ഖാളി മുഹമ്മദിന്റെ പുത്രന്‍. പ്രാഥമികവിദ്യാഭ്യാസവും അത്യാവശ്യ മതപാഠങ്ങളും പിതാവില്‍നിന്നു തന്നെ അഭ്യസിച്ച മുഹിയിദ്ദീന്‍ പിന്നീട് മക്കയിലേക്ക് പോയി. അവിടത്തെ ശെയ്ഖ് ഇബ്‌നു അല്ലാമ, അല്ലാമ അസീബുല്‍ ബക്കരി എന്നിവരില്‍നിന്നാണ് ഹദീസ്പഠനം നിര്‍വഹിച്ചത്. പിതാവിന്റെ അറബികാവ്യങ്ങള്‍ ഹജ്ജ്‌വേളയില്‍ ഹിജാസിലെ ഗുരുനാഥര്‍ക്ക് അദ്ദേഹം സമ്മാനിക്കുകയുണ്ടായി. പണ്ഡിത ശ്രേഷ്ഠനെന്നതിനോടൊപ്പം ഒരു പോരാളികൂടിയായിരുന്നു അദ്ദേഹം. ഡച്ചുകാര്‍ക്കെതിരേ പോരാടാന്‍ അദ്ദേഹം ആഹ്വാനം മുഴക്കി. അദ്ദേഹത്തിന്റെ രചനകളില്‍ കണ്ടെടുക്കപ്പെട്ടവ ഇവയാണ്: 1. ഖസീദത്തുന്‍ഫീ മദ്ഹി മഹ്മൂദ്ഖാന്‍ ഖാക്കാന്‍ 2. മര്‍സിയ്യ അലാ ശെയ്ഖ് മുഹമ്മദിന്‍ ജിഫ്‌രി 3. ഖസീദത്തുന്‍ഫീ മദ്ഹി മുഹമ്മദ് സാലിഹില്‍ മശ്ഹൂര്‍ 4. ഖസീദത്തുന്‍ഫീ നഹ്‌സില്‍ അയ്യാം 5. ഖസീദത്തുന്‍ ബിശ്‌റത്തില്‍ അളീമ ഫീ ഖിസ്സത്തി നുസ്‌റത്തില്‍ അളീമ1. അറബിഭാഷയില്‍ എഴുതിയ അദ്ദേഹത്തിന്റെ ഏക അറബിമലയാള കൃതിയാണ് വെള്ളാട്ടി മസ്അല. പണ്ഡിത ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഒരടിമസ്ത്രീപതിനഞ്ച് പുറങ്ങളിലായാണ് വെളളാട്ടി മസ്അല എന്ന ഗദ്യകൃതി രചിക്കപ്പെട്ടിട്ടുളളത്. ആദ്യമായി പ്രസിദ്ധീകരിച്ച കൊല്ലം ഏതാണെന്നറിയില്ല. ഹി. 1904, ഏപ്രില്‍ 28ന് തിരൂരങ്ങാടി, ചാലിലകത്ത് ഇബ്രാഹീം കുട്ടിയുടെ ആമിറുല്‍ ഇസ്‌ലാം എന്ന അച്ചുകൂടത്തില്‍ വച്ച് മുദ്രണം ചെയ്ത കൂട്ടത്തിലുളള ഒരു പകര്‍പ്പാണ് ഇപ്പോള്‍ കണ്ടുകിട്ടിയിട്ടുള്ളത്. മുഹിയിദ്ദീന്‍ ഇബ്‌നു അബ്ദുല്‍ ഖാദിര്‍ എന്നയാളാണ് ഇതിന്റെ പകര്‍ത്തെഴുത്തുകാരന്‍. മുഖലിഖിതത്തില്‍‘ഇത് വെളളാട്ടി മസ്അല ആയിരിക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിലെ കര്‍മശാസ്ത്രവുമായും വിശ്വാസദര്‍ശനവുമായും ബന്ധപ്പെട്ട മുപ്പതില്‍പരം യുക്ത്യാധിഷ്ഠിത ചോദ്യങ്ങളും അവയ്ക്കുളള ഉത്തരവുമാണ് കൃതിയുടെ പ്രതിപാദ്യം. ഉളളടക്കത്തിന്റെ ആശയ ശാലീനതയേക്കാള്‍ ശ്രദ്ധേയമാക്കുന്നത് നാടകീയമായ അതിന്റെ അവതരണഭംഗിയും മാന്ത്രികസ്പര്‍ശമുളള പശ്ചാത്തലവുമാണ്. ടെക്‌സ്റ്റും കോന്‍ടെക്‌സ്റ്റും വളരെ ഭാവനാപൂര്‍വം ഇഴചേര്‍ത്തതിലൂടെ വായന ഹൃദയഹാരിയായ ഒരു അനുഭവമായിത്തീരുന്നു.