വെള്ളക്കെട്ട്: അശാസ്ത്രീയ നിര്‍മിതികള്‍ അധികൃതര്‍ നീക്കംചെയ്തു

വണ്ടിപ്പെരിയാര്‍: ദേശീയപാതയില്‍ അശാസ്ത്രീയമായി നിര്‍മിച്ച കല്ല് കെട്ടുകള്‍ ദേശീയ പാത വിഭാഗം പൊളിച്ചു നീക്കി. കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയ പാതയില്‍ ചുരക്കളം കവലയിലും നെല്ലിമലയിലും കെട്ടിയ സംരക്ഷണഭിത്തിയുടെ ഭാഗങ്ങളാണ് പൊളിച്ചത്. 2015ല്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും 15 ലക്ഷം  മുതല്‍ മുടക്കിയാണ് പെരിയാര്‍  ചോറ്റുപാറ കൈത്തോടിലെ വെള്ളം കയറാതിരിക്കാന്‍ വേണ്ടി ചുരക്കുളം കവലയിലും നെല്ലിമലയിലും മതില്‍ നിര്‍മിച്ചത്.
പത്ത് ദിവസമായി കൊട്ടാരക്കര ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍-കക്കികവല മുതല്‍ നെല്ലിമല വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളം കയറുകയും  ഗതാഗതം പൂര്‍ണ്ണമായും  തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതുകൂടാതെ ഇവിടെ  താമസിക്കുന്ന കുടുംബങ്ങളുടെ വീടിനുള്ളിലും വെള്ളം കയറിയതിനാല്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. തോട്ടം മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രം ചുരക്കുളം ആശുപത്രിയില്‍ വെള്ളം കയറിയതിനാല്‍ രോഗികള്‍ക്ക് എത്താന്‍ കഴിയാതെയും ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി.
ഇതോടൊപ്പം  കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാത വഴി കടന്നുപോകുന്ന  മുഴുവന്‍ യാത്രക്കാരും 28 കിലോമീറ്റര്‍ ചുറ്റിയാണ് പോയിരുന്നത്. കര്‍ക്കിടകം ആരംഭിച്ചതോടെ ഇതര സംസ്ഥാനത്ത് നിന്നും ശബരിമലയ്ക്ക് പോകുന്ന നിരവധി അയ്യപ്പഭക്തരുടെ വാഹനം രാത്രികാലങ്ങളില്‍ വെള്ളത്തില്‍ ഇറക്കിയതിന് തുടര്‍ന്ന്  കേടാകുകയും ചെയ്തിരുന്നു. നാട്ടുകാരുടെ  പ്രതിഷേധത്തിനൊടുവിലാണ് ദേശീയപാത വിഭാഗം  ജില്ലാ  പഞ്ചായത്ത്  പണികഴിപ്പിച്ച 15 ലക്ഷം രൂപയുടെ മതില്‍ക്കെട്ട്  ഇടിച്ചുകളയാന്‍  തിരുമാനിച്ചത്.
എന്നാല്‍ കാക്കികവല  ഭാഗത്ത്  മതില്‍ക്കെട്ടിന് ഒരു ഭാഗം പൊളിച്ചപ്പോള്‍ തോട്ടിലൂടെ ഒഴുകേണ്ട വെള്ളം കൂടുതലായി  റോഡിലേക്ക് കയറാന്‍ തുടങ്ങി ഇതേതുടര്‍ന്ന് മതില്‍ പൊളിക്കുന്നത് നിര്‍ത്തുകയും ചെയ്തു.   പെരിയാര്‍ നദിയുടെ ഏറ്റവും പ്രധാനപ്പെട്ട കൈത്തോട് ആയ പെരിയാര്‍ ചോറ്റുപാറ കൈത്തോട് മിക്കസ്ഥലങ്ങളിലും 6 മീറ്റര്‍ വീതിയുണ്ടായിരുന്നത്  ഇപ്പോള്‍  2 മീറ്റര്‍ 3 മീറ്റര്‍ എന്നീ വീതിയിലാണ്  പെരിയാര്‍ വരെ കടന്നുപോകുന്നത് ഇതുകൊണ്ടുതന്നെയാണ് വെള്ളം കയറുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ ഭാഗത്ത് പൊതുജനങ്ങള്‍ കൈയേറിയ ഭൂമി തിരിച്ചു പിടിച്ച് റോഡിന് വീതി കൂട്ടി തോട് സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലക്ഷങ്ങള്‍ മുടക്കി കലുങ്ക് നിര്‍മ്മിച്ചിട്ടും കലുങ്കിന്റെ നിര്‍മാണത്തിന്റെ അപാകത മൂലം വെള്ളം കയറുന്നത് തിരികെ ഇറങ്ങാത്ത അവസ്ഥയാണ്. നെല്ലിമലയില്‍ വെള്ളം ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ്  കലുങ്ക് സ്ഥിതി ചെയ്യുന്ന കക്കിക്കവലയില്‍ വെള്ളം ഇറങ്ങുന്നത്. കക്കിക്കവല, നെല്ലിമല,ചുരക്കുളം എന്നിവടങ്ങളിലായി ദേശീയ പാതയോരത്ത് 150തോളം വീടുകള്‍ ഉണ്ട്.
പാതയില്‍ വെള്ളം കയറിയാല്‍ അമ്പതോളം വീടുകളുടെ മുറ്റത്തും വെള്ളം കയറും. ഈ സമയങ്ങളില്‍  ബന്ധുവീടുകളിലേയ്ക്കും മറ്റും സമീപവാസികള്‍ മാറി താമസിക്കുകയാണ് പതിവ്.

RELATED STORIES

Share it
Top