വെള്ളപ്പൊക്കം; 1500ലേറെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നേപ്പാളില്‍ കുടുങ്ങി

ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാല്‍പതോളം മലയാളികള്‍ ഉള്‍പ്പെടെ 1500ലധികം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നേപ്പാളില്‍ കുടുങ്ങി. കൈലാസ്-മാനസരോവര്‍ തീര്‍ത്ഥയാത്രയ്ക്കു പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. 104 പേരെ വിമാനത്തില്‍ സിമികോട്ടില്‍ നിന്നു രക്ഷപ്പെടുത്തി നേപ്പാള്‍ഗഞ്ചിലേക്ക് എത്തിച്ചു.
നേപ്പാള്‍ വ്യോമസേനയുടെ 11 വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. അതിനിടെ, ആന്ധ്ര സ്വദേശിയായ തീര്‍ത്ഥാടകന്‍ ഹില്‍സയില്‍ മരിച്ചു. ഒരു മലയാളി വനിത ഇന്നലെ മരിച്ചിരുന്നു. മലപ്പുറം വണ്ടൂര്‍ കിടങ്ങഴി മന കെ എം സേതുമാധവന്റെ ഭാര്യ ലീല അന്തര്‍ജനം (56) ആണ് മരിച്ചത്. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് വിവരം. സ്വകാര്യ ടൂര്‍ ഓപറേറ്റര്‍ വഴി പോയ സംഘത്തിലെ അംഗമായിരുന്നു.
സിമികോട്ട്, ഹില്‍സ, നേപ്പാള്‍ഗഞ്ച് എന്നീ മൂന്ന് ക്യാംപുകളിലായി 1,575 പേരാണ് കുടുങ്ങിയത്. ഇതില്‍ 290 പേര്‍ കര്‍ണാടകക്കാരാണ്. തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. പ്രായമായവര്‍ക്ക് ചികില്‍സയ്ക്കും മറ്റുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക ഹെലികോപ്റ്ററുകളുടെ സേവനം നേപ്പാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെ സഹായത്തോടെ മൂന്ന് ക്യാംപുകളിലെ തീര്‍ത്ഥാടകരെയും ഒരുമിപ്പിച്ച് തിബത്തന്‍ ഭാഗം വഴി യാത്ര പുനരാരംഭിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ ഹോട്ട്‌ലൈന്‍ നമ്പറുകളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. മലയാളത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് +977 9808500644 (രഞ്ജിത്ത്) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

RELATED STORIES

Share it
Top