വെബ്‌സൈറ്റ് പണിമുടക്കുന്നു : പ്ലസ്‌വണ്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍അരീക്കോട്: പ്ലസ്‌വണ്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍. ഇന്നലെ വൈകീട്ട് നാലോടെ അപേക്ഷിക്കാമെന്ന് ഹയര്‍സെക്കന്‍ഡറിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും രാത്രി ഒമ്പതായിട്ടും സൈറ്റ് തുറക്കാന്‍ സാധിച്ചില്ല. ആദ്യം രാവിലെ 10ന് അപേക്ഷിക്കാമെന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീടാണ് സമയമാറ്റിയത്. ഇന്നലെ മുതല്‍ 22വരെയാണ് അപേക്ഷിക്കാനുള്ള അവസരം. വെബ്‌സൈറ്റുകള്‍ ബന്ധപ്പെട്ടവരുടെ അറിവോടെ തടസ്സപെടുത്തുകയാണെന്നും ആക്ഷേപം ഉണ്ട്. ഇത് എയ്ഡഡ് മേഖലകള്‍ക്ക് ഗുണമായിരിക്കുകയാണ്. എയ്ഡഡ് വിദ്യാലയങ്ങളില്‍ പണംവാങ്ങി നേരത്തെ തന്നെ മാനേജുമെന്റുകള്‍ സീറ്റുകള്‍ ഉറപ്പിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ തങ്ങള്‍ക്ക് ഉദ്യേശിച്ച സ്ഥലത്ത് ആവശ്യപ്പെടുന്ന കോഴ്‌സ് ലഭിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡ്, സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്ലബുകളു സര്‍ട്ടിഫിക്കറ്റ്, എന്‍സിസി, പോലിസ് കാഡറ്റ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒരു വിദ്യാര്‍ഥിക്ക് ജില്ലയില്‍ പത്ത് സ്‌കൂളുകളില്‍വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് കോപ്പി 25 രൂപ സഹിതം ജില്ലയിലെ ഏതെങ്കിലും സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ സൂചിപിച്ചതിന്റെ രേഖകളും സമര്‍പ്പിക്കേണ്ടതാണ്. ഓരോ ജില്ലകളിലേക്കും വെവ്വേറെ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടതാണ്. 29ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. ജൂണ്‍ 14നകം രണ്ട് അലോട്ട്‌മെന്റുകള്‍ പ്രഖ്യാപിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. എസ്എസ്എല്‍സി സേ പരീക്ഷ 26ന് തുടങ്ങി 29 അവസാനിക്കുകയാണ്. അവര്‍ക്കായി പ്രത്യേകം അപേക്ഷ ക്ഷണിക്കും.

RELATED STORIES

Share it
Top