വെള്ളം കൊടുക്കൂ... സ്വര്‍ഗത്തില്‍ പോവൂ...പ്രതിപക്ഷത്തിന് ഇതെന്തുപറ്റി? അടുത്തിടെയായി പൊതുജനത്തിന്റെ ഉള്ളില്‍ക്കിടന്നു തിളയ്ക്കുന്ന ചോദ്യമാണിത്. തൊട്ടതെല്ലാം പിഴയ്ക്കുന്ന സര്‍ക്കാരിനെതിരേ ക്രിയാത്മകമായി സമരം ചെയ്യുന്നതില്‍ തോറ്റുതൊപ്പിയിട്ട പ്രതിപക്ഷം ഇക്കാര്യത്തില്‍ ഭരണപക്ഷത്തുള്ള സിപിഐയെ കണ്ടുപഠിക്കണമെന്നു പോലും ഉപദേശമുണ്ടായി. നമ്മുടെ പ്രതിപക്ഷമല്ലെ എന്തുപറഞ്ഞിട്ടും ഒരുകാര്യവുമില്ല. നടുക്കടലില്‍ അകപ്പെട്ട നായയുടെ അവസ്ഥ. ഈ ദയനീയാവസ്ഥ കണ്ടിട്ടാവണം ഫിഷറീസ്, ജലവിഭവ വകുപ്പുകളെ സംബന്ധിച്ച ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ഭരണപക്ഷത്തുനിന്ന് ഐ ബി സതീഷും ഇതേ ചോദ്യമുന്നയിച്ചത്. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യത്തിനു മുഴക്കം കുറഞ്ഞത്രേ. സമരങ്ങളെയെല്ലാം ജനങ്ങള്‍ തമസ്‌കരിക്കുന്നു. നെഗറ്റീവിസം എന്ന ആംഗലേയ ഭാഷയുടെ മലയാള പരിഭാഷയായി പ്രതിപക്ഷം മാറിയെന്നും ഐബി ചൂണ്ടിക്കാട്ടി. ജലവിഭവ വകുപ്പിനെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോഴും താരപരിവേഷമായിരുന്നു വകുപ്പിന്റെ അമരക്കാരനായ മാത്യു ടി തോമസിന്. കുടിവെള്ളം കിട്ടിയില്ലെങ്കിലെന്താ ഭരണപ്രതിപക്ഷ വിത്യാസമില്ലാതെ അംഗങ്ങളെല്ലാം അദ്ദേഹത്തെ വിശുദ്ധനും നിഷ്‌കളങ്കനും നിസ്വാര്‍ഥനുമായി പ്രഖ്യാപിച്ചു.(കുടിവെള്ള പദ്ധതികള്‍ കിട്ടാന്‍ മണിയടിച്ചതുമാവാം). പോരാത്തതിന് എന്‍ എ നെല്ലിക്കുന്നിലൂടെ സ്വര്‍ഗപ്രവേശനത്തിനുള്ള വഴിയും മന്ത്രിക്ക് തുറന്നുകിട്ടി. എന്റെ നാമത്തില്‍ ദാഹിച്ചവന് ഒരുഗ്ലാസ് വെള്ളം നല്‍കിയാല്‍ പുണ്യം കിട്ടുമെന്ന യേശുക്രിസ്തുവിന്റെ വചനവും വെള്ളം നല്‍കിയാല്‍ പകരം സ്വര്‍ഗത്തിലൊരു നദി ലഭിക്കുമെന്ന ഖുര്‍ആന്‍ വചനവും നെല്ലിക്കുന്ന് മന്ത്രിയെ ഓര്‍മിച്ചു. വെള്ളം നല്‍കിയാല്‍ ഈശ്വരവിശ്വാസിയായ മന്ത്രി സ്വര്‍ഗത്തില്‍ പോവുമെന്നും നെല്ലിക്കുന്ന് ഉറപ്പിച്ചു. അങ്ങനെയാണേല്‍ കഴിഞ്ഞ യുഡിഎഫ് കാലത്തെ ജലവിഭവ മന്ത്രി നരകത്തിലേക്കാവും പോവുകയെന്ന് ടി വി രാജേഷ് പരിഹസിച്ചു. എന്‍ എ നെല്ലിക്കുന്ന് ഭയങ്കര ധര്‍മസങ്കടത്തിലാണ്. നിഷ്‌കളങ്കനായ ജലവിഭവമന്ത്രിയുടെ ധനാഭ്യര്‍ഥന ചര്‍ച്ചയെ എതിര്‍ക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലത്രേ. എതിര്‍ത്തില്ലെങ്കില്‍ ഉടലോടെ നിയമസഭയില്‍ വരാനും കഴിയില്ല. നാട്ടുകാര്‍ കൈയും കാലും തല്ലിയൊടിക്കും. 