വെടിക്കെട്ട് തീര്‍ത്ത് ഡല്‍ഹിയുടെ യുവനിര; രാജസ്ഥാന്‍ പൊരുതി വീണുന്യൂഡല്‍ഹി: മഴ രസം കൊല്ലിയായ ആവേശ മല്‍സരത്തില്‍ രാജസ്ഥാനെ വീഴ്ത്തി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാല് റണ്‍സിനാണ് ഡല്‍ഹി വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്ത് നില്‍ക്കെ മഴ വില്ലനായെത്തി. ഇതോടെ രാജസ്ഥാന്റെ വിജയ ലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുനര്‍ നിശ്്ചയിച്ചു.എന്നാല്‍ രാജസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ജോസ് ബട്‌ലര്‍ (67) വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ഷോര്‍ട്ട് ( 25 പന്തില്‍ 44), കെ ഗൗതം ( 6 പന്തില്‍ 18) എന്നിവരും പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് കരുത്തായത് തുടക്കം മുതല്‍ തല്ലിത്തകര്‍ത്ത റിഷഭ് പാന്തിന്റെയും (69 ) ശ്രേയസ് അയ്യരുടെയും (50) അര്‍ധ സെഞ്ച്വറികളാണ്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലെ തന്നെ കോളിന്‍ മണ്‍റോയെ (0) നഷ്ടമായെങ്കിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത പൃഥി ഷാ (25 പന്തില്‍ 47) ഡല്‍ഹി ഇന്നിങ്‌സിന് അടിത്തറയേകുകയായിരുന്നു. 25 പന്തുകള്‍ നേരിട്ട് നാല് വീതം ഫോറും സിക്‌സുമാണ് പൃഥി അടിച്ചെടുത്തത്.പിന്നീട് മൂന്നാം വിക്കറ്റിലൊത്തുകൂടിയ ശ്രേയസും പാന്തും ചേര്‍ന്ന് ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പാന്ത് 29 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സറും പറത്തിയപ്പോള്‍ ശ്രേയസ് 35 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും അക്കൗണ്ടിലാക്കി. മധ്യനിരയില്‍ വിജയ് ശങ്കറും ( ആറ് പന്തില്‍ 17) മികച്ച പ്രകടനം പുറത്തെടുത്തു.
ജയത്തോടെ അറ് പോയിന്റോടെ ഡല്‍ഹി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് പോയിന്റ് തന്നെയുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. രാജസ്ഥാനെതിരായ പ്രകടനത്തോടെ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 375 റണ്‍സുമായി റിഷഭ് പാന്ത് ഓറഞ്ച് ക്യാപ് തലയിലണിഞ്ഞു. 13 വിക്കറ്റുമായി ഡല്‍ഹിയുടെ തന്നെ ട്രന്റ് ബോള്‍ട്ടാണ് പര്‍പ്പിള്‍ ക്യാപിന്റെ നിലവിലെ അവകാശി.

RELATED STORIES

Share it
Top