വെണ്മണിയില്‍ കനത്ത മഴയും ചുഴലിക്കാറ്റും : വ്യാപക കൃഷിനാശം; മരം കടപുഴകിവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിചെങ്ങന്നൂര്‍: വെണ്മണി പഞ്ചായത്തില്‍ വീശിയടിച്ച ശക്തമായ മഴയിലും ചുഴലികാറ്റിലും വന്‍ നാശനഷ്ടം. വീടുകളുടെ മുകളിലേക്കും വൈദ്യുതി ലൈനിലേക്കും മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായ രീതിയില്‍ കൃഷിനാശം സംഭവിച്ചു. വെണ്മണി വരമ്പൂര്‍, പടിഞ്ഞാറ്റും മുറി, താഴത്തമ്പലം ഭാഗങ്ങളിലാണ് നാശനഷ്ടമുണ്ടായത്. ഇന്നലെ ഉച്ചക്ക് 2.30ന് ശേഷം ഒരു മണിക്കൂര്‍ നീണ്ട കാറ്റിലും മഴയിലുമാണ് നാശമുണ്ടായത്. വെണ്മണി നെല്ലിക്ക വടക്കേതില്‍ രാജഗോപാലന്‍ നായരുടെ വീടിനു മുകളിലേക്ക് തേക്കും കമുകും കടപുഴകി വീണ് വീട് പൂര്‍ണമായി തകര്‍ന്നു. മരങ്ങള്‍ ഭിത്തിയില്‍ തട്ടി നിന്നതിനാല്‍ മുറിക്കകത്ത് ഉണ്ടായിരുന്ന രാജഗോപാലന്‍ നായരും മാതവ് തങ്കമ്മ(83)യും അദ്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ടിവി ഫ്‌റിഡ്ജ്, ഇലക്ട്‌റിക് ഉപകരണങ്ങള്‍ പാത്രങ്ങള്‍ എന്നിവ നശിച്ചു. വെണ്മണി ചെറുതുരുത്തി സുകുമാര പിള്ളയുടെ കായ്ഫലമുള്ള പ്ലാവും ജാതിയും നശിച്ചു. വെണ്മണി മുളമൂട്ടില്‍ തെക്കേതില്‍ എം എം തങ്കച്ചന്റെ കുലച്ച 25ഉം, കുലക്കാറായ 25ഉം മൂട് വാഴ, ജാതി എന്നിവ നശിച്ചു. 35000 രൂപയുടെ നഷ്ടമുണ്ടായതായി ഇദ്ദേഹം പറഞ്ഞു. നാടവള്ളില്‍ തുണ്ടില്‍ തങ്കച്ചന്റെ 600 കുലച്ച വാഴകള്‍ ഒടിഞ്ഞുവീണു. ഫെഡറല്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ കാര്‍ഷിക വായ്പ എടുത്ത് കൃഷി ഇറക്കിയതാണു തങ്കച്ചന്‍. വരമ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയുടെ ആസ്പറ്റോസ് ഷീറ്റുകളില്‍ കുറെ എണ്ണം കാറ്റില്‍ പറന്ന് സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ വീണ് നാശനഷ്ടമുണ്ടായി. പള്ളിക്കു മുകളില്‍ ഉണ്ടായിരുന്ന ഇടിമിന്നല്‍ രക്ഷാചാലകവും തകര്‍ന്നു വീണു. നാടാവളളില്‍ തുണ്ടില്‍ ബിജുവിന്റെ 40 കുലച്ച ഏത്തവാഴകള്‍ നശിച്ചു. മാമുറ്റത്ത് എവി ശാമുവലിന്റെ പുളിമരം കടപുഴകി വൈദ്യുതി ലൈനില്‍ വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. ഇയാളുടെ 35 എത്തവാഴയും 50 മൂട് ചേനയും മരച്ചീനിയും നശിച്ചു. ജോ വര്‍ഗീസിന്റെ 35 കുലച്ച ഏത്തവാഴ ഒടിഞ്ഞുവീണു. പ്ലാവ് കടപുഴകിവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി. പറമ്പിലുണ്ടായിരുന്ന ജാതി, ചീമപ്ലാവ് എന്നിവയും നശിച്ചു. പടിഞ്ഞാറ്റേരില്‍ ബിജുവിന്റെ 30 കുലച്ച ഏത്തവാഴകള്‍ ഒടിഞ്ഞുവീണു. വരിക്കമാമൂട്ടില്‍ പരേതനായ ഡാനിയേലിന്റെ വീട്ടിലെ തേക്ക് വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റ് ഒടിഞ്ഞു.

RELATED STORIES

Share it
Top