വെച്ചൂര്‍ റോഡ് പുനര്‍നിര്‍മാണം: നടപടികള്‍ ആരംഭിച്ചു

കോട്ടയം: വൈക്കം  വെച്ചൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ ആരംഭിച്ചു.  ഇതിന്റെ ഭാഗമായി പഞ്ചായത്തംഗങ്ങളും ജനപ്രതിനിധികളും ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പദ്ധതിയുടെ ഭാഗമായി പുതിയ അലൈന്‍മെന്റ് പ്രകാരം രണ്ടു വശങ്ങളിലും ഏറ്റെടുക്കേണ്ടി വരുന്ന വസ്തുവകകളുടെ സര്‍വേ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പിഡബ്ല്യു ഉദ്യോഗസ്ഥര്‍, തലയാഴം, വെച്ചൂര്‍ വില്ലേജ് ഓഫിസ് അധികൃതരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും.
ഏറ്റെടുക്കേണ്ട സര്‍വേ നമ്പരുകളിലെ ആവശ്യമായ വസ്തുക്കളെ സംബന്ധിച്ച വിവരങ്ങള്‍ കലക്ടര്‍ക്ക് കൈമാറുന്നതോടെ വസ്തു ഉടമകളെ നേരില്‍ കാണുകയും നഷ്ടപരിഹാര തുക സംബന്ധിച്ച തീരുമാനത്തിലെത്തുകയും ചെയ്യും. വസ്തു ഉടമകള്‍ക്ക് ന്യായമായ നഷ്ട പരിഹാര തുക നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. വസ്തുവിലയെ സംബന്ധിച്ച് ഉടമകള്‍ക്ക് ആക്ഷേപമുള്ള പക്ഷം അത് ഉന്നയിക്കുന്നതിനുള്ള അവസരവും ഒരുക്കും. റോഡിന്റെ ആവശ്യത്തിലേക്കായി പൊളിച്ചു മാറ്റേണ്ടി വരുന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കുമ്പോള്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ചില വിട്ടുവീഴ്ചകളും അനുവദിക്കും. വൈക്കത്തെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വൈക്കം  വെച്ചൂര്‍ റോഡ് വീതി കൂട്ടി നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. ആലപ്പുഴ, കുമരകം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നു വൈക്കം വഴി കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാന റോഡാണ് വൈക്കം  വെച്ചൂര്‍ റോഡ്.
എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നു വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുമരകത്തേക്കു പോകാന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ 13 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്  വഴിയാണു പദ്ധതി നടപ്പാക്കുന്നത്. 93.72 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top