വെള്ളമിറങ്ങി, മണപ്പുറത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു

ആലുവ: വെള്ളമിറങ്ങി തുടങ്ങിയതോടെ ഒലിച്ചുവന്ന മാലിന്യങ്ങള്‍ മണപ്പുറത്ത് കെട്ടിക്കിടക്കുന്നു. ചെളി, പ്ലാസ്റ്റിക്, പുല്ല്കൂട്ടം, ഇല്ലി തുടങ്ങിയ മാലിന്യമാണ് മണപ്പുറത്ത് പെരിയാറിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത്.
മണപ്പുറം ക്ഷേത്രത്തിന് മുന്‍പിലെ ആല്‍ത്തറയില്‍ കൂറ്റന്‍ മരത്തടിയും ഒഴുകി വന്ന് തടഞ്ഞു നില്‍ക്കുന്നുണ്ട്. ഇവയെല്ലാം മാറ്റി വൃത്തിയാക്കുന്ന ശ്രമകരമായ ജോലിയും ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം പൂര്‍വ സ്ഥിതിയിലാക്കാന്‍ വെള്ളമിറങ്ങി ദിവസങ്ങള്‍ വേണ്ടി വരും.
കൂറ്റന്‍ മരത്തടി ഒഴുകി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് മണപ്പുറത്തെ ഇരുമ്പ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു പോയിരുന്നു. അതിനാല്‍ വൈദ്യുതി ബന്ധവും ഇവിടെ വിച്ഛേദിച്ചിരിക്കുകയാണ്.
ഇലക്ട്രിസിറ്റി കേബിളുകളിലാണ് ഇവിടെ വൈദ്യുതി വിതരണം ചെയ്തിരുന്നത്. അവയെല്ലാം വെള്ളപ്പൊക്കത്തില്‍ നഷ്ടമായി. നിമജ്ഞ കടവിലേയ്ക്കു പോവുന്ന വഴിയില്‍ ആല്‍മരം മറിഞ്ഞ് വീണിരുന്നു. വ്യാഴാഴ്ച വെള്ളമിറങ്ങിയപ്പോള്‍ തന്നെ ആല്‍മരം വെട്ടി അവിടേയ്ക്കുള്ള വഴി വൃത്തിയാക്കി. തീരപ്രദേശത്തോട് ചേര്‍ന്നുള്ള ഭാഗത്ത് വെള്ളമിറങ്ങാത്തതിനാല്‍ കടവുകള്‍ വൃത്തിയാക്കാന്‍ ഇനിയും സമയമേറെയെടുക്കും. അതേസമയം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന പാമ്പുകള്‍ മണപ്പുറത്തെത്തുന്നവര്‍ക്ക് ഭീഷണിയായിട്ടുണ്ട്. വെള്ളമിറങ്ങിയപ്പോള്‍ ഇവിടെ മലമ്പാമ്പുകളുടെ ശല്യം വര്‍ധിച്ചുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. കൂടാതെ മൂര്‍ഖന്‍ പാമ്പുകളുടെ സാന്നിധ്യവും ഇവിടെയുണ്ട്. മണപ്പുറത്തെത്തുന്നവര്‍ പുല്ലിലൂടേയും വെള്ളത്തിലൂടേയും നടക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ക്ഷേത്രം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top