വെടക്കാക്കി തനിക്കാക്കുക എന്ന സംഘപരിവാര്‍ ശൈലി തന്നെയാണ് ഇടതുപക്ഷത്തിന്റേതും:കുഞ്ഞാലിക്കുട്ടി

മലപ്പുറം:വെടക്കാക്കി തനിക്കാക്കുക എന്ന സംഘപരിവാര്‍ ശൈലി തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷം പിന്തുടരുന്നതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.സംഘപരിവാറിനെ  ഇടത് സര്‍ക്കാര്‍ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് അധ്യാപകനെതിരായ കേസെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോ മതവിഭാഗങ്ങള്‍ക്കും വസ്ത്ര ധാരണത്തെ കുറിച്ചും ജീവിത രീതികളെക്കുറിച്ചുമൊക്കെ തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. ഇതിന് മുന്‍പും ഇത്തരം കാര്യങ്ങളില്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലൊന്നും പോലീസ് കേസെടുത്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോലീസ് ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന നീക്കങ്ങളാണ് ഉണ്ടാകുന്നത്. മത പ്രബോധകരും പ്രവര്‍ത്തകരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പോലീസിനെ ഉപയോഗിച്ച് വിരട്ടുന്ന ശൈലി ഗൗരവത്തോടെ കാണണമെന്നും ഇത്തരം വിഷയങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേരുന്ന മത നേതാക്കളുടെ യോഗത്തില്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top