വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

തൃശൂര്‍: വെടിക്കെട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനും ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസ്സീവ്‌സും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസ്സീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനു(പെസോ)മാണ് നോട്ടീസ് അയച്ചത്. ആഘോഷ സീസണ്‍ ആരംഭിച്ചതോടെ തൃശൂര്‍ പൂരമടക്കം അനിശ്ചിതത്വത്തിലാക്കിയാണ് കേന്ദ്ര നടപടി.
22 നിബന്ധനകളാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസ്സീവ് പുറത്തിറക്കിയ ഉത്തരവില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിന് 250 മീറ്ററിനുള്ളില്‍ സ്‌കൂളോ ആശുപത്രിയോ ഉണ്ടാവാന്‍ പാടില്ല. പൊട്ടിക്കുന്ന സ്ഥലത്തിനു നൂറു മീറ്റര്‍ അകലം വരെ സുരക്ഷാ മേഖലയായിരിക്കണം. ഈ മേഖലയില്‍ കെട്ടിടങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. നൂറു മീറ്റര്‍ പരിധിയിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. കരാറുകാര്‍ പെസോ ലൈസന്‍സില്‍ അനുവദിക്കപ്പെട്ടതിലേറെ വെടിക്കെട്ടു സാധനങ്ങള്‍ തയ്യാറാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കണം. ജില്ലാ കലക്ടര്‍ ലൈസന്‍സ് നല്‍കിയ വെടിക്കെട്ടു നിര്‍മാണ കരാറുകാരുടെ വെടിക്കോപ്പുകള്‍ വെടിക്കെട്ടിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഗുണ്ട്, അമിട്ട്, കുഴിമിന്നില്‍ എന്നീ ഇനങ്ങള്‍ തയ്യാറാക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമില്ല. ഇത്തരം ലൈസന്‍സ് നല്‍കേണ്ടതും വെടിക്കെട്ടിന് അനുമതി നല്‍കേണ്ടതും പെസോ ആണെന്നും ഉത്തരവില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
കഴിഞ്ഞതവണ പ്രത്യേക അനുമതി നല്‍കിയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയത്.  വെടിക്കെട്ട് നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വരെ മന്ത്രിയുടെ നേതൃത്വത്തില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് നടന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയാണ് തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള അനുമതി നേടിയെടുത്തത്.

RELATED STORIES

Share it
Top