'വെള്ളം പോലും നല്‍കാതെ തന്നെ തടവിലിട്ടിരിക്കുകയാണ്';ബിജെപി എംഎല്‍എക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി

ലഖ്‌നൗ: തനിക്ക് കുടിവെള്ളം പോലും നല്‍കാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ബിജെപി എംഎല്‍എക്കെതിരെ പീഡന ആരോപണമുന്നയിച്ച യുവതി. തന്നെ ജില്ലാ അധികാരികള്‍ ഹോട്ടില്‍ മുറിയില്‍ തടവിലിട്ടിരിക്കുകയാണ്. തനിക്ക് കുടിക്കാന്‍ വെള്ളം പോലും നല്‍കുന്നില്ലെന്നും യുവതി പറഞ്ഞു.ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് യുവതി പീഡന ആരോപണം ഉന്നയിച്ചത്.ഒരു വര്‍ഷം മുന്‍പ് ഉന്നാവയില്‍നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കുല്‍ദീപിനെതിരെ പരാതി നല്‍കിയതിന് കുടുംബത്തിനു നേര്‍ക്ക് ഭീഷണിയുണ്ടായതായും പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പറഞ്ഞിരുന്നു.
ബിജെപി എംഎല്‍എയും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തു. ഒരു വര്‍ഷമായി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് താന്‍ പലയിടത്തും കയറിയിറങ്ങുന്നു. എന്നാല്‍ ആരും തന്റെ പരാതി കേള്‍ക്കുന്നില്ല. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നാണ് തന്റെ ആവശ്യം. ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും. തനിക്ക് നീതി തേടി യോഗി ആദിത്യനാഥിന്റെ പക്കല്‍ വരെ പോയിരുന്നു. എന്നാല്‍ ഒരു പ്രയോജനവുമുണ്ടായില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് യുവതി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് യുവതിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് യുവതിയുടെ പിതാവ് മരിക്കുന്നത്. ഇതിനു ശേഷമാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ജില്ലാ ഭരണകൂടം ഹോട്ടല്‍മുറിയിലേക്ക് മാറ്റിയത്.

RELATED STORIES

Share it
Top