വെളുത്ത കാണ്ടാമൃഗം

കെനിയയില്‍ മാത്രം കാണുന്ന വെള്ളനിറമുള്ള കാണ്ടാമൃഗങ്ങളില്‍ ഇപ്പോള്‍ രണ്ടെണ്ണം മാത്രമാണു ശേഷിച്ചിരിക്കുന്നത്. രണ്ടും പെണ്ണ്. കഴിഞ്ഞ മാര്‍ച്ചില്‍ സുഡാന്‍ എന്നു പേരുള്ള ആണ്‍മൃഗം മരണമടഞ്ഞതോടെ അപൂര്‍വമായ ആ ജീവിവര്‍ഗത്തിന് അന്ത്യമായി എന്നു കരുതാവുന്നതാണ്. എന്നാല്‍, ജീവിശാസ്ത്ര മേഖലയിലുണ്ടായ വലിയ പുരോഗതി കാരണം അങ്ങനെ നിരാശപ്പെടാന്‍ സമയമായില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബെര്‍ലിനിലെ ഒരു പ്രശസ്ത വന്യമൃഗ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരും ഇറ്റലിയിലെ ഒരു ബയോടെക്‌നോളജി കമ്പനിയും ചേര്‍ന്ന് ഇന്‍ വിട്രോ (ഐവിഎഫ്) ബീജസങ്കലനത്തിലൂടെ കാണ്ടാമൃഗ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാന്‍ പറ്റുമോയെന്നാണു പരിശോധിക്കുന്നത്.
ഇന്‍ വിട്രോ ബീജസങ്കലനം ഇപ്പോള്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ചികില്‍സാരീതിയാണ്. ചത്തുപോയ ആണ്‍ കാണ്ടാമൃഗങ്ങളില്‍ നിന്നുള്ള ബീജം കെനിയയിലെ ഒരു ലബോറട്ടറിയില്‍ സൂക്ഷിച്ചിരിക്കുന്നതാണ് മൃഗസ്‌നേഹികളില്‍ പ്രതീക്ഷ ഉയര്‍ത്തുന്നത്. ജീവിച്ചിരിക്കുന്ന രണ്ടു പെണ്‍ കാണ്ടാമൃഗങ്ങള്‍ക്കും ഗര്‍ഭധാരണശേഷിയില്ലാത്തതിനാല്‍ ഗവേഷകര്‍ ഐവിഎഫ് പ്രയോഗിക്കാന്‍ നോക്കുകയാണ്. എന്നാല്‍ അതത്ര എളുപ്പമല്ലതാനും. കാണ്ടാമൃഗങ്ങളുടെ അണ്ഡാശയം അവയുടെ ശരീരത്തിന്റെ ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്. എങ്കിലും പ്രതീക്ഷ കൈവിടാതെ ശാസ്ത്രജ്ഞര്‍ ശ്രമം തുടരുകയാണ്. അതു വിജയിച്ചാല്‍ അപൂര്‍വമായ ഈ ജീവിവര്‍ഗത്തെ മൃഗശാലയിലെങ്കിലും കാണാന്‍ കഴിയും.

RELATED STORIES

Share it
Top