വെള്ളക്കെട്ടിലായ വീടിന്റെ ചുമരിടിഞ്ഞ് വീണു

നെട്ടൂര്‍: മഴയില്‍ വെള്ളക്കെട്ടിലായ വീടിന്റെ ചുമരിടിഞ്ഞ് വീണു. ഏതുനിമിഷവും വീട് നിലംപൊത്താവുന്ന അപകടാവസ്ഥയില്‍ ആയിട്ടും പുതുക്കി പണിയാനുള്ള നിവൃത്തികേടുമൂലം ആ വീട്ടില്‍ തന്നെ കഴിയുകയാണ് വീട്ടുകാര്‍.
മരട് നഗരസഭ 33 ാം ഡിവിഷനില്‍ നെട്ടൂര്‍ നികര്‍ത്തില്‍ വീട്ടില്‍ ബൈജു(43), സഹോദരി രാധ(45) എന്നിവരാണ് അപകടാവസ്ഥയിലായ വീട്ടില്‍ കഴിയുന്നത്.
ദിവസങ്ങളായി പെയ്യുന്ന തുടര്‍ച്ചയായ മഴയിലും വെള്ളക്കെട്ടിലും ഒരാഴ്ച മുമ്പാണ് അടുക്കളയുടെ ചുമരും പുറകുവശത്തെ ചുമരും ഇടിഞ്ഞു വീണത്. മറ്റു വശങ്ങളിലെ ചുമരുകള്‍ ഏതു നിമിഷവും വീഴാവുന്ന തരത്തില്‍ തെന്നിമാറിയ അവസ്ഥയിലാണ്. അടുക്കളയ്ക്ക് മറയായുള്ളത് ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റാണ്. ചോര്‍ന്നൊലിക്കുന്ന ഓടിട്ട വീടിനു മുകളില്‍ പഴയ വലിയ ഫഌക്‌സ് വലിച്ചു കെട്ടിയാണ് ചോര്‍ച്ച അടച്ചിട്ടുള്ളത്.
വീട് അടച്ചു പൂട്ടാനും സാധിക്കാതെയായി. വളര്‍ത്തുനായ മാത്രമാണ് ഇപ്പോള്‍ ആകെയുള്ള സുരക്ഷിതത്വം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വീടിനു സമീപത്തെ പറമ്പിലെ വലിയമരം വീടിനു മുന്‍പിലേക്ക് മറിഞ്ഞു വീണിരുന്നു.
ഭാഗ്യം കൊണ്ടു മാത്രമാണ് വീടിനു മുകളിലേക്ക് വീഴാതിരുന്നത്. ഇവരുടെ പിതാവ് കര്‍ണന്‍ (കരുണാകരന്‍) മരിച്ചതും ചുമരിടിഞ്ഞു വീണാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊട്ടിപ്പൊളിഞ്ഞു കിടന്ന പഴയൊരു വീട് ഉടമസ്ഥരുടെ നിര്‍ദേശപ്രകാരം പൊളിച്ചു മാറ്റുമ്പോള്‍ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. അമ്മ അസുഖബാധിയയായി മരിച്ചു. ആറു മക്കളില്‍ രണ്ടു സഹോദരന്‍മാരും രണ്ടു സഹോദരിമാരും വിവാഹത്തെ തുടര്‍ന്ന് മറ്റുള്ളിടങ്ങളിലേക്ക് താമസം മാറി.
അവിവാഹിതരായ ബൈജുവും രാധയും മാത്രമാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച ഇവരുടെ അമ്മ മേനകയുടെ പേരിലാണ് വീടും സ്ഥലവും.
മറ്റു സഹോദരി സഹോദരങ്ങള്‍ വീടും സ്ഥലവും ഇവര്‍ക്ക് കൈകാര്യം ചെയ്യാന്‍ അനുവാദം കൊടുക്കുകയോ ഇവരുടെ പേരിലേക്ക് മാറ്റുകയോ ചെയ്താല്‍ മാത്രമേ ഇവരുടെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നേടിക്കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. അതിന് കാലതാമസവും നേരിടും.
നാട്ടുകാരുടേയും മറ്റ് ഫഌറ്റ് നിര്‍മാതാക്കളുടേയും സഹായ സഹകരണത്തോടെ വീട് പുതുക്കി നല്‍കുകയോ, പുതിയവീട് വച്ചു കൊടുക്കുകയോ ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയേ മാര്‍ഗമുള്ളൂവെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ദിഷാ പ്രതാപന്‍ പറഞ്ഞു.

RELATED STORIES

Share it
Top