'വെള്ളം കൊടുക്കാന്‍ പോലും എസ്‌ഐ സമ്മതിച്ചില്ല'

കൊച്ചി: പോലിസ് മര്‍ദനത്തില്‍ അവശനായ മകന് വെള്ളം കൊടുക്കാന്‍ പോലും എസ്‌ഐ സമ്മതിച്ചില്ലെന്ന് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മാതാവ് ശ്യാമള. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും പോലിസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തങ്ങള്‍ ഒന്നിനുമില്ലെന്ന് ഇരുവരും കരഞ്ഞു പറഞ്ഞിരുന്നു.
ആദ്യം ശ്രീജിത്തിനെയാണ് പോലിസുകാര്‍ വീടിനു പുറത്തേക്ക് കൊണ്ടുപോയത്. ശബ്ദം കേട്ട് സജിത്ത് എഴുന്നേറ്റുവന്നപ്പോള്‍ കൂടെയുണ്ടായിരുന്ന പോലിസുകാരന്‍ സജിത്തുമുണ്ടെന്ന് പറഞ്ഞു. ശ്രീജിത്ത് പോകാന്‍ വിസമ്മതിച്ചപ്പോള്‍ പോലിസുകാര്‍ അവന്റെ നാഭിക്കു ചവിട്ടി. ക്രൂരമായി മര്‍ദിച്ചുകൊണ്ടാണ് രണ്ടുപേരെയും ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതെന്ന് ശ്യാമള പറഞ്ഞു.
പിറ്റേദിവസം രാവിലെ തങ്ങള്‍ പോലിസ് സ്‌റ്റേഷനിലെത്തുമ്പോള്‍ ശ്രീജിത്ത് വയര്‍ പൊത്തിപ്പിടിച്ചു നില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് അവനെ പോലിസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ചുവന്നപ്പോള്‍ താന്‍ കാര്യം തിരക്കി. അവന്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ ഛര്‍ദിച്ചതാണെന്ന് പോലിസുകാരന്‍ പറഞ്ഞു.
വെള്ളം വേണമെന്ന് പറഞ്ഞശ്രീജിത്തിന്  അടുത്ത വീട്ടില്‍ നിന്നു പാത്രത്തില്‍ വെള്ളം വാങ്ങി  കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്‌ഐ ദീപക് സമ്മതിച്ചില്ല. ശ്രീജിത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും എസ്‌ഐ കൂട്ടാക്കാന്‍ തയ്യാറായില്ല. ആ എസ്‌ഐയെ  ഇനി ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ശ്യാമള പറഞ്ഞു.

RELATED STORIES

Share it
Top