വെളളിത്തിരയില്‍ പൊടിപാറിച്ച് സുഡാനി ഫ്രം നൈജീരിയപി കെ ജാസ്മിന്‍

പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകനുപയോഗിക്കുന്ന മാര്‍ഗങ്ങളിലെ വ്യത്യസ്തത തന്നെയാണ് ഓരോ സിനിമയും എങ്ങനെ മികച്ചതാകുന്നുവെന്നതിലെ ലളിത യുക്തി. സക്കരിയ്യ എന്ന സംവിധായകന്‍ പൂര്‍ണമായും വിജയിക്കുന്നതും,മറ്റേത് തുടക്കാക്കാരേക്കാളും മികച്ചു നില്‍ക്കുന്നതുമിവിടെയാണ്.
കളിയുടെ ആരവങ്ങള്‍ക്കും,മാറ്റൊലികള്‍ക്കപ്പുറം,മലപ്പുറത്തിന്റെ കാല്‍പന്തിനോടുള്ള ഓരോ കൈയ്യടിയുമുള്‍കൊണ്ട് സ്‌ക്രിനില്‍ പൊടി പറിച്ച സിനിമ. സെവന്‍സില്‍ ഒരു വേള്‍ഡ് കപ്പുണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് കിട്ടിയേനെ എന്ന ഒറ്റ ഡയലോഗില്‍ മലബാറിന്റെ മുഴുവന്‍ ഫുട്‌ബോള്‍ കമ്പം സംവിധായകന്‍ പറഞ്ഞ് വെക്കുന്നു.
സാധാരണ സ്‌പോര്‍ട്‌സ് സിനിമകളില്‍ നിന്ന് തികച്ചും വിഭിന്നമായി മൈതാനത്തിനപ്പുറത്തേക്ക് വികസിച്ച കളിക്കളത്തില്‍ സുഡാനിയായി വേഷമിട്ട സാമുവല്‍ അബുവോളയും, സൗബിന്‍ ഷാഹിറും നിറഞ്ഞാടിയപ്പോള്‍ ഉമ്മമാര്‍ അവര്‍ക്ക് നേരെ നോക്കി വിസില്‍ വിളിക്കുന്ന റഫറികളായി സിനിമ നിയന്ത്രിച്ചു.
ഫുട്‌ബോള്‍ ടീമും, ഉമ്മമാരും, അയല്‍വാസികളുമടങ്ങുന്ന വലിയ അഭിനേതാക്കളുടെ നിരയെ, അവരില്‍ ഭൂരിഭാഗവും പതുമുഖക്കാരാകുമ്പോഴും കൈയ്യടക്കത്തോടെ അവതരിപ്പിച്ച് ഒരു പുതുമുഖ സംവിധായകന്റെ എല്ലാ പരിമിതികളും മറികടന്ന സക്കരിയ്യ തിര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.ക്യാമറയും, കലാസംവിധാനവും ഒന്നിനൊന്ന് മികച്ചു നിന്ന് കാണികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കുമ്പോള്‍, ഷഹബാസ് അമന്റെയും റെക്‌സ് വിജയന്റെയും പാട്ടുകള്‍ കാണികളെ കാല്‍പന്തിന്റെ മായികാവേശത്തിലേക്കെത്തിക്കുന്നു.


സുഡാനിയെ സന്തോഷിപ്പിക്കാന്‍ ബിയറുമായി വരുന്ന സോബിന്റെ കഥാപാത്രം, വീട്ടിലെത്തുന്ന സുഡാനിയെ ഭാഷാ,ദേശ വകഭേദങ്ങള്‍ മറന്ന് സ്‌നേഹിക്കുന്ന ഉമ്മമാര്‍, വായനക്കാരന് പഞ്ച് കിട്ടാനെന്ന പേരില്‍ വാര്‍ത്തകള്‍ പൊലിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍, മനസ്സിലേക്ക് കോരിയിട്ട് പൊള്ളിക്കുന്ന അഭയാര്‍ഥിത്ത്വത്തിന്റെ കനല്‍, വലിയ ഫുട്‌ബോള്‍ കളിക്കാരനാവുകയല്ലേ നിന്റെ സ്വപ്‌നമെന്ന് മജിദ് ചോദിക്കുമ്പോള്‍, എന്റെ സ്വപ്‌നം അതിനേക്കാള്‍ വലുതാണെന്നും അതൊരു നല്ല ലോകമാണെന്നും പറയുന്ന സുഡാനി.
ഓരോ സംഭാഷണത്തിലും,രംഗങ്ങളിലും മുഴച്ച് നില്‍ക്കാത്ത എന്നാല്‍ കൃത്യമായി പറയുന്ന രാഷ്ട്രിയമാണ് സുഡാനി ഫ്രം നൈജിരിയയെ ഹൃദയത്തോടടുപ്പിക്കുന്നത്. ക്ലൈമാക്‌സില്‍ ഒരു ഫൈനലിന്റെ ആകാംക്ഷയില്‍ വരിഞ്ഞു മുറുക്കുന്ന സാധാരണ സ്‌പോര്‍സ് സിനിമകളില്‍ നിന്നും മാറി  മാനുഷിക വികാരങ്ങളുടെയും, പരിഗണനകളുടെയും വേലിയേറ്റമൊരുക്കിയ ക്ലൈമാക്‌സ് തന്നെയാണ് സുഡാനി ഫ്രം നൈജിരിയയുടെ വിജയ ഗോളാകുന്നത്. മൊത്തത്തില്‍ വേനല്‍ അവധി തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുമിച്ച് ബൂട്ടണിയാന്‍ തോന്നിപ്പിക്കുന്ന സിനിമയാണ് സക്കരിയയും,സമീര്‍ താഹിറും, ഷൈജു ഖാലിദുമെല്ലാം ചേര്‍ന്ന് തിയ്യേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top