വൃദ്ധ മാതാവിനെ രാത്രിയില്‍ മക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി

അഞ്ചല്‍: വൃദ്ധ മാതാവിനെ താമസിച്ചിരുന്ന മകന്റെ വീട്ടില്‍ നിന്നും മകനും ബന്ധുക്കളും ചേര്‍ന്ന് രാത്രിയില്‍ ഇറക്കി വിട്ടതായി പരാതി. ഏറം മേപ്പള്ളി വീട്ടില്‍ ഗൗരിക്കുട്ടിയമ്മ (90)യെയാണ് മകന്‍ വീട്ടില്‍ നിന്നും ഇറക്കി സമീപത്തുള്ള കുടുംബ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ മറ്റ് മക്കളും ഗ്രാമപ്പഞ്ചായത്തംഗം ഏറം സന്തോഷും ഗൗരിക്കുട്ടിയമ്മയെ അഞ്ചല്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച് പരാതി നല്‍കിയ ശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കൈവിരല്‍ മുറിഞ്ഞ് നഖം മുറിഞ്ഞിളകിയ അവസ്ഥയിലാണ് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസമെങ്കിലുംകിടത്തി ചികില്‍സയാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആശുപത്രിയില്‍ മാതാവിനോടൊപ്പം നില്‍ക്കാന്‍ ആരും തയ്യാറാവാത്തതിനാല്‍ മക്കള്‍ ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് വാങ്ങി പോലിസ് സ്‌റ്റേഷനിലെത്തിച്ചു. പോലിസ് മക്കളെ വിളിച്ചു വരുത്തിയ ശേഷം വൃദ്ധയെ അവരോടൊപ്പം തിരിച്ചയച്ചു. മാതാവിനെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിന്മേലാണ് കേസെടുക്കാതെ വിട്ടയച്ചത്.വര്‍ഷങ്ങളായി ഗൗരിക്കുട്ടിയമ്മയെ മക്കള്‍ ഉപദ്രവിക്കുകയും, തെറിയഭിഷേകം നടത്താറുണ്ടെന്നും വൃദ്ധ മാതാവ് മാനസികമായും ശാരീരികമായും പീഡനമനുഭവിച്ചു വരികയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top