വെളിയം ചന്ത നിര്‍ത്താനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം

ഓയൂര്‍: രണ്ടു പതിറ്റാണ്ടായി വെളിയം ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്ത പ്രവര്‍ത്തനം നിര്‍ത്താനുള്ള നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധം.
കച്ചവടത്തിനായി പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ വസ്തു ഉടമസ്ഥന്‍ സാവകാശം കൊടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. കൊട്ടറ തച്ചക്കോട് സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലുള്ള വസ്തുവിലാണ് കഴിഞ്ഞ 18 വര്‍ഷമായി ചന്ത പ്രവര്‍ത്തിച്ചുവന്നിരുന്നത്.  മല്‍സ്യ, മാംസം വ്യാപാരികള്‍ ഉള്‍പ്പടെ ഉള്‍പ്പടെ നൂറോളം കച്ചവടക്കാരാണ് ഇവിടെ വ്യാപാരം നടത്തുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഘട്ടം ഘട്ടമായി കടകള്‍ പൊളിച്ചു മാറ്റാനുള്ള ഉടമസ്ഥന്റെ നീക്കത്തിനെതിരേയാണ് കച്ചവടക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. നിരവധി തവണ പുരയിട ഉടമയുമായി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജനപ്രതിനിധികള്‍, കച്ചവടക്കാര്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
പുരയിട ഉടമയ്ക്ക് പ്രതിമാസം കച്ചവടക്കാര്‍ ചേര്‍ന്ന് 36000 രൂപയാണ് വാടകയായി പിരിവെടുത്ത് നല്‍കുന്നത്. ചന്ത ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പുരയിടം ഉടമ ആദ്യഘട്ടമായി മല്‍സ്യവ്യാപാരം നടത്തിയിരുന്ന ടിന്‍ഷീറ്റ് മേഞ്ഞ ഷെഡ്ഡ് പൊളിച്ച് മാറ്റിയിരുന്നു. കച്ചവടക്കാരോട് പുതിയ ഷെഡ്ഡ് പണിയുന്നതിനുവേണ്ടിയാണ് പഴയത് പൊളിക്കുന്നതെന്നാണ് കാരണം പറഞ്ഞത്. കച്ചവടക്കാര്‍ക്ക് കച്ചവടസാധനങ്ങള്‍ സൂക്ഷിക്കുന്നതിനും കച്ചവടത്തിനുമായി നിര്‍മിച്ചു നല്‍കിയ നിരവധി താല്‍ക്കാലിക കെട്ടിടങ്ങളാണ് ചന്ത സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ളത്. ഇത് യാതൊരു മുന്നറിയിപ്പുമില്ലാതെ കച്ചവടസാധനങ്ങല്‍ മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സമയത്തുതന്നെ പൊളിച്ചതും പ്രതിഷേധത്തിന് ഇടയാക്കുകയും കച്ചവടക്കാര്‍ ഈ നീക്കം തടയുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ ഇറച്ചി വ്യാപാര സ്റ്റാളിന് മുന്നില്‍ കടയിലേക്ക് കയറാന്‍ കഴിയാത്ത വിധം ലോഡ് കണക്കിന് മെറ്റലും പാറപ്പൊടിയും ഇറക്കിയിട്ട് കച്ചവടം തടസ്സപ്പെടുത്തുകയും ചെയ്തു. മുന്നറിയിപ്പില്ലാതെ ദിനംപ്രതി കച്ചവടക്കാരെ ദ്രോഹിക്കുന്ന പുരയിട ഉടമയുടെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഉടമയ്‌ക്കെതിരേ പൂയപ്പള്ളി പോലിസില്‍ പരാതി നല്‍കുകയും ഇരുകൂട്ടരേയും പോലിസ് സ്റ്റേഷനില്‍ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്തിയില്ല.
ഇറച്ചിക്കച്ചവടത്തിനായി രണ്ടു കടമുറികളാണ് വാടകയ്ക്ക് നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വെളിയം പഞ്ചായത്ത് വെളിയം ജങ്ഷനിലെ ചന്തയ്ക്കുള്ളില്‍ കച്ചവടം നടത്തുന്നതിനുവേണ്ടി ഇറച്ചിക്കട അഞ്ചര ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്ത് കൊടുത്തത്.
2019 മാര്‍ച്ച് മാസത്തോടെ മാത്രമേ ലേലക്കാലാവധി അവസാനിക്കുകയുള്ളു. ലേല കാലാവധി അവസാനിക്കുന്നതുവരെ കച്ചവടം നടത്തുന്നതിനുള്ള സമയം അനുവദിച്ച് നല്‍കണമെന്നും ഇതിനിടയില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി കടമുറി ഒഴിഞ്ഞുകൊടുക്കാമെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്.
പുതുതായി വെളിയം ജങ്ഷന്‍ കേന്ദ്രീകരിച്ച് ഹൈടെക് ചന്ത നിര്‍മിക്കുന്നതിന് വസ്തു വാങ്ങുന്നതിനായി ഫണ്ട് വകയിരുത്തിയതായി പഞ്ചായത്ത് അംഗം അനുരൂപ് അറിയിച്ചു.

RELATED STORIES

Share it
Top