വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

കോട്ടയം: കനത്ത മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയതിനു പിന്നാലെ ആശങ്കപരത്തി പകര്‍ച്ചവ്യാധികളും. റോഡില്‍നിന്നും വീട്ടിനുള്ളില്‍നിന്നും വെള്ളമിറങ്ങിയെങ്കിലും പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നത്.
മഴ മാറിയതോടെ പകുതിയോളം പേര്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഉപേക്ഷിച്ചു സ്വന്തം വീടുകളിലേക്കു മടങ്ങിയിരുന്നു. 137 ക്യാംപുകളാണ് ഇതുവരെ പിരിച്ചുവിട്ടത്. ഇന്നലെയാണ് 23 ക്യാംപുകള്‍ പിരിച്ചുവിട്ടത്. ഇവരുടെ വീടുകളുടെ ഉള്‍ഭാഗവും പരിസരവും മാലിന്യവും ചെളിയും നിറഞ്ഞ് ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദിവസങ്ങള്‍ പണിയെടുത്തെങ്കില്‍ മാത്രമേ വീട് വൃത്തിയാക്കാന്‍ കഴിയുകയുള്ളൂ. കക്കൂസും ഡ്രെയ്‌നേജും മാലിന്യക്കുഴികളും നിറഞ്ഞു കവിഞ്ഞതുമൂലം ഇവിടങ്ങളിലെ മാലിന്യങ്ങള്‍ വെള്ളക്കെട്ടില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.
മഴ മാറി കുറച്ചുദിവസം വെയില്‍ ലഭിച്ചെങ്കില്‍ മാത്രമേ വെള്ളക്കെട്ട് പൂര്‍ണമായി മാറുകയുള്ളൂ. ഈ വെള്ളക്കെട്ടിലാണ് ഇപ്പോള്‍ കൊതുകുകളും കൂത്താടികളും മുട്ടയിട്ട് പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ പ്രകാരം പനിബാധിതരായെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇന്നലെ ജില്ലയില്‍ 530 പേര്‍ക്കാണ് പനിബാധിച്ചത്. മഴയാരംഭിച്ച് ഒരാഴ്ചയ്ക്കിടെ 3,940 പേര്‍ക്കും പനി റിപോര്‍ട്ട് ചെയ്തതാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈമാസം ഇതുവരെ 10,714 പേര്‍ക്കാണ് പനിബാധിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ആറു മാസത്തിനിടെ ജില്ലയിലെ പനിക്കാരുടെ കണക്ക് 51,855 ആണ്. മരണം അഞ്ചും. 61 പേര്‍ക്ക് വയറിളക്കവും നാലുപേര്‍ക്ക് ചിക്കന്‍പോക്‌സും എരുമേലി, മാഞ്ഞൂര്‍ എന്നിവിടങ്ങളിലായി രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയും റിപോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ 48 പേര്‍ക്കാണ് ജില്ലയില്‍ ചിക്കന്‍പോക്‌സ് കണ്ടെത്തിയത്. ഇന്നലെ ഒരാള്‍ക്കുകൂടി എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിലാണ് എലിപ്പനി കണ്ടെത്തിയത്. അതിരമ്പുഴ, ഏറ്റുമാനൂര്‍, മാടപ്പള്ളി, പള്ളിക്കത്തോട് എന്നിവിടങ്ങളിലാണ് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ പകര്‍ച്ചവ്യാധികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യാശുപത്രികളിലും പനിബാധിതരായി ദിവസേന നൂറുകണക്കിനാളുകളാണ് ചികില്‍സ തേടിയെത്തുന്നത്. ഇതുകൂടി പരിശോധിച്ചാല്‍ പനിബാധിതരുടെ എണ്ണം ഇതിലും ഉയരും.

RELATED STORIES

Share it
Top