വെള്ളത്തില്‍ മുങ്ങിയിട്ടും മടവൂര്‍ പ്രളയബാധിതമല്ലെന്ന് അധികൃതര്‍

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്തിലെ 250 ല്‍ പരം വീടുകളില്‍ വെള്ളം കയറിയിട്ടും ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചിട്ടും അധികൃതര്‍ മടവൂരിനെ പ്രളയബാധിത ലിസ്റ്റില്‍ നിന്നും പുറന്തള്ളി .ഇതു കാരണം മടവൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരന്റെ സഹായങ്ങള്‍ നിഷേധിക്കാന്‍ നീക്കം.
പൂനൂര്‍ പുഴയും മൂന്നാംപുഴ തോടും നിറഞ്ഞ് കവിഞ്ഞ് ദിവസങ്ങളോളം ദുരിതമനുഭവിച്ചവരാണ് ഇങ്ങനെ പുറന്തള്ളപ്പെടുന്നത്. മടവൂരിലെ 200 ല്‍ അധികം കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം ധനസഹായം നേരത്തെ അനുവദിച്ചിരുന്നു.
50 ല്‍ പരം കുടുംബങ്ങള്‍ക്ക് തുക അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. ആ ഇരുട്ടടിക്കിടയിലാണ് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ ലഭിക്കാന്‍ അപേക്ഷ നല്‍കിയവരോട് മടവൂര്‍ പ്രളയബാധിതമല്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞത്. ബാങ്കുകള്‍ക്ക് ലഭിച്ച ഉത്തരവു പ്രകാരം താമരശ്ശേരി താലൂക്ക് മാത്രമെ പ്രളയബാധിതമുള്ളൂ, കോഴിക്കോട് താലൂക്കില്‍പെട്ടവര്‍ക്ക് വീട്ടുപകരണ വായ്പയും കൃഷി നാശത്തിനുള്ള ധനസഹായവും ഇക്കാരണത്താല്‍ നിഷേധിക്കപ്പെടും. കുടുംബശ്രീകള്‍ ജെഎല്‍ജി മുഖേന എടുത്ത വായ്പ തിരിച്ചടവില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. ഇത് പാവപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് തിരിച്ചടിയായിരിക്കയാണ്. മാത്രമല്ല കോഴിക്കോട് താലൂക്കിലെ നിരവധി പഞ്ചായത്തുകളിലും കോര്‍പ്പറേഷനിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട് .ഈ കുടുംബങ്ങളെല്ലാം ധനസഹായം ലഭിക്കാതെ പ്രയാസപ്പെടും.കോഴിക്കോട് താലൂക്കിനെ അടിയന്തിരമായി പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന് ജനതാദള്‍ യുഡിഎഫ് വിഭാഗം സംസ്ഥാന സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top