വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് എല്ലാവരും രംഗത്തിറങ്ങണം: മുഖ്യമന്ത്രി

കൊല്ലം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്കക്കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കലക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം.
സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണു സംസ്ഥാനത്തുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ നിര്‍വഹിക്കുവാന്‍ പൊതുവില്‍ സാധിച്ചിട്ടുണ്ട്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ തുടരുന്നവര്‍ക്കും ആവശ്യമായ സഹായം എത്തിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പ്രസ്ഥാനങ്ങളും മാതൃകാപരമായ പങ്കുവഹിച്ചിട്ടുണ്ട്. തുടര്‍ന്നും ഈ സഹകരണം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയണം.
ക്യാംപുകളില്‍ നല്ല ഭക്ഷണവും ശുദ്ധജലവും മുടക്കമില്ലാതെ ലഭിക്കുന്നെന്ന് ഉറപ്പാക്കണം. കുട്ടനാട്ടിലെ ക്യാംപുകളില്‍ പച്ചക്കറികള്‍ എത്തിക്കാന്‍ ഹോര്‍ട്ടി കോര്‍പ് നടപടി സ്വീകരിക്കണം. കുട്ടനാട്ടില്‍ ശുദ്ധജലം വലിയ കുപ്പികളിലും ജാറുകളിലുമാക്കി വള്ളങ്ങളില്‍ ജനങ്ങള്‍ക്ക് എത്തിച്ചുനല്‍കണം. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തണം. വെള്ളം ഇറങ്ങി, സാധാരണ നിലയില്‍ എത്തുന്നതുവരെ ഇത് തുടരണം. ക്യാംപുകളില്‍ വരാതെ വീടുകളില്‍ കഴിയുന്നവര്‍ക്കും ആവശ്യമെങ്കില്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ചവ്യാധി വ്യാപിക്കാതിരിക്കാന്‍ കരുതലോടെയുള്ള ഇടപെടല്‍ വേണം. എല്ലായിടത്തും ഡോക്ടര്‍മാരുടെ സേവനവും ആവശ്യത്തിന് മരുന്നും ഉണ്ടാവണം. ക്യാംപുകളില്‍ മതിയായ ടോയ്—ലറ്റ് സൗകര്യം ഉറപ്പാക്കണം.
കുട്ടനാട്ടില്‍ ബയോ ടോയ്‌ലെറ്റുകള്‍ സജ്ജമാക്കണം. രണ്ടോ അതിലധികമോ ദിവസം വീട്ടില്‍ വെള്ളം കെട്ടിനിന്നവര്‍ക്ക് 3800 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. കലക്ടര്‍മാര്‍ മുന്‍കൈയെടുത്ത് ഈ തുക കൊടുത്തുതീര്‍ക്കണം. പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് അവ നല്‍കാന്‍ നടപടി സ്വീകരിക്കണം. വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമയമാണിത്. ആലപ്പുഴയിലും കോട്ടയത്തും ഇതിനുള്ള സമയപരിധി നീട്ടിക്കൊടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top