വെള്ളമുണ്ട പുളിഞ്ഞാലില്‍ കുടിവെള്ളക്ഷാമം രൂക്ഷംമാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. വെള്ളമുണ്ട വില്ലേജിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന വാട്ടര്‍ അതോറിറ്റിയുടെ പുളിഞ്ഞാല്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ടാങ്കില്‍ വെള്ളം ലഭ്യമല്ലാതായതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്. മുന്‍വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് വാഹനങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നെങ്കിലും ഈ വര്‍ഷം ഇനിയും ജലവിതരണം തുടങ്ങാത്തതും നാട്ടുകാരെ വലയ്ക്കുന്നു. പഞ്ചായത്തില്‍ എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവിക്കുന്ന പ്രദേശമാണ് പുളിഞ്ഞാല്‍. 1989ല്‍ പ്രദേശത്തെ കല്ലാങ്കോട് തോടിനെ ആശ്രയിച്ച് തുടങ്ങിയ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതിയാണ് പ്രദേശവാസികള്‍ക്ക് ആശ്രയം. മലമുകളില്‍ ഉല്‍ഭവിച്ച് ഒഴുകിയെത്തുന്ന കാട്ടരുവിക്ക് കുറുകെ തടയണ കെട്ടി വാട്ടര്‍ടാങ്കിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളമുണ്ട വില്ലേജിന് കീഴിലുള്ള കണ്ടത്തുവയല്‍ മുതല്‍ കട്ടയാട് വരെയുള്ള ഭാഗങ്ങളിലും മൊതക്കര, വാരാമ്പറ്റ ഭാഗങ്ങളിലുമുള്ള 2000ത്തോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേനല്‍ തുടങ്ങുന്നതോടെ കാട്ടരുവി വറ്റി ആവശ്യത്തിനു വെള്ളം ലഭിക്കാത്ത സാഹചര്യമാണ്. ലക്ഷക്കണക്കിന് രൂപ വരിസംഖ്യയായി ഗുണഭോക്താക്കളില്‍ നിന്നു പിരിച്ചെടുക്കുന്ന വാട്ടര്‍ അതോറിറ്റി കുടിവെള്ളം നല്‍കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തിയിരുന്നത്. ടാങ്കിനോട് ചേര്‍ന്ന് ഇപ്പോഴും വെള്ളം പാഴാവുന്നതു തടയാനോ വെള്ളം ശേഖരിക്കുന്ന തടയണ ശുദ്ധീകരിക്കാനോ വാട്ടര്‍ അതോറിറ്റി തയ്യാറായിട്ടില്ല. തടയണയ്ക്ക് മുകളില്‍ മരം കടപുഴകി വീണ് ദ്രവിച്ച് അഴുകിയ വെള്ളമാണ് ഇപ്പോഴും പൈപ്പിലൂടെ സംഭരണ ടാങ്കിലേക്കെത്തുന്നത്. പുളിഞ്ഞാല്‍ ടൗണിന് മുകളിലായി സംഭരണ ടാങ്കിനോട് ചേര്‍ന്നു താമസിക്കുന്ന നൂറോളം വീടുകളില്‍ പോലും ഇപ്പോള്‍ കൃത്യമായി വെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയുന്നില്ല. ഇവിടങ്ങളിലെ കിണറുകളിലും വെള്ളം വറ്റിയതോടെ നാട്ടുകാര്‍ അക്ഷരാര്‍ഥത്തില്‍ നെട്ടോട്ടമോടുകയാണ്. വരള്‍ച്ച രൂക്ഷമായ സ്ഥലങ്ങളില്‍ റവന്യൂവകുപ്പും ഗ്രാമപ്പഞ്ചായത്തും വെള്ളം വിതരണം ചെയ്യാറുണ്ടെങ്കിലും വെള്ളമുണ്ട പഞ്ചായത്തില്‍ ഇതുവരെ കുടിവെള്ള വിതരണം നടത്തിയിട്ടില്ല. മുന്‍വര്‍ഷങ്ങളിലെല്ലാം പഞ്ചായത്ത് വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമായിരുന്നു പുളിഞ്ഞാല്‍ നിവാസികള്‍ക്ക് തുണയായിരുന്നത്. അഞ്ചു ലക്ഷം രൂപ വരെ ഇതിനായി ചെലവഴിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് ഒരു രൂപ പോലും ഈ വര്‍ഷം ചെലവഴിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. റവന്യൂവകുപ്പിന്റെ വാട്ടര്‍ കിയോസ്‌കുകളും വെള്ളമുണ്ടയിലെവിടെയുമില്ല. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് പുളിഞ്ഞാലില്‍ ഹോട്ടലുകള്‍ ഭൂരിഭാഗവും ഇപ്പോള്‍ തുറക്കാറില്ല. പ്രദേശത്തെ പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലുമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡായിട്ടു പോലും പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്.

RELATED STORIES

Share it
Top