വെള്ളത്തിനായി കരകടന്ന് കാക്കമാട് നിവാസികള്‍

ചേറ്റുവ: വെങ്കിടങ്ങ് പഞ്ചായത്തിലെ കാക്കാമാട് പ്രദേശത്തുള്ള വിവിധ തൊഴിലാളി കുടുംബങ്ങളുടെ ശാപം തീരുന്നില്ല. ഈ കൊല്ലവും കടുത്ത വരള്‍ച്ച മൂലം വഞ്ചികളില്‍ മറ്റു കരകളില്‍ പോയി വെള്ളം കൊണ്ടുവന്നാണ് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.
കുടിവെള്ളപൈപ്പുകളില്‍ സ്ഥിരമായി വെള്ളം വരാത്തതു മൂലം ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിവിധ വീടുകളുടെ മുറ്റത്തുള്ള കിണറുകളില്‍ നിന്നും കുടങ്ങളിലും മറ്റു പാത്രങ്ങളിലും വെള്ളം ശേഖരിച്ച് കൈയ്യിലും തലയിലുമായി കൊണ്ടുവന്ന പുഴയോരത്ത് അടുപ്പിച്ച വഞ്ചിയില്‍ നിറക്കും.
തുടര്‍ന്ന് ചേറ്റുവ പുഴയിലെ ഓളങ്ങള്‍ താണ്ടി വഞ്ചികളില്‍ കുടിവെള്ളം വീടുകളിലേക്ക് കൊണ്ടുപോകും. വര്‍ഷങ്ങള്‍ ഏറെയായി കാക്കമാട് പ്രദേശത്തുള്ളവര്‍ ഇങ്ങിനെയാണ് വെള്ളം ശേഖരിക്കുന്നത്. കാക്കമാട് പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് അധികൃതര്‍ അടിയന്തിരമായി മുന്‍കൈയ്യെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top