വെടിക്കെട്ടിനിടെ അപകടം;രണ്ടു പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: ചേപ്പാട് കാഞ്ഞൂര്‍ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രകടനത്തിനിടയില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. ഭയന്ന് വിറച്ച പതിനെട്ടോളം പേര്‍ ചികില്‍സ തേടി. ഇന്നലെ പുലര്‍ച്ചെ 2മണിയോടെയായിരുന്നു അപകടം. ഉല്‍സവത്തിന് സമാപനം കുറിച്ച ഇന്നലെ കൊലം വരവിന് ശേഷം നടന്ന കരിമരുന്ന് പ്രയോഗത്തില്‍ പൊട്ടിച്ച ഗുണ്ട് ഗതി മാറി വന്ന് വീഴുകയായിരുന്നു. മുകളിലേക്ക് തെറിച്ച ഗുണ്ട് കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിതിലും തുടര്‍ന്ന് നിലത്തും വീണ് പൊട്ടിച്ചിതറി. സ്ത്രീകളടക്കം നാലു പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ഫാന്‍സി ഐറ്റങ്ങള്‍ വില്‍ക്കുന്ന കടഭാഗികമായി കത്തി നശിക്കുകയും ചെയ്തു. കണ്ണിന് സാരമായി പരിക്കേറ്റ അജിത്തിനെ (28) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും, സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടിയ ശേഷം തിരികെ പോയി. ഈ സമയം ക്ഷേത്രത്തിലും പരിസരത്തുമായി ആയിരക്കണക്കിനാളുകളാണ് ഉണ്ടായിരുന്നത്. ഗുണ്ട് വീണ ഭാഗത്ത് ജനക്കൂട്ടമായി ഇല്ലാതിരുന്നതിനാലും, പരിസരത്ത് നിന്നവര്‍ ഓടി മാറിയതിനാലും വന്‍ ദുരന്തം ഒഴിവായി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രധാനക്ഷേത്രങ്ങളിലൊന്നായ കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉല്‍സവസമാപനവും കോലം വരവുമായിരുന്നു ഇന്നലെ. പത്ത് ദിവസത്തെ ഉത്സവം നടക്കുന്ന ഈ ക്ഷേത്രത്തില്‍ കിഴക്കും പടിഞ്ഞാറും രണ്ടു കരക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഉത്സവ ചടങ്ങുകളിലെ പ്രധാന ഇനങ്ങളാണ് അവസാന രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോലം വരവും വെടിക്കെട്ടും. ഉല്‍സവ പിരിവിനോടനുബന്ധിച്ച് വെടിക്കെട്ടിന് മാത്രമായി പിരിവ് നല്‍കുന്ന രീതിയും ഇവിടെയുണ്ട്. ക്ഷേത്രത്തില്‍ നിന്ന് വെറും നൂറ് മീറ്റര്‍ മാത്രം അകലെ യാതൊരു മുന്‍ കരുതലോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയിരുന്നതെന്നും, ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് കാണിച്ച് ഉല്‍സവ കമ്മിറ്റികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും കരീലക്കുളങ്ങര പൊലീസ് പറഞ്ഞു. അനുമതി ലഭിക്കാതെ വെടിക്കെട്ട് നടത്തിയതിന് ഉല്‍സവ കമ്മിറ്റിക്കെതിരെയും, വെടിക്കെട്ട് നടത്തിയ മുട്ടം സ്വദേശി മുജീബിനെതിരെയും പോലിസ് കേസെടുത്തു. മുന്‍ കാലങ്ങളിലും ഇവിടെ സമാന രീതിയിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്.

RELATED STORIES

Share it
Top