വെളിയത്ത് കടയുടമയുടെ മാല പൊട്ടിച്ച് കടന്ന പ്രതികള്‍ പിടിയില്‍

ഓയൂര്‍: വെളിയം കായിലയില്‍ കടയില്‍ നിന്നും ഉടമസ്ഥയുടെ മാല അപഹരിച്ച നാല്‍വര്‍ സംഘം അറസ്റ്റില്‍. റിമന്‍ഡിലായ പ്രതികളെ പൂയപ്പള്ളി പോലിസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികള്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസ് നിലവിലുള്ളവരാണ്. കോട്ടയം കുറവിലങ്ങാട് അടിപിടി കേസില്‍ കറുകച്ചാല്‍ പോലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലം  അയത്തില്‍ വടക്കേവിള പുത്തന്‍വീട്ടില്‍ റിയാസ് (37), ആറ്റിങ്ങല്‍ കോരാണി കെ കെ ഭവനില്‍ മുജീബ് (33), ചങ്ങനാശ്ശേരി പെരുന്ന പാറോട്ട് ഭാഗം കുരിശിന്‍മൂട്ടില്‍ വീട്ടില്‍ ജാക്‌സണ്‍ (23), വര്‍ക്കല നാവായിക്കുളം എതുക്കാട് കോലിയക്കോട് വീട്ടില്‍ അനീഷ് (24) എന്നിവരാണ് പിടിയിലായത്.  റിയാസും മുജീബും കേസില്‍ നേരിട്ട് ബന്ധമുള്ളവരും മറ്റ് രണ്ടു പേര്‍ ഇവര്‍ക്ക് വാഹനങ്ങളും മറ്റും നല്‍കി സഹായിക്കുന്നവരുമായിരുന്നു.
കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വെളിയം കായിലയില്‍ മണിശ്രീ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ബൈക്കില്‍ എത്തിയ റിയാസും മുജീബും മഴ നനയാതെ കടത്തിണ്ണയില്‍ കയറി നില്‍ക്കുകയും റിയാസ് കടയ്ക്കുള്ളില്‍ കയറി ഷൈനിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.  കടയില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ മോഷ്ടാക്കളുടേയും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെയും ദൃശ്യം പതിഞ്ഞിരുന്നു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൂയപ്പള്ളി പോലിസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് കുറവിലങ്ങാട് സ്വദേശേയുടേതാണെന്ന് തിരിച്ചറിഞ്ഞു. ബൈക്ക് ഉടമയുമായി പോലിസ് ബന്ധപ്പെടുകയും ബൈക്ക് ഇയാളുടെ സുഹൃത്തുക്കള്‍ കൊണ്ടുപോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലിസും ബൈക്കുടമയും നാട്ടുകാരും ചേര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ കോട്ടയം കുറവിലങ്ങാട് ഒരു അടിപിടി കേസില്‍ നാലംഗസംഘം പെട്ടതായി അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞു നിര്‍ത്തി കറുകച്ചാല്‍ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍നിന്നും ഈ സംഘം തന്നെയാണ് മാല മോഷ്ടിച്ചതെന്ന് സമ്മതിക്കുകയായിരുന്നു.  നാല് പേര്‍ക്കും  മോഷണം, പിടിച്ചുപറി,അടിപിടി തുടങ്ങി നിരവധി കേസുകളില്‍ സംസ്ഥാനത്തെ  വിവിധ പോലിസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. ജയിലില്‍വെച്ച് നാല് പേരും പരിചയപ്പെടുകയും പുറത്തിറങ്ങിയശേഷം സംഘം ചേര്‍ന്ന് മോഷണം നടത്തി വരികയുമായിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

RELATED STORIES

Share it
Top