വെള്ളപ്പൊക്ക ഭീഷണിയില്‍ മഞ്ചേരി

മഞ്ചേരി: കാലവര്‍ഷം ശക്തിയാര്‍ജിച്ചതോടെ മഞ്ചേരി നഗരവും സമീപ ഗ്രാമങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. ഒരാള്‍ മരിക്കുകയും ചെയ്തു. ചീതോടത്ത് പാടത്തെ വെളളക്കെട്ടില്‍ വീണ് മംഗലന്‍ അബൂബക്കറിന്റെ മകന്‍ സുനീര്‍ (33)ആണ് മരിച്ചത്. രാവിലെ പാടശേഖരത്തില്‍ വെളളം കയറിയതു കാണാന്‍ വീട്ടില്‍ നിന്നു പോയ യുവാവ് തിരിച്ചെത്താത്തിനെ തുടര്‍ന്ന്് നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ ഏറനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ആറു വീടുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പെരകമണ്ണ വില്ലേജില്‍ ആറു കുടുംബങ്ങളെയും വെള്ളപൊക്കം കണക്കിലെടുത്ത് മഞ്ചേരി അയനികുത്ത് കോളനിയിലെ ഏഴു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കിഴുപറമ്പ്, ഊര്‍ങ്ങാട്ടി, പെരകമണ്ണ, മഞ്ചേരി വില്ലേജ് പരിധികളില്‍ താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നഷ്ടമുണ്ടായി. മഴയിലും കാറ്റിലും വ്യാപകമായ കൃഷി നാശമുണ്ടായി. 17 ലക്ഷം രൂപയുടെ കൃഷി പൂര്‍ണമായും നശിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൃഷിനാശം സംബന്ധിച്ച നഷ്ടം കണക്കുകൂട്ടി വരികയാണെന്നും നഷ്ടം ഇനിയും ഇരട്ടിയാകുമെന്നും അധികൃതര്‍ പറഞ്ഞു.  കനത്ത മഴ തുടരുമ്പോള്‍ വെള്ളപ്പൊക്ക ഭീണിയിലാണ് മഞ്ചേരി നഗരവും സമീപ ഗ്രാമങ്ങളും. ഉയര്‍ന്ന പ്രദേശങ്ങളില്‍ കുന്നിടിച്ചില്‍ ഭിഷണിയും നിലനില്‍ക്കുന്നു. മഞ്ചേരി ജസീല ജംഗ്ഷനില്‍ നാലു കുടുംബങ്ങളെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ജസീല ജങ്ഷനില്‍ വെള്ളമുയര്‍ന്നതിനാല്‍ നിലമ്പൂര്‍ റോഡില്‍ ഗതാഗത തടസ്സമുണ്ടായി. തുറക്കല്‍ ബൈപാസ് ജങ്ഷനിലും വെള്ളം ഉയര്‍ന്നത് ഗതാഗതം നിലക്കാന്‍ കാരണമായി. ഇവിടങ്ങളില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഓട നിര്‍മാണം പൂര്‍ത്തിയാവാത്തതും തോട് കരകവിഞ്ഞതുമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. രാജീവ്ഗാന്ധി ബൈപ്പാസ് റോഡും വെള്ളത്തില്‍ മുങ്ങി. കാക്കത്തോട് കരകവിഞ്ഞതിനാല്‍ നെല്ലിക്കുത്തും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. മുള്ളമ്പാറ നീലിപ്പറമ്പ് പ്രദേശം വെള്ളക്കെട്ടിനാല്‍ ഒറ്റപ്പെട്ടു. പുല്ലാര, വള്ളുവമ്പ്രം, അത്താണിക്കല്‍ മേഖലകളിലും വെള്ളപ്പൊക്കം ജനജീവിതം സ്തംഭിപ്പിച്ചു. പൂക്കോട്ടൂരില്‍ ഗൈല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മണ്ണുമാന്തിയന്ത്രങ്ങളും മറ്റുപകരണങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ട് രൂപപ്പെട്ട് പാടശേഖരങ്ങളില്‍ കുട്ടികളടക്കമുള്ളവര്‍ ഇറങ്ങുന്നത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്. നഗരമാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന വലിയട്ടിപ്പറമ്പില്‍ ഒന്‍പത് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ തോട് കരകഞ്ഞൊഴുകുന്നതിനാല്‍ മഴവെള്ളവും മാലിന്യങ്ങളും വീടുകളില്‍ തളംകെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇവിടെ ശുദ്ധജല സ്രോതസുകളും മലിനമായി. ഇതോടെ ബന്ധുവീടുകളില്‍ അഭയം തേടുകയാണ് മിക്ക കുടുംബങ്ങളും. പയ്യനാട് പിലാക്കല്‍ കമ്പത്ത് നാലു വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസയോഗ്യമല്ലാതായി. വീടുകള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞും, വീടുകളിലേക്ക് വെള്ളം കവയറിയുമാണ് നാശം സംഭവിച്ചിരിക്കുന്നത്. പാപനിപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാരിയാട് കോട്ടമ്മല്‍ അബ്ദുറസാഖിന്റെയും കൈതക്കോടന്‍ അബൂബക്കറിന്റെയും  വീടിന്റെ പിന്‍ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. എളങ്കൂര്‍ വില്ലേജിലെ ആലുങ്ങലില്‍ നിര്‍മാണത്തിലിരിക്കുന്ന  വീട് നിലംപൊത്തി. ചീരാന്‍തൊടിക ആയിഷയുടെ വീടാണ് തകര്‍ന്നത്. ചെമ്പ്രശ്ശേരി കാരിപ്പറമ്പില്‍ ആമിന എന്നവരുടെ വീടിലേക്കു വെള്ളം കയറി. ഇതോടെ ഇവരുടെ കുടുംബത്തെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. പുല്‍പ്പറ്റയില്‍ മംഗലന്‍ ആമിനകുട്ടിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞുവീണു. കാരക്കുന്ന് തൊള്ളാംപാറയില്‍ ക്വാറിയിലേക്കും മണ്ണിടിച്ചിലുണ്ടായി. പയ്യനാട് ചോലക്കല്‍ ചെറാംകുത്ത് റോഡില്‍ തോട്ടുപൊയില്‍ ജിഎല്‍പി സ്‌കൂളിന് സമീപം കുന്നിടിഞ്ഞ് ഗതാഗത തടസ്സം അനുഭവപ്പെട്ടു.

RELATED STORIES

Share it
Top