കഥാകഥനരീതിയിലാണ് കൃതിയുടെ സഞ്ചാരം. അബ്ബാസി ഭരണാധികാരി ഹാറൂണ്‍ റഷീദ് സര്‍വപ്രതാപത്തോടെ ബഗ്ദാദ് ഭരിക്കുന്ന കാലം. അബൂശഹ്മ് എന്ന ധനികനും മനുഷ്യസ്‌നേഹിയുമായ കച്ചവടക്കാരന്‍ തന്റെ ബഹുഭാഷാ പണ്ഡിതയും സര്‍വകലാവല്ലഭയുമായ സൗദ എന്ന ഭൃത്യയുമായി സുല്‍ത്താന്റെ കൊട്ടാരത്തിലെത്തുന്നു. തന്റെ ഉടമസ്ഥതയിലുള്ള സൗദ താങ്കളുടെയും രാജ്യത്തെ സര്‍വപണ്ഡിതരുടെയും സകലതരത്തിലുളള ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കുമെന്ന് അറിയിക്കുന്നു. സൗദയുടെ പ്രകടനത്തില്‍ സുല്‍ത്താന്‍ സംതൃപ്തനാവുന്ന പക്ഷം തനിക്ക് രാജ്യത്തിനകത്ത് ചെറിയൊരു രാജ്യവും നൂറ് സ്വര്‍ണനാണയവും പ്രതിഫലം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. എന്നാല്‍, സുല്‍ത്താന്‍ മുപ്പതിനായിരം സ്വര്‍ണനാണയവും ചെറിയ രാജ്യവും വാഗ്ദാനം ചെയ്യുന്നു. അപ്രകാരം, രാജധാനിയിലെ പണ്ഡിതരെ ഹാറൂന്‍ റഷീദ് വിളിച്ചുവരുത്തുന്നു. മഹാപണ്ഡിതരായ ഇബ്രാഹീം ഇബ്‌നു അദ്ഹമിന്റെയും ശെയ്ഖ് ഉമറിന്റെയും കസേരകള്‍ക്കടുത്തായി ആനക്കൊമ്പില്‍ പണിത ഒരു കമനീയ ഇരിപ്പിടത്തില്‍ കഥാനായികയെ ഇരുത്തുന്നു. പിന്നീട്, ചോദ്യങ്ങളും അവയ്ക്കുളള മറുപടികളുമാണ്. ഉന്നതരായ കര്‍മശാസ്ത്രജ്ഞര്‍, ദൈവശാസ്ത്രവിശാരദന്മാര്‍, വൈദ്യവിദഗ്ധര്‍, വാനഗണിതപണ്ഡിതര്‍, മുഫ്തികള്‍ എല്ലാവരും അണിനിരക്കുന്ന സദസ്സില്‍ അടിമസ്ത്രീയായ സൗദയുടെ ചടുലവും പക്വവുമായ മറുപടികള്‍ സദസ്യരുടെ കാതും കരളും കവര്‍ന്നെടുക്കുന്നു. ഇസ്‌ലാം, ഈമാന്‍, മരണാനന്തരജീവിതം, നമസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, വിവാഹം, വിശുദ്ധ ഖുര്‍ആന്‍, മനുഷ്യശരീരത്തിന്റെ ഘടന, മനുഷ്യന്റെ സൃഷ്ടിപ്പ്, ഖുര്‍ ആനില്‍ പരാമര്‍ശിച്ച ജീവികള്‍, ഒരു വര്‍ഷത്തിലെ അശുഭദിനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചൂഴ്ന്നുനില്‍ക്കുന്നതാണ് ചോദ്യങ്ങളും ഉത്തരങ്ങളും.