വെള്ളമില്ല, വെളിച്ചമില്ല; ഗര്‍ഭിണികള്‍ കിടക്കുന്നത് തറയില്‍

പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രസവത്തിനെത്തുന്ന ഗര്‍ഭിണികളെ കാത്തിരിക്കുന്നത് നരകശിക്ഷ.ഇവിടെ കിടക്കാന്‍ കിട്ടിലില്ല,വെള്ളമില്ല,വെളിച്ചമില്ല,ആകെയുള്ളത്ദുരിതംമാത്രം. തൊട്ടടുത്ത് കോടികള്‍ മുടക്കി  നിര്‍മിച്ച മാതൃ  ശിശു ആശുപത്രി ഒരുക്കിയിട്ടും പൊന്നാനി താലൂക്കാശുപത്രിയിലെ പ്രസവ വാര്‍ഡിലെ കിടക്കുന്നത് ഒന്നിനുപകരം രണ്ടുപേര്‍.
ആശുപത്രിയില്‍ പ്രസവിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടും സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രി സൂപ്രണ്ട് ഷാജ് കുമാറിനു നിവേധനം നല്‍കി. പ്രസവ വാര്‍ഡില്‍ ആവശ്യത്തിനു കട്ടിലുകളില്ലാത്തതിനാല്‍ പലരും നിലത്താണു കിടക്കുന്നത്. ശൗചാലയത്തില്‍ വെള്ളവുമില്ല വെളിച്ചവുമില്ല. ശീതികരണ സംവിധാനം ഉണ്ടെങ്കിലും പ്രവര്‍ത്തിക്കില്ല.പ്രസവം കഴിഞ്ഞെത്തുന്ന സ്ത്രീകള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഏറെ ദുരിതത്തിലാണ്.
പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ എം പി നിസാര്‍, വി ചന്ദ്രവല്ലി,കെ ഹഫ്‌സത്ത്, ആയിഷ, അബ്ദു, ഹസ്മ മജീദ്, പി കോയ അറിയിച്ചു.
താലൂക്കാശുപത്രിയിലേക്കു പ്രസവിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കെട്ടിടത്തിനുള്ളിലെ സ്ഥലപരിമിതിയാണു പ്രശ്‌നങ്ങളുണ്ടാക്കുന്നത്.വാര്‍ഡുകളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ അടുത്ത ദിവസം തന്നെ ഒരുക്കും.
പ്രസവിക്കാനെത്തുന്നവരുടെ തിരക്കു നിയന്ത്രിക്കുന്നതിനെക്കുറിച്ചു ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡുകള്‍ ജനുവരിയില്‍ തന്നെ പുതുതായി തുടങ്ങിയ മാതൃ ശിശു ആശുപത്രിയിലേക്കു മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും മൂന്നു മാസം കഴിഞ്ഞിട്ടും അത് യാഥാര്‍ത്ഥ്യമായിട്ടില്ല.

RELATED STORIES

Share it
Top