വെള്ളക്കെട്ടില്‍ ദുരിതമൊഴിയാതെ വീടുകള്‍

പയ്യോളി:  രണ്ടാം ഗേറ്റിന് പടിഞ്ഞാറ് മീന്‍ പെരിയ റോഡിന്റെ സമീപ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. നഗരസഭയിലെ 23, 25,26 ഡിവിഷനുകളില്‍ നിരവധി വീടുകളില്‍ വള്ളം കയറി. ഏരിപ്പറമ്പില്‍ ഇല്യാസ്, പുതിയോട്ടില്‍ ഗോപാലന്‍, കൊഞ്ചല്‍ കണ്ടി ലീല, ഏരിപ്പറമ്പില്‍  മല്ലിക, നകുലന്‍,നിടിയ ചാലില്‍ രാരിച്ചന്‍, പീടികപറമ്പില്‍ യാസര്‍, കുപ്പച്ചം കുണ്ടില്‍ മുജീബ്, ചാലില്‍ ജാനു, കണ്ണന്‍ കണ്ടി മൊയ്തീന്‍, ഏരിപ്പറമ്പില്‍ ഇസ്മയില്‍, നടുവിലേരി ആമിന, ഇയ്യോത്തില്‍ ഹുസൈന്‍, വി എം ഇസ്മയില്‍, ഏരിപ്പറമ്പില്‍ ഗോപാല കുറുപ്പ്, എന്നിവരുടെ വീടുകളിലാണ്  വെള്ളം കയറിയത്.
പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ശാശ്വത പരിഹാരം കാണണമെന്ന്  നഗരസഭാ അധികൃതരോട്  നാട്ടുകൂട്ടം റെസിഡന്റ് അസോസിയേഷന്‍  ആവശ്യപ്പെട്ടു. ഇയ്യോത്ത്, അയനിക്കാട് ആവിത്താര, കമ്പിവളപ്പില്‍,ഗാന്ധിനഗര്‍, പാണ്ടികശാല വളപ്പില്‍, സായിവിന്റെ കാട്ടില്‍ തുടങ്ങിയ കോളനികളിലും പടിഞ്ഞാറേ മൂപ്പിച്ചതില്‍ പ്രദേശം, മുന്‍സിപ്പാലിറ്റി ഓഫിസിന് കിഴക്ക് കാവുംപുറത്ത്, കണ്ണംകുളം ഏരിപ്പറമ്പ് ,ഇരിങ്ങല്‍ നടുങ്ങോട്ട് കുനി, ഭഗവാന്‍മുക്ക്, കൊളാവിപ്പാലം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.  ബീച്ച് റോഡില്‍ ലയണ്‍സ് ക്ലബ്ബിനടുത്തും, ഇയ്യോത്തില്‍ കോളനിറോഡും പയ്യോളി ഉരൂക്കര റോഡും വെള്ളത്തിനടിയിലാണ്
തിക്കോടി നടുച്ചിറയില്‍ വരിക്കോളി വയലില്‍ ചാത്തുവിന്റെ കുടുംബം വെള്ളം കയറിയതോടെ വീടൊഴിഞ്ഞു. പള്ളിക്കര സൗത്ത്, ഓടങ്കുളം, പുതുക്കോളിവയല്‍, പൂവന്‍ചാല്‍ പ്രദേശങ്ങളിലും മഴ തുടരുകയാണെങ്കില്‍, നാട്ടുകാര്‍ വീടൊഴിയേണ്ട സ്ഥിതിയിലാണ്. തുറയൂരില്‍ വിയ്യംചിറ, ജലാലയം ഭാഗങ്ങളും വെള്ളം കയറി. മറ്റു പ്രദേശങ്ങളില്‍ ഭാഗികമായി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
കോളനി പ്രദേശങ്ങളാണ് ഏറെ ദുരിതത്തില്‍. പ്രാഥമിക കര്‍മങ്ങള്‍ പോലും നിര്‍വഹിക്കാന്‍  ബുദ്ധിമുട്ടുകയാണ്. ചെറിയ പ്രദേശത്ത് നിരവധി വീടുകളും അതിനെല്ലാം തന്നെ ശൗചാലയങ്ങളും ടാങ്കുകളും അടുത്തടുത്തായി കുടിവെള്ള സ്രോതസ്സുകളുമുണ്ട്. വെള്ളം കയറിയതോടെ കുടിവെള്ളം മാലിന്യ ഭീഷണിയിലാണ്. ഇത് നിരവധി പകര്‍ച്ചവ്യാധികള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകാനും സാധ്യതയുണ്ട്.

RELATED STORIES

Share it
Top