ഖുര്‍ആന്റെ അകസാരത്തെക്കുറിച്ച് എന്തറിയാം എന്നതാണ് ഒരു ചോദ്യം. മറുപടിയില്‍ വിശുദ്ധ ഖുര്‍ആനിലെ മൊത്തം സൂക്തങ്ങള്‍, അധ്യായങ്ങള്‍, ഖണ്ഡികകള്‍, അക്ഷരസഞ്ചയം(ഹുറുഫ്), പൂര്‍ണവാക്യങ്ങള്‍(കലാം), ഖുര്‍ആനിലെ സാഷ്ടാംഗസന്ദര്‍ഭ(സജദ)ങ്ങള്‍, ഖുര്‍ആനില്‍ പരാമര്‍ശിച്ച ജീവികള്‍, ഖുര്‍ആനിലെ ഉപമകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നു. വസ്തുനിഷ്ഠയും ആധികാരികതയും ഉളളടക്കത്തെ സമ്പുഷ്ടമാക്കുന്നു. ഉദാഹരണമായി അലിഫ് (48,892), ബാഅ്(11,490), താഅ്(5,404), ജീമ് (4,138), ഹാഅ് (2,503), ഖാഅ് (5,978), ദാല്‍ (4,990), സീന്‍ (2,125), ഷീന് (2,125), സ്വാദ് (2,287), ളാഅ് (682), ത്വാഅ് (2,704), ലാമ് (33,022), മീം (27,920) അങ്ങനെ ഖുര്‍ആനിലെ ഇരുപത്തിയെട്ട് അക്ഷരങ്ങളുടെയും വെവ്വേറെ കണക്കുകള്‍ പ്രസ്താവിക്കുന്നത് കാണാം. മറ്റൊരു ചോദ്യത്തിന് മനുഷ്യശരീരത്തില്‍ 120 എല്ലുകളുണ്ടെന്ന് മറുപടി നല്‍കുന്നു. അവ യഥാക്രമം തലയില്‍(6), മുഖത്ത്(4), തൊണ്ടയില്‍(1), പുറഭാഗത്ത്(8), കണ്ണില്‍(32), ഉളളം കൈയില്‍(2) അങ്ങനെ ഓരോ അവയവത്തിലും ഉളളടക്കിയിട്ടുളള എല്ലുകളുടെ എണ്ണം പറയുന്നു. 160 പ്രധാന ഞരമ്പുകളുണ്ടെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി സൂചിപ്പിക്കുന്നു. കൃതിയിലെ 26 മുതല്‍ 30 വരെയുളള ചോദ്യങ്ങള്‍ ആഴ്ച, മാസം, വര്‍ഷം എന്നിവയിലെ അശുഭ(നഹ്‌സ്) ദിനങ്ങളെക്കുറിച്ചാണ്. കൃതിയുടെ ഭാവനാപൂര്‍ണമായ തുടക്കം പോലെ ഉപസംഹാരവും വളരെ മനോഹരമായിട്ടാണ് ആവിഷ്‌കരിച്ചിട്ടുളളത്. ബിസ്മി, ഹംദ്, സ്വലാത്ത് തുടങ്ങിയ ഹ്രസ്വമായ പ്രാരംഭഉപക്രമങ്ങള്‍ക്കു ശേഷം നേരെ ചൊവ്വെ കഥാഖ്യാനശൈലിയില്‍ വിഷയത്തിലേക്ക് കടക്കുന്നു: ''ബഗ്ദാദ് എന്നൊരു രാജ്യത്തില്‍ ഹാറൂന്‍ റഷീദ് എന്നു പേരായൊരു രാജാവുണ്ടായിരുന്നു. മുന്‍കാലമുള്ള ഉലമാക്കന്മാരില്‍ ചിലര്‍ പറയുന്നു, അവിടെ തന്നെ അന്നാളില്‍ അബൂശഹ്മ് എന്നു പേരായ വളരെ കോലവും വലുപ്പവും ഐശ്വര്യവുമുളള ഒരു കച്ചവടക്കാരന്‍ ഉണ്ടായിരുന്നു2.'' ഇപ്രകാരം തുടങ്ങുന്ന കൃതി മറ്റൊരു കുസൃതികഥയോടെ അവസാനിക്കുന്നു. സൗദയുടെ ഒറ്റച്ചോദ്യംഈ കഥയുടെ സന്ദര്‍ഭം ഇങ്ങനെയാണ്: കൊട്ടാരസദസ്സിലെ സര്‍വവിദ്വാന്മാരുടെയും ചോദ്യങ്ങള്‍ക്ക് സംതൃപ്തമായി മറുപടി പറഞ്ഞ അടിമസ്ത്രീയായ സൗദയ്ക്കു മുമ്പില്‍ ചക്രവര്‍ത്തിയും പണ്ഡിതന്മാരും കീഴടങ്ങുന്നു. അപ്പോള്‍ സൗദ പറയുന്നു: ''ഇനി എനിക്ക് ഒറ്റച്ചോദ്യം നിങ്ങളോട് എല്ലാവരോടുമായി ചോദിക്കാനുണ്ട്. അതിന് നിങ്ങള്‍ ഉത്തരം നല്‍കുകയാണെങ്കില്‍ ആയിരം പൊന്‍നാണയത്തിന്റെ വിലയുളള എന്റെ ശിരോവസ്ത്രം നിങ്ങള്‍ക്കു നല്‍കാം. അല്ലാത്ത പക്ഷം നിങ്ങളുടെ ഓരോരുത്തരുടെയും ശിരോവസ്ത്രം എനിക്കു തരുക.'' ഉപാധി എല്ലാവരും അംഗീകരിക്കുന്നു. സൗദ പ്രശ്‌നമവതരിപ്പിക്കുന്നു: ''ഒരു കൂട്ടം പ്രാവുകള്‍ വന്ന് ഒരു മരത്തിനു മുകളില്‍ ഇരിക്കുന്നു. അവയില്‍ കുറച്ച് മരത്തിനു താഴെയും ഇരിക്കുന്നു.താഴെയിരിക്കുന്ന ഒരു പ്രാവ് മുകളിലത്തെ പ്രാവുകളോട് പറഞ്ഞു. നിങ്ങളില്‍ ഒരാള്‍ താഴേക്കു വന്നാല്‍ നമ്മള്‍ സമമാവും. ഞങ്ങളില്‍ നിന്ന് ഒരാള്‍ മുകളിലേക്ക് വന്നാല്‍ നമ്മള്‍ ഇരട്ടിയും. പാതിയും പ്രാവുകള്‍ ഇടകലര്‍ന്ന് ഇരിക്കുന്നു. എന്നാല്‍, പ്രാവുകള്‍ മുകളിലെത്ര? താഴെയെത്ര? എത്ര ആണ്‍പ്രാവുകള്‍? എത്ര പെണ്‍പ്രാവുകള്‍?'' അവിടെ സന്നിഹിതരായ ആര്‍ക്കും തന്നെ ഉത്തരം പറയാനായില്ല. അവസാനം സൗദ തന്നെ പ്രശ്‌നം പരിഹരിക്കുന്നു. മരത്തിന് മുകളില്‍ ഏഴും. താഴെ അഞ്ചും. അങ്ങനെ മൊത്തം 12 പ്രാവുകള്‍. മുകളിലെ ഒന്ന് താഴോട്ട് വന്നാല്‍ മുകളില്‍ ആറായി. താഴെയും ആറ്. അപ്പോള്‍ ഇരുകൂട്ടരും സമമായല്ലോ. താഴെ ഇരിക്കുന്ന ഒരു പ്രാവ് മുകളിലെത്തിയതോടെ താഴെ നാല് മുകളില്‍ എട്ട്. അതോടെ ഇരട്ടിയും പാതിയുമായല്ലോ. ഓരോ പ്രാവും ഇണയോടൊപ്പമാണല്ലോ ഇരിക്കുക. അതിനാല്‍ ആണ്‍പ്രാവ് ആറ്, പെണ്‍പ്രാവ് ആറ്. അങ്ങനെ മൊത്തം 12 പ്രാവുകള്‍. ശേഷം പ്രവാചകതിരുമേനിയിലും അവിടത്തെ സന്തതസഹചാരികളിലും പ്രാര്‍ഥനകള്‍ അര്‍പ്പിച്ച് കൃതി അവസാനിക്കുന്നു.16ാം നൂറ്റാണ്ടിലെ മാജിക്കല്‍ റിയലിസം കേരളീയ സാമൂഹികസാഹിത്യമണ്ഡലങ്ങള്‍ ഗണനീയമാംവിധം വികാസം കൊണ്ടിട്ടില്ലാത്ത ക്രി. 17-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ കൊച്ചു കൃതി ഒട്ടനവധി ഭാഷാ, സാഹിത്യവിചാരങ്ങള്‍ക്ക് ഇടം നല്‍കുന്നു. ഒരു അറബിക്കഥയുടെ മാസ്മരിക പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ഈ കൃതിയെ ചേതോഹരമാക്കുന്നത് മാജിക്കല്‍ റിയലിസത്തിന്റെ അതിഭാവുകത്വങ്ങളാണെന്ന് നിരീക്ഷിക്കാം. ലാറ്റിനമേരിക്കന്‍ സാഹിത്യങ്ങളിലെ അതിഭാവുകത്വപരികല്പനകള്‍ വിശ്രുതങ്ങളായ അറേബ്യന്‍ മാന്ത്രിക കഥകളില്‍ നിന്ന് ഉയിര്‍കൊണ്ടതാണെന്നുളള പ്രസക്തമായൊരു അക്കാദമിക നിരീക്ഷണം ഇതിനോട് ചേര്‍ത്തുവയ്ക്കാമെന്ന് തോന്നുന്നു3. കേരളത്തിലെ മാപ്പിളമാരുടെ ചരിത്ര, സാമൂഹിക, സാഹിത്യ മണ്ഡലങ്ങളുടെ മൂര്‍ത്തവല്‍ക്കരണത്തില്‍ ക്രയാത്മകമായി ഇടപെട്ട ഒരു നിര്‍ണായക ഘടകമാണല്ലോ അറേബ്യന്‍ നാടോടികലാസാഹിത്യ വഴക്കങ്ങള്‍ 4.