വെള്ളം സമയബന്ധിതമായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവണം

കുമളി: ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം സമയബന്ധിതമായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവണമെന്ന് ഉപസമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ അണക്കെട്ടില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം കുമളിയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളം ഈ പ്രധാനപ്പെട്ട ആവശ്യമുന്നയിച്ചത്.
കഴിഞ്ഞ പ്രളയകാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലമാണ് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കടുത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കഴിഞ്ഞ ആഗസ്തില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയപ്പോള്‍ തന്നെ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവണമെന്നു സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ചെവിക്കൊള്ളാന്‍ തമിഴ്‌നാട് തയ്യാറായില്ല.
ഇതോടെയാണ് ആഗസ്ത് 15ന് പുലര്‍ച്ചെയോടെ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു പെരിയാറിലേക്ക് വെള്ളം ഒഴുക്കിയത്. ഇത്തരം സാഹചര്യം മുന്നില്‍ക്കണ്ടാണ് ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്തി തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോവണമെന്നു കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. അണക്കെട്ടിലെ സ്പില്‍വേക്ക് സമീപം തുടര്‍ച്ചയായി മണ്ണിടിയുന്നുണ്ട്. ഇവിടെ കോണ്‍ക്രീറ്റ് ചെയ്തു സംരക്ഷിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തമിഴ്‌നാട് തയ്യാറാക്കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുവാദം നല്‍കണമെന്നും തമിഴ്‌നാട് യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ, പ്രളയത്തെ തുടര്‍ന്ന് വള്ളക്കടവില്‍ നിന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള കാനനപാതയും ഇവിടെയുള്ള ചപ്പാത്തും തകര്‍ന്നതിനാല്‍ ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് അണക്കെട്ടിലെത്താന്‍ കഴിയുന്നില്ലെന്നും ഇതിനാല്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന മറ്റൊരാവശ്യം കൂടി യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം തങ്ങള്‍ വനംവകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്താമെന്നും കേരളം അറിയിച്ചു. സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി സംഘം പരിശോധിച്ചു. 1, 3, 5 എന്നീ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്.
അണക്കെട്ടിലെ ഗാലറിയില്‍ നിന്നു പുറത്തേക്ക് ഒഴുകുന്ന സീവേജ് വെള്ളത്തിന്റെ അളവ് ഒരു മിനിറ്റില്‍ 91 ലിറ്ററാണ്. ഇത് ജലനിരപ്പിന് ആനുപാതികമാണെന്നും യോഗം വിലയിരുത്തി. സെക്കന്‍ഡില്‍ 1682 ഘന അടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 1947 ഘന അടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്നുണ്ട്.

RELATED STORIES

Share it
Top