വെള്ളമുണ്ടയില്‍ മണ്ണ് വ്യാപാരം തകൃതിയില്‍

വെള്ളമുണ്ട: അനധികൃത മണ്ണെടുപ്പും നിലം നികത്തലും വ്യാപകമായിട്ടും അധികൃതര്‍ മൗനംപാലിക്കുന്നതായി ആരോപണം. മണ്ണുമാന്ത്രി യന്ത്രവും ടിപ്പറും ഉപയോഗിച്ച് രാപ്പകല്‍ ഭേദമില്ലാതെയാണ് മണ്ണ് വ്യാപാരം. ഒരു ടിപ്പര്‍ മണ്ണിന് 700 രൂപ മുതല്‍ ആയിരം രൂപ വരെ ഈടാക്കുന്നു. വീടിന്റെ തറയിലിടാനും വയല്‍ നികത്താനും വയലിലൂടെ റോഡ് നിര്‍മിക്കാനുമുള്‍പ്പെടെ മണ്ണ് നല്‍കാന്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന ലോബി ഒരുക്കമാണ്. കെട്ടിടനിര്‍മാണത്തിന് അനുമതിയെടുത്ത മണ്ണെടുപ്പിന്റെ മറവില്‍ അനുമതിയില്ലാത്ത സ്ഥലത്തുനിന്ന് മണ്ണെടുത്താണ് വിതരണം. വെള്ളമുണ്ട പോലിസ് സ്‌റ്റേഷന് മുന്നിലൂടെ അനധികൃതമായി മണ്ണ് കൊണ്ടുപോവുന്നുണ്ടെങ്കിലും പോലിസ് കണ്ടഭാവം നടിക്കുന്നില്ല. തേറ്റമല വെള്ളിലാടിയില്‍ അനുമതിയില്ലാതെ മണ്ണെടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ ചൊവ്വാഴ്ച പോലിസില്‍ അറിയിച്ചിരുന്നു.എന്നാല്‍, പോലിസെത്തി നടപടികളൊന്നുമെടുക്കാതെ വാഹനങ്ങള്‍ വിട്ടയക്കുകയായിരുന്നുവെന്നു പരാതിയുണ്ട്. ഏതാനും മാസം മുമ്പ് പ്രദേശത്തെ തോട്ടത്തില്‍ നിന്നും റവന്യൂ റിസര്‍വ് മരം വേരോടെ പിഴുതുമാറ്റിയ സംഭവം വിവാദമായിരുന്നു. സംഭവം വിവാദമായതോടെ സ്ഥലമുടമ തന്നെ മരം കളവുപോയതായി പരാതി നല്‍കുകയും സ്ഥലം ബ്രോക്കര്‍ക്കെതിരേ കേസെടുത്ത് വിഷയം അവസാനിപ്പിക്കുകയുമായിരുന്നു. നേരത്തെയുണ്ടായിരുന്ന വില്ലേജ് അധികൃതരുടെയും വെള്ളമുണ്ട പോലിസിന്റെയും ഒത്താശയാണ് മണ്ണ് വ്യാപാരത്തിന് വളം വയ്ക്കുന്നതെന്നാണ് ആരോപണം. ഇതിനിടെ, കഴിഞ്ഞ ദിവസം മൊതക്കര ആലഞ്ചേരിയില്‍ അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് വാഹനം വെള്ളമുണ്ട വില്ലേജ് ഓഫിസര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

RELATED STORIES

Share it
Top