ഈ ചുറ്റുവട്ടത്തില്‍നിന്ന് വീക്ഷിക്കുമ്പോഴാണ് കൃതിയിലെ രചനാപശ്ചാത്തലം അങ്ങ് പേര്‍ഷ്യയിലെ ഹാറൂണ്‍ റഷീദിന്റെ കൊട്ടാരവുമായി കണ്ണി ചേര്‍ത്തതിന്റെ സാംഗത്യം ബോധ്യപ്പെടുക. 17-ാം നൂറ്റാണ്ടില്‍ മാപ്പിളമാര്‍ക്കിടയില്‍ മതവിജ്ഞാനം പ്രചരിപ്പിക്കാനും മത-സാമൂഹിക ജീവിതം ക്രമീകരിക്കാനും നിയുക്തനായ ഖാളി മുഹിയിദ്ദീന്‍ തദ്‌സംബന്ധമായുളള ഒരു രചനയെ അറേബ്യന്‍ കാല്പനികഭാവുകത്വത്തിന്റെ ചുറ്റുവട്ടത്തില്‍ രൂപകല്‍പന ചെയ്യുന്നുവെന്നു. ഈ ആവിഷ്‌കാരത്തിന്റെ ചുവട് പിടിച്ചുകൊണ്ടാവണം പിന്നീട് മാപ്പിള സാഹിത്യമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട അതിഭാവുകത്വകൃതികളായ സി എ ഹസ്സന്‍കുട്ടിയുടെ‘കുറത്തിപ്പാട്ടും മൊഗ്രാല്‍ സ്വദേശി നടുത്തോപ്പില്‍ അബ്ദുല്ലയുടെ അക്ബര്‍ സദഖ പക്ഷിപ്പാട്ടും. അടിമസ്ത്രീയുടെ അറിവധികാരംആദ്യ നൂറ്റാണ്ടുകളില്‍ അറബിമലയാളത്തില്‍ രചിക്കപ്പെട്ട മാപ്പിള സാഹിത്യകൃതികളില്‍ ഏറെയും മതസംബന്ധമായവയാണ്. വിശ്വാസം (അഖീദ), കര്‍മശാസ്ത്രം(ഫിഖ്ഹ്), സ്വഭാവസംസ്‌കരണം(അഖ്‌ലാഖ്), ആധ്യാത്മിക ശാസ്ത്രം(തസവ്വുഫ്) തുടങ്ങിയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടതാണത്. ക്രി.15-ാം നൂറ്റാണ്ടോടെ സംഭവിച്ച മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശത്തോടെ രൂപപ്പെട്ട മുസ്‌ലിം സ്വത്വസംഘര്‍ഷങ്ങളും ക്രി. 16-ാം നൂറ്റാണ്ടോടെ ആരംഭിച്ച തീരദേശങ്ങളിലെ അരയവിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്കുളള കുടിയേറ്റവും പ്രസ്തുത കൃതികളെ അനിവാര്യമാക്കിയിരിക്കാം. വ്യത്യസ്ത ജാതിശ്രേണികളില്‍നിന്ന് ഇസ്‌ലാമിലേക്ക് കുടിയേറിയ പരിവര്‍ത്തിത വിശ്വാസികളുടെ വൈപുല്യം അക്കാലങ്ങളില്‍ മതപണ്ഡിതര്‍ക്കു മുമ്പില്‍ രണ്ടുതരം പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കാമെന്ന് അനുമാനിക്കാം: 1. നവവിശ്വാസികള്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇസ്‌ലാമികനൈതികതയുടെ ദൈവശാസ്ത്രപരവും കര്‍മശാസ്ത്രപരവുമായ പഠനവും പ്രയോഗവും. 