വെള്ളത്തൂവല്‍ സമരം: എംപി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ചെറുതോണി: വെള്ളത്തൂവല്‍ വില്ലേജ് ഓഫീസിനു മുന്നിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലുമായി നടന്നുവരുന്ന ജനകീയസമരം അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ ഉടന്‍ ഇടപെടാമെന്നും പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചതായും എംപി വ്യക്തമാക്കി.
മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന 2010 ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ ജില്ലാ കളക്ടര്‍ എ കൗശികനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മൂന്നാറിന്റെ കാര്യം മാത്രം ഹൈക്കോടതി പരാമര്‍ശിക്കെ സമീപത്തുള്ള എട്ട് വില്ലേജുകളില്‍കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മുന്‍ ജില്ലാ കലക്ടറുടെ നടപടി ദുരുദ്ദേശപരമാണ്. കപട പരിസ്ഥിതി- രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സമ്മര്‍ദഫലമായാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തയ്യാറാക്കപ്പെട്ട ഉത്തരവ് 2016 ജൂണ്‍ 9ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടാഴ്ചപോലും തുകയുന്നതിന് മുമ്പ് നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുന്നതിന് മുമ്പുതന്നെ പൊടുന്നനെയാണ് കലക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. മൂന്നാര്‍ ദേവികുളം, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി, തുടങ്ങി ഏഴ് പഞ്ചായത്തുകളെയാണ് ഉത്തരവ് നേരിട്ട് ബാധിക്കുന്നത്. എട്ട് വില്ലേജുകള്‍ക്കുള്ളില്‍ വീടുവയ്ക്കുന്നതിന് പോലും സബ് കലക്ടറുടെ മുന്‍കൂര്‍ അനുമതി വേണം. രാജഭരണത്തെ വെല്ലുന്ന രീതിയിലുള്ള ഉദ്യോഗസ്ഥരാജാണ് കലക്ടറുടെ ഉത്തരവിലൂടെ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും എംപി പറഞ്ഞു.

RELATED STORIES

Share it
Top