30 കൊല്ലമായി കാസര്‍കോടുകാര്‍ ഉപ്പുവെള്ളം കുടിക്കുകയാണ്. ക്ഷമയ്ക്ക് നൊബേല്‍ സമ്മാനം നല്‍കുവാണേല്‍ അതു തന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് ലഭിക്കുമെന്ന് നെല്ലിക്കുന്ന് പറഞ്ഞു. അങ്ങയെ ജയിപ്പിച്ചതിനാണോയെന്നായി ഭരണപക്ഷം. സഭയില്‍ രാഷ്ട്രീയം പറഞ്ഞു സമയം കളയാനില്ലെന്നായിരുന്നു ടി വി ഇബ്രാഹീമിന്റെ പ്രഖ്യാപനം. ജനങ്ങള്‍ക്കു മുന്നില്‍പ്പോയി ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഭരണപക്ഷം രാഷ്ട്രീയം പറയാന്‍ സമയം ചെലവഴിക്കുന്നത്. നിയമസഭയില്‍ രാഷ്ട്രീയം പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെ എവിടെപ്പോയി പറയുമെന്ന് എം സ്വരാജിന് സംശയം. എന്തിനുമേതിനും വെറുതേ ബഹളം വയ്ക്കുന്ന പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പക്വതയുടെ ശബ്ദമെങ്കിലും കേള്‍ക്കാന്‍ തയ്യാറാവണം. പോലിസ് വിദ്യാര്‍ഥികളുടെ തലതല്ലിപ്പൊട്ടിക്കുന്ന വിഷയത്തില്‍ പ്രതിപക്ഷനേതാവ് വൈകാരികമായി സംസാരിക്കുമ്പോള്‍ മുന്‍കാലപ്രാബല്യം കിട്ടുമോയെന്നും സ്വരാജ് സംശയം പ്രകടിപ്പിച്ചു. കൂടെ കൊടിപിടിച്ചവന്‍ കൊല്ലപ്പെട്ടപ്പോള്‍ നാവനക്കാതിരുന്ന കോണ്‍ഗ്രസ്സുകാര്‍ കൊലയാളിയും അക്രമിയുമായ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ ഉറഞ്ഞുതുള്ളുന്നതിലെ രാഷ്ട്രീയ പാപ്പരത്തവും സ്വരാജ് തുറന്നുകാട്ടി. സ്വരാജിന്റെ പ്രസംഗം കേട്ടാല്‍ സൂര്യന്‍ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നത് എല്‍ഡിഎഫ് അധികാരത്തില്‍ വന്നതുകൊണ്ടാണെന്നു തോന്നിപ്പോവുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനങ്ങളെ വെള്ളം കുടിപ്പിക്കുന്ന പരിപാടി മാറ്റിവച്ച് വെള്ളം നല്‍കാന്‍ നടപടിവേണം. നൃത്തവും കുച്ചിപ്പുടിയുമല്ല ഇവിടെ ആവശ്യം. പാവങ്ങള്‍ക്ക് വേണ്ടത് വെള്ളമാണ്. കയ്പുള്ള സര്‍ക്കാരിനെ മധുരം പുരട്ടി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ വിലപ്പോവില്ല. തൊട്ടതിനും പിടിച്ചതിനും മുഖ്യന്‍ ഉപദേശകരെ വച്ചിട്ടും പച്ചപിടിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കി ഒഴിവാക്കിക്കൂടെയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.     സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ലാത്ത വകുപ്പായി വാട്ടര്‍ അതോറിറ്റി മാറിയെന്നായിരുന്നു ഹൈബി ഈഡന്‍ വിലയിരുത്തി. പ്രഫഷനലിസവും ആസൂത്രണവുമില്ലത്രേ. ഇങ്ങനെ പോയാല്‍ എത്രനാള്‍ മുന്നോട്ടുപോവുമെന്ന ആശങ്കയും ഹൈബി പ്രകടിപ്പിച്ചു. കാലവര്‍ഷത്താല്‍ നനഞ്ഞുകുതിര്‍ന്ന കേരളം ഇന്നു കുടിവെള്ളം തേടി അലയുകയാണെന്ന് സി കെ ആശ. ഭ്രാന്തമായ കാലാവസ്ഥാ വ്യതിയാനത്തിനു കാരണങ്ങളും ആശ ബോധ്യപ്പെടുത്തി.

RELATED STORIES

Share it
Top