2. അവര്‍ക്കു ബോധ്യമാവുന്ന വിധത്തില്‍ പുതിയ മതത്തിന്റെ ബിംബവല്‍ക്കരണവും പ്രതിച്ഛായാരൂപീകരണവും. ഈ കൃതിയിലെ വിശിഷ്ടമായ ആവിഷ്‌കാരഭാവുകത്വത്തിന്റെ പിറകിലുളള ചോദകതലം അന്വേഷിക്കേണ്ടത് ഈ സാമൂഹിക ചുറ്റുവട്ടത്തിലാണ്. കൃതിയെ പ്രസക്തമാക്കുന്ന മറ്റൊരു കാര്യം, ഒരു അടിമസ്ത്രീയെ നായികവല്‍ക്കരിച്ചു കൊണ്ടു നടത്തുന്ന സാഹിത്യാവിഷ്‌കാരം എന്ന നിലയിലാണ്. ഇസ്‌ലാമിന്റെ സമഗ്രമായ ജ്ഞാനവീക്ഷണം പ്രചരിപ്പിക്കാന്‍ ഒരടിമസ്ത്രീ തന്റെ ദരിദ്രവും പുരുഷകോയ്മകള്‍ മുഴച്ച് നില്‍ക്കുന്നതുമായ ചുറ്റുവട്ടങ്ങളെ അതിവര്‍ത്തിച്ച് നേടിയെടുത്ത അറിവധികാരത്തിന് മുമ്പില്‍ സുല്‍ത്താനും പണ്ഡിതശ്രേഷ്ഠരും തോറ്റുപോവുന്നതാണല്ലോ കഥയുടെ മര്‍മം. ഇത്തരമൊരു ആഖ്യാനത്തിലൂടെ പരിഷ്‌കര്‍ത്താവ് കൂടിയായ ഗ്രന്ഥകാരന്‍ ലക്ഷ്യം വയ്ക്കുന്നത്, വിജ്ഞാനത്തിലും പ്രബുദ്ധതയിലും സമൂഹത്തില്‍ എന്നും പ്രാബല്യം നേടിയ പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീജനങ്ങളെയും കൊണ്ടുവരുവാനാണ്. ഗ്രന്ഥകാരന്‍, ഇസ്‌ലാമിലെ വിധിനിര്‍ണിതാധികാരമുളള ഖാളി കൂടിയാണെന്ന കാര്യം മുഖവിലയ്‌ക്കെടുക്കുമ്പോള്‍ പ്രസ്തുത ആഖ്യാനത്തിന്റെ രാഷ്ട്രീയ ഉന്നം വ്യക്തവുമാണല്ലോ. കൃതിയെ വിശേഷപ്പെടുത്തുന്ന മറ്റൊരു ഘടകം, വളരെ ചടുലമായൊരു ബോധന സമീപനം അത് മുന്നോട്ടുവയ്ക്കുന്നു എന്നുളളതാണ്. കഥാകഥനത്തിലൂടെ ഇസ്‌ലാമിലെ ദൈവശാസ്ത്രപാഠങ്ങള്‍ അനായാസം വിനിമയം ചെയ്യപ്പെടാമെന്ന് ഈ പ്രാക്തനകൃതി നാള്‍ക്കുനാള്‍ അടയാളപ്പെടുത്തുന്നു. ിറഫറന്‍സ്:1. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം, സി എന്‍ അഹ്മദ് മൗലവി, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, അല്‍ഹുദാ, കോഴിക്കോട്, 1978, പു. 158. 2. വെളളാട്ടി മസ്അല, ആമിറുല്‍ ഇസ്‌ലാം, തിരൂരങ്ങാടി, ഹി. 1332/1904, പു.113. ഉമൗരവല,െ ഉ. ഇൃശശേരമഹ അുുൃീമരവല െീേ ഘശലേൃമൗേൃല, ഘീിറീി, 1956,ജ.130.4. അ. അവാലറ, ടൗേറശല െശി കഹെമാശര ഈഹൗേൃല ശി കിറശമി ഋി്ശൃീിാലി േജജ 7374.

RELATED STORIES

Share it
Top