വെള്ളപ്പൊക്കം മുതലാക്കി ചെങ്ങന്നൂര്‍ താലൂക്കില്‍ വ്യാപക മോഷണം

ചെങ്ങന്നൂര്‍: താലൂക്കില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മുതലാക്കി മോഷണവും. പേരിശ്ശേരി ഭാഗത്താണ് കള്ളന്‍മാരുടെ വിളയാട്ടം രൂക്ഷമായിട്ടുള്ളത്. ഇവിടെ രണ്ട് വീടുകളില്‍ നിന്നായി 25,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. 12 വീടുകളില്‍ മോഷണ ശ്രമവും നടന്നതായി പരാതിയുണ്ട്.
കൈയില്‍ കത്തിയുമായി മോഷ്ടാക്കളെ ചില വീട്ടുകാര്‍ കണ്ടതായി പറയപ്പെടുന്നു. നവമാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തയെ തുടര്‍ന്ന് ജനം ഭീതിയിലാണ്. സ്വകാര്യവ്യക്തിയുടെ വീട്ടിലെ സിസിടിവി കാമറയില്‍ നിന്ന് രണ്ട് മോഷ്ടാക്കളുടെ ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട്. മണ്ണൂര്‍ പടിഞ്ഞാറേതില്‍ രാജശങ്കരന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ അടുക്കളവാതില്‍ പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടന്നത്.  ഇവിടെ മേശപ്പുറത്ത് വച്ചിരുന്ന 9500 രൂപ കവര്‍ന്നു. സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. സമീപത്തു തന്നെ വിശ്വഭവനം വീട്ടില്‍ നിന്ന് ഒരു ജോഡി കമ്മലും മോതിരവും മോഷണം പോയി. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ചേര്‍ത്തല സ്വദേശികള്‍ സ്വന്തം വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണു വിവരം അറിയുന്നത്. മറ്റൊരു വീട്ടില്‍ നിന്ന് 16,000 രൂപയും മോഷണം പോയി. ഇവര്‍ പോലിസില്‍ പരാതിപ്പെട്ടിട്ടില്ല. പേരിശേരി ചിറയില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ചെങ്കിലും മോഷണശ്രമം പാഴായി.

RELATED STORIES

Share it
Top