വെള്ളമില്ല; ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിക്കുന്നു

തളിപ്പറമ്പ്: മോറാഴ, പാന്തോട്ടം, പണ്ണേരി കൈപ്പാട് വയലിലെ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളമില്ലാതെ നശിക്കുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തരിശുരഹിത ആന്തൂര്‍ യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കതിര്‍ ജനകീയ കൂട്ടായ്മയുടെയും പണ്ണേരി കൃഷി വികസന സമിതിയുടെയും നെല്‍കൃഷിയാണ് നശിക്കുന്നത്.
മണ്ണിനോടും കൃഷിയോടും താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുതുതലമുറയെ ഉള്‍പ്പെടെ പങ്കാളികളാക്കിയാണ് ഇരുകൂട്ടായ്മയും നെല്‍കൃഷി നടത്തുന്നത്. പാന്തോട്ടം പ്രദേശത്ത് തരിശായിക്കിടന്ന 30 ഏക്കര്‍ വയലിലാണ് കൃഷി. കഴിഞ്ഞ 13 വര്‍ഷമായി 51 ഏക്കര്‍ സ്ഥലത്താണ് പണ്ണേരി കൃഷി വികസന സംഘം കൃഷി നടത്തുന്നത്. മുണ്ടകനും ഏഴോം രണ്ടുമാണ് കൈപ്പാട് കൃഷി ചെയ്തത്.
കൃഷി തുടങ്ങുമ്പോള്‍ മുട്ടോളം വെള്ളമുണ്ടായിരുന്ന വയലാണ് വിണ്ടുകീറി കിടക്കുന്നത്. ഇത്തവണത്തെ അതിശക്തമായ മഴയും മഴ നിന്നതോടെ വെള്ളം മുഴുവന്‍ വാര്‍ന്നിറങ്ങിയതും കൃഷിക്കാര്‍ക്ക് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കാലാവസ്ഥ ചതിച്ചതോടെ ബാങ്ക് വായ്പയെടുത്ത് നടത്തുന്ന കൃഷി നഷ്ടത്തിലാവുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മാര്‍ച്ച് അവസാനംവരെ വെള്ളം നിറഞ്ഞുനില്‍ക്കുന്ന വയല്‍ വരണ്ടുണങ്ങിയത് സങ്കല്‍പിക്കാനാവില്ലെന്ന് മുതിര്‍ന്ന കര്‍ഷകര്‍ പറഞ്ഞു.

RELATED STORIES

Share it
Top