വെളിയത്തുനാട് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

ആലങ്ങാട്: വായ്പ നല്‍കിയതില്‍ ക്രമക്കേടു നടത്തിയതിന്റെ പേരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള വെളിയത്തുനാട് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ബാങ്ക് ഭരണത്തിന് അഡ്മിനിസ്‌ട്രേറ്ററെ ഏര്‍പ്പെടുത്തി. നിയമനടപടി നേരിടുന്ന വസ്തുവിന്മേല്‍ മതിയായ രേഖകളില്ലാതെ 23 ലക്ഷത്തോളം രൂപ വായ്പ അനുവദിച്ചു നഷ്ടം വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സഹകരണ വകുപ്പ് ജോ. റജിസ്ട്രാറുടെ നടപടി. ഉടമസ്ഥാവകാശം സംബന്ധിച്ച് പറവൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുന്ന വസ്തുവിന്മേല്‍ ഒരേ കുടുംബത്തിലെ അഞ്ചുപേര്‍ക്കായി 23 ലക്ഷം രൂപ വായ്പ നല്‍കുകയായിരുന്നു. കരുമാല്ലൂര്‍ വെളിയത്തുനാട് ചെമ്പിക്കാട് വേഴപ്പിള്ളില്‍ മുഹമ്മദ് റാഫി ഭാര്യ സെമിന്‍ റാഫിയുടെ പേരില്‍ 2008 ല്‍ റജിസ്റ്റര്‍ ചെയ്ത ആധാരമാണ് വായ്പയ്ക്കായി പരിഗണിച്ചത്. മുന്നാധാരവും കരം അടച്ച രസീതുമില്ലാതെയാണ് ഈ ആധാരം നടത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് വ്യാജരേഖ ചമച്ചതിനു കാട്ടി വെളിയത്തുനാട് സ്വദേശി വി എ അബ്ദുല്‍മാലിക് ഔറംഗസേബ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് കേസും നിലവിലുണ്ട്. കേസ് നിലനില്‍ക്കേ ഈ ആധാരത്തിന്മേല്‍ മുഹമ്മദ് റാഫി, ഭാര്യ സെമിന്‍ റാഫി, സഹോദരങ്ങളായ മുഹമ്മദ് മദനി, മുഹമ്മദ് നസീര്‍, സഹോദര പത്‌നി തനുജ ഫൗസിയത് എന്നിവരുടെ പേരില്‍ വെളിയത്തുനാട് സഹകരണ ബാങ്കില്‍ നിന്ന് 23 ലക്ഷം രൂപ വായ്പയെടുക്കുകയായിരുന്നു. ആധാരത്തില്‍ മുന്നാധാരവും കരം അടച്ച രസീതും ഇല്ലാതെയാണ് റജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വസ്തു ഈട് വായ്പയോടൊപ്പം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മുന്നാധാര പകര്‍പ്പ്, ലൊക്കേഷന്‍ സ്‌കെച്ച്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഇല്ലാതെയായിരുന്നു വായ്പ അനുവദിച്ചത്. 2013 മാര്‍ച്ച് 31 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് ഈ ഇടപാടുകളത്രയും നടന്നത്. ചതുപ്പു നിലം ഈടാക്കി കാര്‍ഷിക വായ്പ മാത്രമേ അനുവദിക്കാവൂ എന്നിരിക്കേ ബിസിനസ് ആവശ്യത്തിനായാണ് അഞ്ചു വായ്പകളും നല്‍കിയത്. കൃഷി ആവശ്യത്തിന് വായ്പ അനുവദിക്കുമ്പോള്‍തന്നെ നിലത്തിലേക്ക് ഗതാഗത യോഗ്യമായ കരഭൂമിയും വേണമെന്നുണ്ട്. എന്നാല്‍ ഇവിടെ ചുറ്റിലും ചതുപ്പു പ്രദേശങ്ങളാണ്. നിലവിലെ ബാങ്ക് പ്രസിഡന്റ് എസ് ബി ജയരാജന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരിക്കേ സ്ഥലം സന്ദര്‍ശിച്ചു നല്‍കിയ പരിശോധന റിപോര്‍ട്ടു മാത്രം പരിഗണിച്ചാണ് സ്ഥല രൂപരേഖപോലും ആവശ്യപ്പെടാതെ വായ്പ നല്‍കിയത്. 50 സെന്റ് ചതുപ്പു നിലത്തിന് 27 ലക്ഷം വിലമതിക്കുമെന്നായിരുന്നു പരിശോധനാ റിപോര്‍ട്ട്.   ഇതുസംബന്ധിച്ചു ലഭിച്ച പരാതിയില്‍ ജോ. റജിസ്ട്രാര്‍ പറവൂര്‍ അസി. റജിസ്ട്രാറെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. 2016 ഒക്‌ടോബറില്‍ തന്നെ ക്രമക്കേടു കണ്ടെത്തിയതായുള്ള റിപോര്‍ട്ട് ജോ. റജിസ്ട്രാര്‍ സമര്‍പ്പിച്ചതാണ്. ഭരണസമിതി പിരിച്ചു വിട്ട തീരുമാനത്തിനു പിന്നാലെ ബുധാനാഴ്ച രാവിലെയാണ് അഡ്മിനിസ്‌ട്രേറ്ററായി അസി. റജിസ്ട്രാര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചുമതലയേറ്റത്. 24 വര്‍ഷത്തോളം തുടര്‍ച്ചയായി ബിജെപി ഭരണം കയ്യാളുന്ന സംഘമാണിത്. സമാനമായ രീതിയില്‍ ക്രമക്കേടുകള്‍ ഇനിയും നടന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top