വെള്ളക്കെട്ടും മാലിന്യവും: മേയര്‍ക്കെതിരേ കൗണ്‍സിലര്‍മാര്‍; സര്‍ക്കാരിനെ പഴിചാരി മേയര്‍കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നീക്കവും ചര്‍ച്ചചെയ്യാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരേ കൗണ്‍സിലര്‍മാര്‍ ആഞ്ഞടിച്ചു. കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ താഴെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളും ഉയര്‍ന്നതോടെ കൗണ്‍സില്‍ നടപടികള്‍ നിര്‍ത്തിവെച്ച് മേയര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. ചര്‍ച്ചയുമായി സഹകരിക്കണമെന്ന മേയറുടെ അഭ്യര്‍ഥന മാനിച്ച് കൗണ്‍സിലര്‍മാര്‍ സീറ്റുകളിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൗണ്‍സില്‍ നടപടികള്‍ പുനരാരംഭിച്ചത്. നഗരത്തിലെ മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ കുറ്റപ്പെടുത്തി. മാലിന്യ നീക്കത്തില്‍ പാളിച്ച പറ്റിയതായി ഡെപ്യൂട്ടിമേയര്‍ ടി ജെ വിനോദ് തുറന്ന് സമ്മതിച്ചു. ലോറികള്‍ വിട്ടു നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായും അദ്ദേഹം പറഞ്ഞു. സ്ഥിരംസമിതി അക്ഷന്‍ പി എം ഹാരിസ്, കെ ആര്‍ പ്രേംകുമാര്‍, എം പ്രേമചന്ദ്രന്‍, ആന്റണി പൈനൂത്തറ  മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ചു. നഗരം മുമ്പൊന്നും ഇല്ലാത്തവിധം ചീഞ്ഞു നാറുകയാണെന്ന് കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു പറഞ്ഞു. മട്ടാഞ്ചേരിയിലെ നഗരസഭ ഓഫിസില്‍ ഈച്ച ശല്യം രൂക്ഷമായി. ദുര്‍ഗന്ധം മൂലം ഓഫിസിലേക്ക് കടക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ പി എസ് പ്രകാശന്‍, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ഡോ. പൂര്‍ണിമ നാരായണന്‍ മാലിന്യ നീക്കം കാര്യക്ഷമമല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചു. തേവര-പേരണ്ടൂര്‍ കനാലിലെ ചെളികോരല്‍ വൈകിയത് സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടാണെന്ന് മേയര്‍ പറഞ്ഞു. സോഫ്റ്റ് വെയറില്‍ സര്‍ക്കാര്‍ പെട്ടെന്ന് മാറ്റം വരുത്തിയതിനാല്‍ നടപടിക്രമങ്ങള്‍ വൈകി. വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടിവന്നു. പിന്നീട് ടെന്‍ഡര്‍ വിളിച്ചുവെങ്കിലും കരാറുകാര്‍ പങ്കെടുത്തില്ല.വെള്ളക്കെട്ടിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ ശാസിച്ചുവെന്ന വാര്‍ത്തകളും മേയര്‍ നിഷേധിച്ചു. ഗസ്റ്റ്ഹൗസിലെ വെള്ളക്കെട്ട് നീക്കുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പക്ടറെ അയയ്ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മര്യാദയുടെ പേരില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച താന്‍ കനാലുകളിലെ ചെളികോരുന്നതിന് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചു. വിവിധ ഏജന്‍സികളുടെ കാര്യക്ഷമമായ സഹകരണം ലഭിക്കാതെ പോയതാണ് വെള്ളക്കെട്ടിന് കാരണം. പിഡബ്ല്യൂഡി, കൊച്ചിമെട്രോ, റെയില്‍വേ, പോര്‍ട്ട് ട്രസറ്റ്, ജലഅതോറിട്ടി തുടങ്ങിയവരുടെ സഹകരണം ലഭിച്ചില്ല. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ചെറിയ കാനകളും വലിയ തോടുകളും ബന്ധിപ്പിച്ച് ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മേയര്‍ പറഞ്ഞു. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് അതിരൂക്ഷമാണെന്നും അതിന് മെട്രോയോ മറ്റ് ഏജന്‍സികളോ കാരണക്കാരല്ലെന്നും പി കെ പ്രകാശന്‍ പറഞ്ഞു.

RELATED STORIES

Share it
Top