വെള്ളപ്പൊക്കം ശമിച്ചു; ഒറ്റപ്പെട്ട് കുട്ടനാട്

ആലപ്പുഴ: മഴ മാറിയതോടെ രണ്ടാഴ്ച നീണ്ട വെള്ളപ്പൊക്കത്തിന് നേരിയ ശമനമായെങ്കിലും കുട്ടനാട്ടില്‍ ദുരിതമൊഴിയുന്നില്ല. രണ്ടു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സമാനതകളില്ലാത്ത ദുരിതമാണ് ആലപ്പുഴ ജില്ലയിലും കുട്ടനാട്ടിലും സംഭവിച്ചിട്ടുള്ളത്. വെള്ളമിറങ്ങുന്നതോടെ കുട്ടനാട്ടിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മറ്റും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പേമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഏറ്റവുമധികം നാശനഷ്ടമുണ്ടായത് കുട്ടനാട്ടിലും ആലപ്പുഴ ജില്ലയിലുമാണ്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതേവരെ 25 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ അധികാരികള്‍ കണക്കാക്കിയിട്ടുള്ളത്. ഇന്നലെ മാത്രം ജില്ലയില്‍ 2.25 കോടിയുടെ കൃഷിനാശമുണ്ടായി. എട്ടു വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 1.35 ലക്ഷത്തിന്റെയും ഒരു വീട് പൂര്‍ണമായി തകര്‍ന്നതില്‍ 1.5 ലക്ഷത്തിന്റെയും നഷ്ടം കണക്കാക്കുന്നു. ഏത്തവാഴ ഉള്‍പ്പെടെയുള്ള പച്ചക്കറി കൃഷികള്‍ നശിച്ച ഇനത്തില്‍ മാത്രം ജില്ലയില്‍ ഇന്നലെ 1.45 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്. മറ്റു കൃഷികളുടെയും കന്നുകാലികളുടെയും മറ്റും നഷ്ടം വേറെയാണ്.
തുടര്‍ച്ചയായി രണ്ടു ദിവസം വെയില്‍ ലഭിച്ചതോടെ മുപ്പതോളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പിരിച്ചുവിട്ടു. ശേഷിക്കുന്ന 263 ക്യാംപുകളിലായി 15,930 കുടുംബങ്ങളാണുള്ളത്. അമ്പലപ്പുഴ താലൂക്കിലാണ് ഏറ്റവുമധികം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടനാട്ടില്‍ 459 കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളില്‍ 27,823 കുടുംബങ്ങളില്‍ നിന്നുള്ള 1.13 ലക്ഷം പേര്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ 29 കേന്ദ്രങ്ങളിലായി 5,268 പേര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
എന്നാല്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.  അതേസമയം, കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയ കുടുംബങ്ങള്‍ ഇനിയും തിരിച്ചുവന്നിട്ടില്ല. ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ കുട്ടികളെ എങ്ങനെ എത്തിക്കുമെന്ന കാര്യത്തിലും രക്ഷകര്‍ത്താക്കള്‍ക്ക് ആശങ്കയുണ്ട്. എസി റോഡിലെ കെഎസ്ആര്‍ടിസി സര്‍വീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല.
ഈ ദിവസങ്ങളില്‍ കുട്ടനാട്ടില്‍ മരിച്ച പലരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ മാര്‍ഗമില്ല എന്നതും സംസ്‌കരിക്കാന്‍ വഴിയില്ല എന്നതും കൊണ്ടാണിത്. വൈക്കത്ത് പാടശേഖരത്തില്‍ പമ്പ് ഓപറേറ്ററായിരുന്ന എ ഡി ജോസഫിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാടശേഖരത്തിന്റെ മട പൊട്ടിയതിനെ തുടര്‍ന്ന് ഹൃദയാഘാതം വന്നാണ് ജോസഫ് മരിച്ചത്. എന്നാല്‍, ബന്ധുക്കളില്‍ ചിലര്‍ക്കു മാത്രമേ ജോസഫിന്റെ മൃതദേഹം കാണാന്‍ പോലും കഴിഞ്ഞിട്ടുള്ളൂ. എടത്വ പച്ചയില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ച രണ്ടു വയസ്സുകാരി എയ്ഞ്ചലിന്റെ മൃതദേഹം കിലോമീറ്ററുകളോളമുള്ള വെള്ളം കടന്നാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എടത്വ പള്ളിയിലെത്തിച്ച് സംസ്‌കരിച്ചത്.

RELATED STORIES

Share it
Top